ബംഗളൂരു: ആവേശം സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് നാടകീയ ജയം. ഇരുടീമുകളും 20 ഓവറില്‍ 152 റണ്‍സ് വീതമെടുത്തതിനെത്തുടര്ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്യാനെത്തിയ ബാംഗ്ലൂരിന് വേണ്ടി ക്രീസിലെത്തിയത് കുറ്റനടികള്‍ക്ക് പേരുകേട്ട ക്രിസ് ഗെയിലും എ.ബി. ഡിവില്ലിയേഴ്സും. ഉമേഷ് യാദവ് എറിഞ്ഞ ആദ്യ മൂന്നുപന്തുകളില്‍ നിന്ന് ഒാരോ സിംഗിള്‍. നാലാം പന്തില്‍ റണ്ണില്ല. ഒടുവില്‍ അവസാന രണ്ടു പന്തുകള്‍ അതിര്‍ത്തിക്ക് മുകളിലൂടെ ഗ്യാലറിയിലേക്ക് പറത്തിയ എ.ബി. ഡിവില്ലിയേഴ്സിന്റെ വക രണ്ട് പടുകൂറ്റന്‍ സിക്സറുകള്‍. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നേടിയത് 15 റണ്‍സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് വേണ്ടി ക്രീസിലെത്തിയത് ഡേവിഡ് വാര്‍ണറും ബെന്‍ റോററും. രവി രാംപാല്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണര്‍ ക്രിസ് ഗെയിലിന് പിടികൊടുത്ത് മടങ്ങി. പിന്നീടെത്തിയ ഇര്ഫാന് പഠാന് രണ്ടാം പന്ത് അതിര്‍ത്തി കടത്തി പ്രതീക്ഷ കാത്തു. എന്നാല്‍ മൂന്നാം പന്തില്‍ റണ്‍ നേടാന്‍ പഠാന് കഴിഞ്ഞില്ല. നാലാം പന്ത് സിക്സറിന് പറത്തി പഠാന് വീണ്ടും ദല്‍ഹിക്ക് പ്രതീക്ഷ നല്കി. അഞ്ചാം പന്തില്‍ ഒരു റണ്‍ എടുക്കാനെ പഠാന് കഴിഞ്ഞുള്ളു. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ രവി രാംപാല്‍ റോററെ ക്ലീന്‍ ബൗള്‍ ചെയ്ത് ബാംഗ്ലൂരിന് അവിശ്വസനീയ ജയം സമ്മാനിച്ചു.
സ്കോര്‍: ദല്‍ഹി ഡെയര്‍ ഡെവിള്‍സ്: 20 ഓവറില്‍ 152/5, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 152/7. സൂപ്പര്‍ ഓവറില്‍ ബാംഗ്ലൂര്‍ 15, ദല്‍ഹി 11/2. സീസണിലെ ദല്‍ഹിയുടെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്. ആറ് മത്സരങ്ങളില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സിന്റെ നാലാം വിജയവും. ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ഡെയര്‍ ഡെവിള്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായിറങ്ങിയ ഡേവിഡ് വാര്‍ണറും വീരേണ്ടര്‍ സെവാഗും താളം കണ്ടെത്തുമെന്നു തോന്നിച്ചെങ്കിലും ആറാം ഓവറില്‍ വിനയ് കുമാറിന്റെ പന്തില്‍ ക്യാച്ച് നല്കി വാര്‍ണര്‍ (15) പുറത്തായി. നാലു ഫോറുകളുടെ അകമ്പടിയോടെ സെവാഗ് (25) മികച്ച തുടക്കമിട്ടെങ്കിലും തൊട്ടടുത്ത ഓവറില്‍ മക്ഡൊണാള്‍ഡിന്റെ പന്തില്‍ കോലിക്കു ക്യാച്ച് നല്കി സെവാഗും പവലിയനിലേക്കു മടങ്ങിയതോടെ ദല്‍ഹിയുടെ സ്കോറിംഗിന് വേഗത കുറഞ്ഞു.
പിന്നീടുവന്ന ജുനേജയും ക്യാപ്റ്റന്‍ ജയവര്‍ധനെയും ചേര്‍ന്ന് ഇന്നിംഗ്സ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 73-ല്‍ നില്‍ക്കെ 17 റണ്‍സെടുത്ത ജുനേജയും മടങ്ങി. സ്കോര്‍ 91-ല്‍ എത്തിയപ്പോള്‍ 14 പന്തില്‍ നിന്ന് 14 റണ്‍സെടുത്ത ബെന്‍ റോററും മടങ്ങി. 18-ാം ഓവറിലെ അവസാന പന്തില്‍ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജയവര്‍ദ്ധനെ റണ്ണൗട്ടായി. അവസാന രണ്ട് ഓവറുകളില്‍ കേദാര്‍ ജാദവും ഇര്ഫാന് പഠാനും ചേര്‍ന്ന് നേടിയ 30 റണ്‍സാണ് ദല്‍ഹിയെ മാന്യമായ സ്കോറിലെത്തിച്ചത്. കേദാര്‍ ജാദവ് 16 പന്തില്‍ രണ്ടു ഫോറും ഒരു സിക്സുമടക്കം 29 റണ്‍സും ഇര്ഫാന് പഠാന് എട്ട്പന്തില്‍ നിന്ന് രണ്ടു ഫോറും ഒരു സിക്സും ഉള്‍പ്പെടെ 19ഉം റണ്‍സെടുത്തു. ബാംഗ്ലൂരിന് വേണ്ടി ജയദേവ് ഉനദ്കത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സ്കോര്‍ 20-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത ഓപ്പണര്‍ ലോകേഷ് രാഹുലിനെ നഷ്ടമായി. പതിവു വെടിക്കെട്ട് ബാറ്റിങ് തുടങ്ങിവെച്ച ഗെയിലിന്റെ ഇന്നിംഗ്സും അധികം നീണ്ടില്ല. സ്കോര്‍ 26ല്‍ നില്‍ക്കെ, മോര്‍ക്കലിന്റെ പന്തില്‍ ഉമേഷ് യാദവിന് ക്യാച്ച് നല്കി ഒമ്പത് പന്തില്‍ നിന്ന് രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 13 റണ്‍സെടുത്ത ഗെയില്‍ മടങ്ങി. പിന്നീട് ക്യാപ്റ്റന്‍ വിരാട് കോലിയും എ.ബി. ഡി വില്ലിയേഴ്സും ചേര്‍ന്ന് റോയല്‍ ചലഞ്ചേഴ്സിനെ അനായാസം വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചതാണ്. എന്നാല്‍ സ്കോര്‍ 129-ല്‍ നില്‍ക്കെ ഡിവില്ലിയേഴ്സ് വീണു. 32 പന്തില്‍ ഒരു സിക്സും മൂന്നു ഫോറും അടക്കം 39 റണ്‍സ് നേടിയ ഡിവില്ലിയേഴ്സ് റണ്ണൗട്ടാവുകയായിരുന്നു.
ഡിവില്ലിയേഴ്സിനു പിന്നാലെ നാല് വിക്കറ്റുകള്‍ തുടരെത്തുടരെ വീണത് റോയല്‍ ചലഞ്ചേഴ്സിന്റെ വിജയത്തിന് വിലങ്ങുതടിയായി. സ്കോര്‍ 129-ല്‍ തന്നെ മക്ഡോണാള്‍ഡും റണ്ണൊന്നുമെടുക്കാതെ മടങ്ങി. പിന്നീട് അരുണ്‍ കാര്‍ത്തിക് (5), സയിദ് മുഹമ്മദ് (1), ക്യാപ്റ്റന്‍ കോഹ്ലി (50 പന്തില്‍ നിന്ന് 65) എന്നിവരും മടങ്ങിയതോടെ രണ്ടിന് 128 എന്ന ശക്തമായ നിലയില്‍ നിന്ന് 7ന് 138 എന്ന നിലയിലേക്ക് ബാംഗ്ലൂര്‍ തകര്‍ന്നു.
പഠാന് എറിഞ്ഞ അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആദ്യപന്ത് ഡീപ് എക്സ്ട്രാകവറിന് മുകളിലൂടെ രാംപാല്‍ സിക്സറിന് പറത്തി. അവസാന രണ്ടു പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണ്ടിയിരിക്കെ അഞ്ചാം പന്തില്‍ റണ്ണെടുക്കാന്‍ രാംപാലിനായില്ല. അവസാന പന്തില്‍ ബൈ റണ്‍സ് നേടിയാണ് ബാംഗ്ലൂര്‍ സ്കോര്‍ ടൈ ആക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: