കൊച്ചി: ജനഹൃദയങ്ങള്‍ നെഞ്ചോടു ചേര്‍ത്ത നാടകഗാനങ്ങള്‍ വീണ്ടും അരങ്ങിലെത്തിച്ച് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന നാടകഗാന സന്ധ്യ ശ്രദ്ധേയമായി. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ നവീകരണത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന പരിപാടികളുടെ ഭാഗമായാണ് വിഷുദിനത്തില്‍ ജില്ലാ ഭരണകൂടം നാടകഗാന സന്ധ്യയും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചത്.
പ്രശസ്ത നാടക ചലച്ചിത്ര പിന്നണി ഗായകന് തോപ്പില്‍ ആന്റോയാണ് ഗാനസന്ധ്യ നയിച്ചത്. നാടക കാലത്തിന്റെ സുവര്‍ണ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഗാനസന്ധ്യ. മുടിയനായ പുത്രന് എന്ന നാടകത്തിലെ തുഞ്ചന്‍ പറമ്പിലെ തത്തേ എന്ന ഗാനത്തോടെ ആരംഭിച്ച കലാസന്ധ്യ തിങ്ങിനിറഞ്ഞ മൈതാനം ആരവത്തോടയാണ് സ്വീകരിച്ചത്. ജനനി ജന്മഭൂമി എന്ന നാടകത്തിലെ മധുരിക്കും ഓര്‍മകളേ മലര്‍മഞ്ചല്‍ കൊണ്ടു വരൂ എന്ന ഗാനം ആലപിച്ച് തോപ്പില്‍ ആന്റോ പ്രൗഡഗംഭീരമായ സദസിനെ കയ്യലെടുത്തു.
പിന്നീട് ‘ഡോക്ടര്‍’ എന്ന നാടകത്തിലെ പൂക്കാര പൂക്കാര എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് കോട്ടയം ആലിസ്, ‘സ്വര്‍ഗം നാണിക്കുന്നു’ എന്ന നാടകത്തിലെ പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് സീറോ ബാബുവും പഴമയുടെ സ്വരമാധുര്യം കാണികളില്‍ പടര്‍ത്തി.
വിഷുദിനത്തില്‍ ഇതാദ്യമായാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. അമ്പതുകളിലും അറുപതുകളിലും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന് പ്രചോദനമായ മലയാള നാടകഗാനങ്ങള്‍ ആസ്വദിക്കാന്‍ വലിയ ജനക്കൂട്ടം ഇന്നും ഉണ്ട് എന്ന് തെളിയിക്കുന്നുതായിരുന്നു ദര്‍ബാര്‍ ഹാള്‍ മൈതാനത്തെ തിങ്ങിനിറഞ്ഞ ആസ്വാദക ഹൃദയങ്ങള്‍. അറുപതുകളിലെ യുവാക്കളെ ഏറെ ചിന്തിപ്പിച്ച പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക് ആകാശമുണ്ട് എന്ന് തുടങ്ങുന്ന വരികള്‍ പഴമ ചോരാതെ വിമല്‍ തമ്പി പാടിയപ്പോള്‍ ജനങ്ങള്‍ കൂടെ പാടുന്നുണ്ടായിരുന്നു. ‘യുദ്ധകാണ്ഡം’ എന്ന നാടകത്തിലെ മരാളികേ മായാ മരാളികേ എന്നു തുടങ്ങുന്ന ഗാനമാലപിച്ച് തോപ്പില്‍ ആന്റോയുടെ മകന് കൂടിയായ മേരിദാസ് ഗാനസന്ധ്യയില്‍ യുവഗായകരുടെ സ്വരമായി മാറി.
നാടക രംഗത്ത് ജില്ലയില്‍ നിന്നും മികച്ച സംഭവനകള്‍ നല്കിയ എം.കെ.അര്ജുനന് മാസ്റ്റര്‍, ബിയാട്രിസ്, പറവൂര്‍ ജോര്‍ജ്ജ്, എ.കെ.പുതുശേരി, നെല്‍സണ്‍ ഫെര്‍ണാണ്ടസ്, പി.എം.അബു, ചോറ്റാനിക്കര രുക്മിണി, പറവൂര്‍ മൂസ, ഞാറയ്ക്കല്‍ സിനി, കലാനിലയം പീറ്റര്‍, പറവൂര്‍ വാസന്തി, കൊച്ചറ ജോയി, മരട് ജോസഫ് എന്നിവരെ കേന്ദ്ര മന്ത്രി കെ.വി.തോമസ്, മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
രാത്രി ഏഴു മണിയോടെ ആരംഭിച്ച ഗാനസന്ധ്യയുടെ ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ് നിര്‍വഹിച്ചു. മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ബി.ഭദ്ര, ടി.എം. എബ്രഹാം, സിനിമ താരങ്ങളായ ജനാര്ദ്ദനന്, ക്യാപ്റ്റന്‍ രാജു, പ്രശസ്ത സംഗീത സംവിധായകന് എം.കെ.അര്ജുനന് മാസ്റ്റര്‍, ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹനന്, ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, കേരള സംഗീത നാടക അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് ജില്ല ഭരണകൂടം പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോടനുബന്ധിച്ച് അര മണിക്കൂര്‍ നീണ്ടു നിന്ന വെടിക്കെട്ടും ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: