പറവൂര്‍: സംസ്ഥാനത്തെ ആദ്യ ദളിത്-ആദിവാസി മാതൃക കോളനി പറവൂരിലെ തോന്ന്യകാവില്‍ സജ്ജമായി. കോളനിയുടെ ഉദ്ഘാടനം ഈ മാസം 21ന് വൈകിട്ട് ആറിന് കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ് നിര്‍വഹിക്കും. കെ.വി.തോമസിന്റെ തന്നെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 33 ലക്ഷം രൂപയും കോളനിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. സംസ്ഥാന മുനിസിപ്പല്‍ ഫണ്ടുകള്‍ ഉപയോഗിച്ച് കോളനിയിലെ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതിയും വാട്ടര്‍ കണക്ഷനും നല്‍കിയിട്ടുണ്ട്.
വടക്കന്‍ പറവൂരിലെ തോന്ന്യകാവ് പ്രദേശത്ത് 20-ാം വാര്‍ഡില്‍ ഏകദേശം ഒന്നര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ദളിത്-ആദിവാസി വിഭാഗത്തില്‍പ്പെടുന്ന 28 ഉം മറ്റു വിഭാഗത്തില്‍പ്പെടുന്ന മൂന്ന് കുടുബവും താമസിക്കുന്ന അംബേദ്ക്കര്‍ കോളനിയാണ് മാതൃക കോളനിയായി പ്രഖ്യാപിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
ഇതിനായി എല്ലാ വീടുകളും വൈദ്യുതീകരിച്ചു. കുടിവെള്ളം, ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. ചുറ്റുമതിലുകളാല്‍ സംരക്ഷിക്കപ്പെട്ട അംബേദ്ക്കറുടെ പേരുള്ള കേരളത്തിലെ ആദ്യത്തെ ദളിത്-ആദിവാസി മാതൃക കോളനിയാണിത്. കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ് എം.പി.യുടെ ഫണ്ടായ 33 ലക്ഷം ഉപയോഗിച്ച് ചുറ്റുമതില്‍ കെട്ടി പുനര്‍ നിര്‍മ്മിച്ചത്.
മറ്റു കോളനി ജീവിതങ്ങളില്‍ നിന്നും മെച്ചപ്പെട്ട ജീവിത സാഹചര്യമാണ് അംബേദ്ക്കര്‍ കോളനിയിലെ താമസക്കാര്‍ക്ക് കൈവന്നിട്ടുള്ളത്. ഒന്നര ഏക്കറില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളോടൊപ്പം ലൈബ്രറി, അംഗന്‍വാടി, സാക്ഷരത തുടര്‍ പഠന കേന്ദ്രം എന്നിവയും പ്രവര്‍ത്തിക്കും. കോളനിക്ക് സമീപം ഹയര്‍സെക്കണ്ടറി സ്കൂള്‍, ഗവ.ആയുര്‍വേദ ആശുപത്രി, ചികില്‍സയ്ക്കുള്ള സൗകര്യങ്ങള്‍, കുട്ടികളുടെ പഠനത്തിനുള്ള സൗകര്യം തുടങ്ങി വിവിധ സൗകര്യങ്ങളുമുണ്ട് എന്നതിനാല്‍ കോളനി വാസികള്‍ക്ക് ഏറെ പ്രയോജനപ്പെടും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോളനിയിലെ വീടില്ലാതിരുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ അനുവദിച്ചു നല്‍കിയതായി വാര്‍ഡ് കൗണ്‍സിലര്‍ രമേഷ് .ഡി.കുറുപ്പ് പറഞ്ഞു. കോളനിയിലെ എല്ലാ വീടുകളിലും ഇന്ന് ഉറവിട മാലിന്യ -പൈപ്പ് കംബോസ്റ്റ് സംവിധാനവും ഉണ്ട്. രണ്ടര മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് കാന കെട്ടിയ റോഡുകളും പണിത് നല്‍കിയതായി അദ്ദേഹം പറഞ്ഞു. കോളനിയില്‍ എസ്.എസ്.എല്‍.സി പാസ്സായ 30 വിദ്യാര്‍ഥികള്‍, ബിരുദതല പഠിതാക്കളായി 10 വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കാരായി മൂന്ന് പേരും ഉണ്ട്.
ചടങ്ങില്‍ വി.ഡി.സതീശന് എം.എല്‍.എ. അദ്ധ്യക്ഷനായിരിക്കും. കെ.പി.ധനപാലന് എം.പി.മുഖ്യതിഥി ആയാകും. പറവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വല്‍സല പ്രസന്നകുമാര്‍, വൈസ് ചെയര്മാന് കെ.എസ്.ഷാഹുല്‍ഹമീദ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്.ഗിരിജ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: