ന്യൂദല്‍ഹി: ട്രാഫിക് ചെല്ലാനുകള്‍ അടയ്ക്കുന്നതിന് രാജ്യവ്യാപകമായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇക്കാര്യം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്. കോടതിയ്ക്ക് പുറത്ത് വച്ച് ചെല്ലാന്‍ കേസുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും.
പ്രധാന മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര നിയമ മന്ത്രാലയമാണ്, ട്രാഫിക് ചെല്ലാനുകള്‍ ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് റോഡ് ഗതാഗത മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടത്. ഈ സംവിധാനം നടപ്പാക്കുന്നതിന് ദല്‍ഹി സര്‍ക്കാര്‍ രണ്ട് തവണ സമയ പരിധി നല്‍കിയിരുന്നു-ജനുവരി ഒന്നിനും, മാര്‍ച്ച് 31 നും. എന്നാല്‍ ഈ സംവിധാനം പൂര്‍ണമായി നടപ്പാക്കുന്നതില്‍ ദല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടു. ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, ഛണ്ഡീഗഡ്, ജലാന്തര്‍, ഷിംല എന്നിവിടങ്ങളില്‍ ഈ സംവിധാനം നടപ്പാക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കോടതികളില്‍ ട്രാഫിക് ചെല്ലാനുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്.എച്ച്.കപാഡിയയാണ് 2010 ല്‍ ഈ വിഷയത്തില്‍ പധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ചത്.
3.20 കോടി കേസുകളാണ് കോടതിയില്‍ കെട്ടിക്കിടക്കുന്നത്. ഗതാഗത നിയമ ലംഘന കേസുകള്‍ കോടതിയ്ക്ക് പുറത്ത് പരിഗണിക്കുമ്പോള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് നിയമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു. ചീഫ് ജസ്റ്റിസുമാരുടേയും സംസ്ഥാന മുഖ്യമന്ത്രിമാരുടേയും യോഗത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ ഈ വിഷയം ഉയര്‍ത്തിക്കാട്ടിയിരുന്നു. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം കേസുകള്‍ കെട്ടിക്കിടക്കാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ് ഇവര്‍ മുന്നോട്ട് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: