അങ്കമാലി: അങ്കമാലി ഫയര്‍ സ്റ്റേഷന് അപായങ്ങളോ ആപത്തോ വരുരുതെ എന്ന പ്രാര്‍ത്ഥനയോടുകൂടിയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ആവശ്യത്തിന് ജീവനക്കാരോ, വാഹനങ്ങളോ, ഉപകരണങ്ങളോ ഇല്ലാത്തതിനാലാണ് ഇങ്ങനെ പ്രാര്‍ത്ഥിക്കേണ്ടിവരുന്നത്.
24 ഫയര്മാന് വേണ്ട സ്റ്റേഷനില്‍ 4 ഫയര്മാന്മാര് മാത്രമാണ് ഉള്ളത്. 7 ഡ്രൈവര്‍മാര്‍ വേണ്ടിടത്ത് ഒരു താല്‍ക്കാലിക ഡ്രൈവര്‍ ഉള്‍പ്പെടെ 5 പേര്‍മാത്രമാണ് ഉള്ളതെങ്കില്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ തസ്തികയില്‍ ഉദ്യോഗസ്ഥന് ഇല്ലാത്തതും ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നുണ്ട്. ലീഡിംഗ് ഫയര്മാന് തസ്തികയില്‍ 4 പേര് വേണ്ടിടത്ത് 3 പേരാണുള്ളത്. ഇതിലൊരാള്‍ വര്‍ക്ക് അറേജ്മെന്റിന്റെ പേരില്‍ വേറെ ഓഫീസില്‍ ജോലി ചെയ്യുകയാണ്.
എറണാകുളം ജില്ലയില്‍ ഏറെ പാറമടകളുള്ള അങ്കമാലി പ്രദേശത്ത് വെള്ളം നിറഞ്ഞുകിടക്കുന്ന പാറമടകളിലും ഏഴാറ്റുമുഖത്തും പാറക്കടവ് ഭാഗത്തുള്ള ചാലക്കുടി പുഴയാറിലും കാലടി മലയാറ്റൂര്‍ ഭാഗത്തുള്ള പെരിയാറിലും നടക്കുന്ന മുങ്ങിമരണങ്ങളിലും ദേശിയപാതയോരത്ത് നടക്കുന്ന അപകടങ്ങളിലും കടകളിലും മറ്റും നടക്കുന്ന തീപിടുത്തങ്ങളും നടക്കുന്ന അങ്കമാലി പ്രദേശത്ത് രക്ഷയ്ക്കായി എത്തുന്ന അങ്കമാലി ഫയര്‍ഫോഴ്സില്‍ എമര്‍ജന്‍സി റസ്ക്യൂ വാഹനവും എയര്‍ക്രഷ് ടെന്‍ഡറും 4000 ലിറ്റര്‍ വെള്ളംകൊള്ളുന്ന വാട്ടര്‍ ലോറിയും ആംബുലന്‍സും ഓരോന്നുമാത്രമാണ് ഉള്ളത്.
ആവശ്യത്തിന് വാഹനങ്ങളും മറ്റു ഉപകരണങ്ങളും ഇല്ലാത്തതുമൂലം മുങ്ങിമരണ പ്രദേശങ്ങളില്‍ ചെല്ലുമ്പോഴും, തീപിടിത്തമുണ്ടാകുമ്പോഴും നാട്ടുകാരുമായി തര്‍ക്കമുണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പാറമടകളില്‍ മറ്റും മുങ്ങിമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഫയര്‍ഫോഴ്സ് എത്തിയാല്‍ സ്ക്രൊാസ്റ്റ് അടക്കമുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതുമൂലം മൃതദേഹങ്ങള്‍ പലപ്പോഴും സമയത്തിന് എടുക്കുവാന്‍ പറ്റാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. കഴിഞ്ഞ ദിവസം മാമ്പ്രയിലെ പാറമടയില്‍ മുങ്ങിമരണം ഉണ്ടായപ്പോള്‍ മുങ്ങല്‍ വിദഗ്ധര്‍ ഉണ്ടായിട്ടും ഉപകരണങ്ങള്‍ ഇല്ലാത്തതുമൂലം അന്നുതന്നെ മൃതദേഹം എടുക്കുവാന്‍ കഴിഞ്ഞില്ല. പിറ്റേദിവസം എറണാകുളത്ത്നിന്നും മുങ്ങല്‍വിദഗ്ദര്‍ ഉപകരണങ്ങളുമായെത്തിയാണ് മൃതദേഹം എടുത്തത്. ഇത് ഏറെ പ്രശ്നം ഉണ്ടാക്കിയിരുന്നു.
അങ്കമാലിയിലും പരിസരപ്രദേശങ്ങളിലും തീപിടുത്തങ്ങളോ, അപകടങ്ങളോ, മുങ്ങിമരണമോ ഉണ്ടായാല്‍ ചാലക്കുടി, പെരുമ്പാവൂര്‍, ആലുവ, എറണാകുളം ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും വാഹനങ്ങള്‍ വന്നാല്‍ മാത്രമെ പൂര്‍ണ്ണമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുകയുള്ളു. അതുപോലെ തന്നെ രാത്രികാലങ്ങളില്‍ അപകടങ്ങളോ തീപിടുത്തമോ ഉണ്ടായാല്‍ പരിസരം പൂര്‍ണ്ണമായി കണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാവശ്യമായ വെളിച്ചമോ, വെള്ളം നിറയ്ക്കുന്നതിന് ആവശ്യമായ ഹൈഡ്രെന്റുകളോ അങ്കമാലി ഫയര്‍ സ്റ്റേഷനില്‍ ഇല്ല. ആയിരം വാട്ടില്‍ അധികം വെളിച്ചം കിട്ടുന്നു ആസ്കാ ലൈറ്റ് അങ്കമാലി ഫയര്‍ഫോഴ്സില്‍ ഉണ്ടായാല്‍ രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളിലും തീപിടുത്തങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാകും.
അങ്കമാലിയില്‍ ഫയര്‍ എഞ്ചിനുകളില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള ഹൈഡ്രെന്റുകള്‍ ഇല്ലാത്തതാണ് അഗ്നിശമന സേനയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന മറ്റൊരു കാരണം. തീപിടുത്തം ഉണ്ടാകുമ്പോള്‍ ഫയര്‍ എഞ്ചിനുകളില്‍ വെള്ളം നിറയ്ക്കുന്നതിന് നെട്ടോട്ടം ഓടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച അങ്കമാലി എംസി റോഡിലെ ഒരു കടയില്‍ ഉണ്ടായ തീപിടുത്തം തീ അണയ്ക്കുവാന്‍ വേണ്ട വെള്ളം നിറയ്ക്കുവാന്‍ അങ്കമാലി ഫയര്‍ ഫോഴ്സ് നന്നേ വിഷമിച്ചു. ഒടുവില്‍ പെരുമ്പാവൂര്‍, ആലുവ, ചാലക്കുടി എന്നിവിടങ്ങളില്‍നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് പൂര്‍ണ്ണമായും തീകെടുത്തിയത്. ആകെയുള്ള ഒരു ലോറിയില്‍ വെള്ളം തീരുമ്പോള്‍ ഫയര്സ്റ്റേഷന് സമീപമുള്ള ഹൈഡ്രെന്റില്‍ എത്തി വെള്ളം നിറച്ച് വേണം തീ കെടുത്തുവാന്‍. ഇത് അപകടത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുവാന്‍ മാത്രമെ സഹായിക്കുകയുള്ളു.
അങ്കമാലി നഗരസഭ പ്രദേശത്തെ വിവിധ സ്ഥലങ്ങളിലായി പത്ത് ഹൈഡ്രെന്റുകളെങ്കിലും സ്ഥാപിക്കണമെന്ന അങ്കമാലി ഫയര്‍ സ്റ്റേഷന്റെ ആവശ്യത്തിന് കാല് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ഏത് സമയത്തും ജലത്തിന്റെ ലഭ്യത ഉറപ്പാക്കുവാന്‍ ജലഅതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനുകളിലാണ് ഇത് സ്ഥാപിക്കേണ്ടത്. ഇതിന് ആവശ്യമായ തുക നഗരസഭയാണ് നല്‍കേണ്ടത്. ബഡ്ജറ്റ് പോലും പാസ്സാക്കാന്‍ കഴിയാത്ത നഗരസഭയ്ക്ക് ഈ ആവശ്യത്തിന് തുക അനുവദിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള ഹൈഡ്രെന്റില്‍ രാവിലെ മാത്രമെ വെള്ളം ലഭിക്കുകയുള്ളു. ഇതുകാരണം രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന തീപിടുത്ത സ്ഥലങ്ങളില്‍ എത്തുന്ന ഫയര്‍ഫോഴ്സ് വെള്ളമില്ലാത തിരിച്ചുപോരുന്നത് നാട്ടുകാരുമായി സംഘര്‍ഷത്തിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: