പൂനെ: അമിത് മിശ്രയുടെ മാന്ത്രിക സ്പിന്നിന് മുന്നില്‍ പൂനെ വാരിയേഴ്സിന് ദയനീയ പരാജയം. ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ അഞ്ച് പന്തുകള്‍ക്കിടെ നാല് വിക്കറ്റ് പിഴുതാണ് അമിത് മിശ്ര സണ്‍റൈസേഴ്സിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 11 റണ്‍സിനാണ് സണ്‍റൈസേഴ്സ് വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടി. 37 റണ്‍സെടുത്ത സാമന്തറായും 30 റണ്‍സെടുത്ത അമിത് മിശ്രയും 19 റണ്‍സ് നേടി പുറത്താകാതെ നിന്ന ആശിഷ് റെഡ്ഡിയുമാണ് സണ്‍റൈസേഴ്സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. പാര്‍ത്ഥിവ് പട്ടേല്‍ 12 റണ്‍സെടുത്തു. ഒരുഘട്ടത്തില്‍ നാലിന് 17 എന്ന നിലയില്‍ നിന്ന് കരകയറിയാണ് സണ്‍റൈസേഴ്സ് 119 റണ്‍സെടുത്തത്. ഭുവനേശ്വര്‍ കുമാറിന്റെ പേസ് ബൗളിംഗിന് മുന്നിലാണ് സണ്‍റൈസേഴ്സ് മുന്‍നിര തകര്‍ന്നടിഞ്ഞത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ 19 ഓവറില്‍ 108 റണ്‍സിന് ഓള് ഔട്ടായി. 19-ാം ഒാവറിലെ രണ്ടാം പന്തില്‍ ആഞ്ചലോ മാത്യൂസിനെ പുറത്താക്കിയ അമിത് മിശ്ര ഒരു പന്തിന്റെ ഇടവേളക്കുശേഷം അടുത്തടുത്ത പന്തുകളില്‍ ഭുവനേശ്വര്‍കുമാറിനെയും രാഹുല്‍ ശര്‍മ്മയെയും ദിന്‍ഡയെയും പുറത്താക്കിയാണ് സണ്‍റൈസേഴ്സിന് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ അഞ്ചിന് 101 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ പൂനെയുടെ എല്ലാവരും പുറത്തായത്. പൂനെക്ക് വേണ്ടി ഉത്തപ്പ (22), ഫിഞ്ച് (16), സുമന് (12), സ്മിത്ത് (17), മാത്യൂസ് (20), മിച്ചല്‍ മാര്‍ഷ് (14)}എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. ബാറ്റിംഗിലും ഗംഭീര പ്രകടനം നടത്തിയ സണ്‍റൈസേഴ്സിന്റെ അമിത് മിശ്രയാണ് മാന്‍ ഓഫ് ദി മാച്ച്. തിസര പെരേര മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ കാമറൂണ്‍ വൈറ്റ് ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ഈ തീരുമാനം തെറ്റാണെന്ന് തെളിയാന്‍ അധികനേരം വേണ്ടിവന്നില്ല. ഭുവനേശ്വര്‍കുമാറിന്റെ തീപന്തുകള്‍ക്ക് മുന്നില്‍ സണ്‍റൈസേഴ്സ് തകര്‍ന്നു. ഡികോക്കിനെ (2) അശോക് ദിന്‍ഡയും വിഹാരി (1), കാമറൂണ്‍ വൈറ്റ് (0), പാര്‍ത്ഥിവ് പട്ടേല്‍ (12) എന്നിവരെ ഭുവനേശ്വര്‍ കുമാര്‍ മടക്കിയതോടെ സണ്‍റൈസേഴ്സ് നാലിന് 17 എന്ന നിലയില്‍ തകര്‍ന്നു. പാര്‍ത്ഥിവ് പട്ടേലിനെയും കാമറൂണ്‍ വൈറ്റിനെയും ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കിയപ്പോള്‍ വിഹാരിയെ ഭുവനേശ്വറിന്റെ പന്തില്‍ ഫിഞ്ച് പിടികൂടി. ഡി കോക്കിനെ ദിന്‍ഡയുടെ പന്തില്‍ മാര്‍ഷാണ് പിടികൂടിയത്.
പിന്നീട് സാമന്തറായും കരണ്‍ ശര്‍മ്മയും ഒത്തുചേര്‍ന്നതോടെ സണ്‍റൈസേഴ്സ് തകര്‍ച്ചയില്‍ നിന്ന് കരകയറുമെന്ന് തോന്നിച്ചെങ്കിലും സ്കോര്‍ ബോര്‍ഡില്‍ 41 റണ്‍സായപ്പോള്‍ അഞ്ചാം വിക്കറ്റും നഷ്ടമായി. 13 പന്തുകളില്‍ നിന്ന് 7 റണ്‍സെടുത്ത കരണ്‍ ശര്‍മ്മയെ രാഹുല്‍ ശര്‍മ്മ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും ഹൈദരാബാദ് സണ്‍റൈസേഴ്സിന് നഷ്ടമായി. നാല് പന്തുകളില്‍ നിന്ന് രണ്ട് റണ്‍സെടുത്ത തിസര പെരേരയെ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റോബിന് ഉത്തപ്പ പിടികൂടി. പിന്നീട് സാമന്തറായിയും അമിത് മിശ്രയും ചേര്‍ന്ന് സണ്‍റൈസേഴ്സിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ 15-ാം ഓവറിലെ അവസാന പന്തില്‍ സ്കോര്‍ 75-ല്‍ എത്തിയപ്പോള്‍ 37 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്സറുമടക്കം 37 റണ്‍സെടുത്ത സാമന്തറായിയും മടങ്ങി. രാഹുല്‍ ശര്‍മ്മയുടെ പന്തില്‍ മനീഷ് പാണ്ഡെക്ക് ക്യാച്ച് നല്‍കിയാണ് സാമന്തറായ് മടങ്ങിയത്. ഇതോടെ സണ്‍റൈസേഴ്സ് 100 കടക്കില്ലെന്ന് തോന്നിച്ചെങ്കിലും അമിത് മിശ്രയും ആശിഷ് റെഡ്ഡിയും ചേര്‍ന്ന് നേടിയ 40 റണ്‍സിന്റെ കൂട്ടുകെട്ട് സണ്‍റൈസേഴ്സിനെ മൂന്നക്കം കടക്കാന്‍ സഹായിച്ചു. അവസാന ഓവറിലെ അഞ്ചാം പന്തില്‍ 24 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 30 റണ്‍സെടുത്ത അമിത് മിശ്ര റണ്ണൗട്ടായി മടങ്ങി.
അവസാന പന്ത് നേരിട്ട സ്റ്റെയിന് ബൗണ്ടറിയിടിച്ചതോടെ സണ്‍റൈസേഴ്സ് സ്കോര്‍ 119-ല്‍ എത്തി. 15 പന്തില്‍ നിന്ന് ഒരു സിക്സറടക്കം 19 റണ്‍സ് നേടിയ ആശിഷ് റെഡ്ഡി പുറത്താകാതെ നിന്നു. പൂനെക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും രാഹുല്‍ ശര്‍മ്മ 21 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: