കൊച്ചി: ജലമാര്‍ഗമുള്ള ഗതാഗതം വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. കോസ്റ്റല്‍ ഷിപ്പിങ് പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജലമാര്‍ഗമുള്ള ചരക്കുകടത്ത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ രംഗത്തുള്ളവര്‍ക്ക് ഇന്‍സന്റീവ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പനങ്ങാട് ഫിഷറീസ് സര്‍വ്വകലാശാല ക്യാമ്പസില്‍ ആരംഭിച്ച കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആന്റ് അഡ്വാന്‍സ്ഡ് സറ്റഡീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോവളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജലപാത വികസപ്പിക്കുന്നതിനുള്ള നടപടികള്‍ ധ്രുതഗതിയില്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി കൊല്ലം-കോട്ടപ്പുറം പാതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമാകും. ജലഗതാഗത വികസനത്തിന്റെ ഭാഗമായി നീക്കംചെയ്യപ്പെടുന്ന ഊന്നി/ചീന വലകള്‍ക്ക് രണ്ടു ലക്ഷത്തില്‍ കുറയാത്ത സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്കാനുദ്ദേശിക്കുന്നത്. ലൈസന്‍സില്ലാത്ത ചീന വലകള്‍ക്ക് ഒരു ലക്ഷത്തില്‍ കുറയാത്ത സഹായവും ലഭ്യമാക്കും. ഇതിനുള്ള പ്രാരംഭ ചര്‍ച്ച നടന്നു കഴിഞ്ഞു. വിഴിഞ്ഞം, കൊല്ലം, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുടങ്ങിയ പോര്‍ട്ടുകളില്‍ ജലമാര്‍ഗമുള്ള ചരക്കുകടത്തിനുള്ള നടപടികള്‍ ആരംഭിച്ചു. വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് അഷ്ടമുടി, ആലപ്പുഴ, കുമരകം, ബോള്‍ഗാട്ടി, ബേക്കല്‍ എന്നീ സ്ഥലങ്ങളില്‍ ആരംഭിക്കുന്ന സീ-പ്ലെയിന്‍ പദ്ധതിക്കായുള്ള ഹൈഡ്രോഗ്രാഫിക്ക് സര്‍വേ പൂര്‍ത്തിയായതായും മന്ത്രി കെ.ബാബു കൂട്ടിച്ചേര്‍ത്തു.
ജലമാര്‍ഗമുള്ള ഗതാഗതം കൂടുതല്‍ വ്യാപിപ്പിക്കണമെങ്കില്‍ കൂടുതലായി ജലപര്യവേക്ഷണം നടക്കേണ്ടതുണ്ട്. അതു കൊണ്ട് തന്നെ ഹൈഡ്രോഗ്രാഫിക്ക് സര്‍വേയുടെ പ്രാധാന്യവും വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യയ്ക്കകത്തും പുറത്തും ഹൈഡ്രോഗ്രാഫിക്ക് സര്‍വേയുമായി ബന്ധപ്പെട്ടുള്ള വിദഗ്ദരുടെ അഭാവം കണക്കിലെടുത്താണ് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആന്റ് അഡ്വാന്‍സ്ഡ് സറ്റഡീസ് സെന്റര്‍ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജലാശങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കാത്തതിനാല്‍ അവയെല്ലാം നമുക്ക് നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. ഇത് മറികടക്കാന്‍ മികച്ച ശാസ്ത്രജ്ഞരേയും ഈ മേഖലയുള്ള വിദഗ്ദരേയും വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ഡൊമിനിക്ക് പ്രസന്റേഷന് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എല്‍.എമാരായ ഹൈബി ഈഡന്, ലൂഡി ലൂയിസ്, ഫിഷറീസ് സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സലര്‍ മോഹന്‍ കുമാര്‍, മരട് നഗരസഭ അധ്യക്ഷന്‍ അഡ്വ.പി.കെ.ദേവരാജന്‍, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.സുധര്മ്മാംബിക ടീച്ചര്‍, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് എ.ജെ.ജോസഫ് മാസ്റ്റര്‍, ജില്ല പഞ്ചായത്ത് മെംബര്‍ കെ.ജെ.ലീനസ്, ചീഫ് ഹൈഡ്രോഗ്രാഫര്‍ എ.പി.സുരേന്ദ്രന്, ഡെപ്യൂട്ടി ഹൈഡ്രേഗ്രാഫര് ജി.സതീഷ്, മെംബര്‍മാരയ ബി.ആര്.മുരുകന്, അജിത് വേലക്കടില് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: