മൊഹാലി: കുട്ടിക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും നിറഞ്ഞുനിന്ന മത്സരത്തിനൊടുവില്‍ വിജയം ഗില്ലിയുടെ കിംഗ്സ് ഇലവന് പഞ്ചാബിന്. അവസാനപന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ നാല് റണ്‍സിനാണ് കിംഗ്സ് ഇലവന് പഞ്ചാബ് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കൊല്‍ക്കത്തയുടെ സ്പിന്നര്‍ സുനില്‍ നരേയ്ന് ഈ സീസണിലെ ആദ്യ ഹാട്രിക്കിനും ഉടമയായി. 14.4-ാം ഓവറില്‍ ഡേവിഡ് ഹസ്സിയെയും തൊട്ടടുത്ത പന്തുകളില്‍ അസര്‍ മഹമൂദിനെയും ഗുര്‍കീരത്ത് സിംഗിനെയും പുറത്താക്കിയാണ് നരേയ്ന് ഈ സീസണിലെ ആദ്യ ഹാട്രിക്കിന് അവകാശിയായത്.
41 റണ്‍സെടുത്ത മന്ദീപ് സിംഗിന്റെയും 42 റണ്‍സെടുത്ത മന്‍പ്രീത് ഗോണിയുടെയും മികച്ച ഇന്നിംഗ്സാണ് പഞ്ചാബ് കിംഗ്സ് ഇലവന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മില്‍നര്‍ 20 റണ്‍സും മനന്‍ വോറ 17 റണ്‍സും നേടി.
158 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍സ് മാത്രം നില്‍ക്കെ ഓപ്പണര്‍ ബിസ്ലയെയും (0), കല്ലിസിനെയും (1) നഷ്ടപ്പെട്ട കൊല്‍ക്കത്തയെ ഗംഭീറും മോര്‍ഗനും ചേര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന് സ്കോര്‍ 13.1 ഓവറില്‍ 106ലെത്തിച്ചു. ഇതേ സ്കോറില്‍ വച്ച് 60 റണ്‍സെടുത്ത ഗംഭീര്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ ശനിദശയും ആരംഭിച്ചു. സ്കോര്‍ 116-ല്‍ എത്തിയപ്പോള്‍ 47 റണ്‍സെടുത്ത മോര്‍ഗനും മടങ്ങി. പിന്നീട് ക്രീസിലെത്തിയവര്‍ ബാറ്റിംഗിന്റെ ബാലപാഠം പോലും മറന്നതോടെ കൊല്‍ക്കത്തയുടെ തകര്‍ച്ചയും പൂര്‍ണമായി. ഗംഭീറിനും മോര്‍ഗനും പുറമെ യൂസഫ് പഠാനും (13), രജത് ഭാട്ടിയയും (16) മാത്രമാണ് രണ്ടക്കം കടന്നത്. അവസാന ഓവറില്‍ യൂസഫ് പഠാനെയും സേനാനായകയ്ം പുറത്താക്കിയ പ്രവീണ്‍കുമാറാണ് കൊല്‍ക്കത്തയുടെ പരാജയം ഉറപ്പാക്കിയത്. കിംഗ്സ് ഇലവന് വേണ്ടി അസര്‍ മഹമൂദ് മൂന്നും പ്രവീണ്‍ കുമാറും അവാനയും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ കിംഗ്സ് ഇലവനെ ബാറ്റിങ്ങിനയച്ചു. സ്കോര്‍ 24-ല്‍ എത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഗില്‍ക്രിസ്റ്റിന് കിംഗ്സ് ഇലവന് നഷ്ടമായി. ഏഴ് റണ്‍സെടുത്ത ഗില്‍ക്രിസ്റ്റിന് സചിത്ര സേനാനായകെ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് മനന്‍ വോറയും മന്ദീപ് സിംഗും ചേര്‍ന്ന് സ്കോര്‍ 8.4 ഓവറില്‍ 61-ല്‍ എത്തിച്ചു. 17 റണ്‍സെടുത്ത വോറയെ ബാലാജി സ്വന്തം പന്തില്‍ പിടികൂടിയതോടെ ഇൗ കൂട്ടുകെട്ട് പിരിഞ്ഞു. 10.1 ഓവറില്‍ സ്കോര്‍ 70-ല്‍ എത്തിയപ്പോള്‍ 41 റണ്‍സെടുത്ത മന്ദീപ് സിംഗും പുറത്തായി. 30 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളടക്കം 41 റണ്‍സെടുത്ത മന്ദീപ് സിംഗിനെ കല്ലിസിന്റെ പന്തില്‍ ബിസ്ല പിടികൂടി.
തുടര്‍ന്നെത്തിയ ഡേവിഡ് ഹസ്സിക്കും കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. 14.4 ഓവറില്‍ സ്കോര്‍ 99-ല്‍ എത്തിയപ്പോള്‍ ഹസ്സി മടങ്ങി. 12 റണ്‍സെടുത്ത ഹസ്സിയെ നരേയ്ന്റെ പന്തില്‍ ബിസ്ല പിടികൂടി. തൊട്ടടുത്ത രണ്ട് പന്തുകളില്‍ അസര്‍ മഹമൂദിനെയും ഗുര്‍കീരത്ത് സിംഗിനെയും മടക്കി വിന്‍ഡീസ് സ്പിന്നര്‍ നരേയ്ന് ഈ സീസണിലെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കി. മഹമൂദിനെ സ്വന്തം പന്തില്‍ പിടികൂടിയപ്പേദള് ഗുര്‍കീരത്തിനെ നരേയ്ന് ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ പഞ്ചാബ് കിംഗ്സ് ഇലവന് 6ന് 99 എന്ന നിലയിലേക്ക് തകര്‍ന്നു. അധികം വൈകാതെ മില്നറെയും നഷ്ടപ്പെട്ടതോടെ 7ന് 109 എന്ന നിലയിലായി. പിന്നീട് എം.എസ്. ഗോണിയുടെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബ് കിംഗ്സ് ഇലവന് മാന്യമായ സ്കോര്‍ നേടിക്കൊടുത്തത്. 19.1 ഓവറില്‍ സ്കോര്‍ 150-ല്‍ എത്തിച്ചശേഷമാണ് മന്‍പ്രീത് ഗോണി മടങ്ങിയത്. 18 പന്തുകള്‍ നേരിട്ട ഗോണി 4 ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം 42 റണ്‍സ് നേടി ടീമിന്റെ ടോപ് സ്കോററായാണ് പുറത്തായത്. കല്ലിസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് ഗോണി പവലിയനിലേക്ക് മടങ്ങിയത്. രണ്ട് പന്തുകളുടെ ഇടവേളക്ക് ശേഷം ഒരു റണ്‍സെടുത്ത പ്രവീണ്‍കുമാറിനെയും കല്ലിസ് മടക്കി. കൊല്‍ക്കത്തക്ക് വേണ്ടി കല്ലിസും നരേയ്നും മൂന്ന് വിക്കറ്റുകള്‍ വീതവും സേനാനായകെ രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: