മരട്: ഇടപ്പള്ളി-അരൂര്‍ ബൈപ്പാസിലെ നാല് ഫ്ലൈ ഓവറുകളുടെ നിര്‍മാണത്തിന് പ്രതിബന്ധങ്ങള്‍ നിരവധി. പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് ഫ്ലൈ ഓവറുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആലോചനയിലുള്ളത്. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷനുകളിലാണ് തിരക്കൊഴിവാക്കാന്‍ പുതിയ സംവിധാനങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നുവരുന്നത്. എന്നാല്‍ ഇടപ്പള്ളി ഉള്‍പ്പടെയുള്ള ജംഗ്ഷനുകളിലെ കയ്യേറ്റങ്ങളും അനധികൃത കെട്ടിട നിര്‍മാണങ്ങളും വികസനത്തിന് തടസ്സമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മെട്രോ റെയിലിന്റെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങാനിരിക്കുകയാണ്. ഇടപ്പള്ളി, വൈറ്റില ജംഗ്ഷനുകളിലെ ഫ്ലൈ ഓവറുകളെ സംബന്ധിച്ച തീരുമാനം ഉടന്‍ കൈക്കൊള്ളേണ്ടതുണ്ട്. ദേശീയപാതാ വിഭാഗം ഇതിനുള്ള പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഇതുവരെ വ്യക്തമല്ലത്രെ. 1500 കോടി ചെലവു വരുന്നതാണ് നാല് മേല്‍പ്പാലങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിച്ചാലേ നിര്‍മാണം തുടങ്ങാനാകൂ. പണവും പദ്ധതിയും ഉണ്ടെങ്കിലും ഫ്ലൈ ഓവറുകള്‍ നിര്‍മിക്കുവാനും ജംഗ്ഷനുകള്‍ വികസിപ്പിക്കുവാനും കയ്യേറ്റങ്ങളും അനധികൃത കെട്ടിടനിര്‍മാണങ്ങളും മുഖ്യ തടസ്സമാകും എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാലുവരിപ്പാതയില്‍ ഇടപ്പള്ളി ജംഗ്ഷന് മുതല്‍ അരൂര്‍ പാലം വരെ 110 കയ്യേറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നാലുവരി പാതയുടെ വശങ്ങള്‍ക്കു പുറമെ നാല് ജംഗ്ഷനുകളിലും കയ്യേറ്റങ്ങള്‍ വ്യാപകമാണ്.
പ്രധാനപ്പെട്ട രണ്ടു ഹൈവേകള്‍ ചേരുന്ന ജംഗ്ഷനാണ് കുണ്ടന്നൂര്‍. ഇവിടെ റോഡ് വികസനം ഇനി ഒരിക്കലും സാധ്യമാകാത്തവിധം നിരവധി ബഹുനില കെട്ടിടങ്ങളാണ് നിയമവിരുദ്ധമായി നിര്‍മിച്ചിരിക്കുന്നത്. ജംഗ്ഷനില്‍നിന്നും മരടിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിന്റെ ദിശ തന്നെ മാറ്റിമറിക്കും വിധമാണ് നിരത്തു കയ്യേറി കച്ചവട സ്ഥാപനം നിര്‍മിച്ചിരക്കുന്നത്. ഇതിന് പുറമെ പത്തോളം ബഹുനില കെട്ടിടങ്ങളും ജംഗ്ഷന്റെ വികസനത്തിന് തടസ്സമാകും.
വൈറ്റിലയിലും സ്ഥിതി മറിച്ചല്ല. പ്രധാന റോഡിന്റെ വശങ്ങളും സര്‍വീസ് റോഡുകളും കച്ചവടമാഫിയകളുടെ കൈവശമാണ്. നാലുവശത്തും കയ്യേറ്റം വര്‍ധിച്ചതോടെ ജംഗ്ഷന് തന്നെ ഇടുങ്ങിയ അവസ്ഥയിലാണ്. വൈറ്റിലയില്‍നിന്നും പാലാരിവട്ടം വരെയുള്ള ഭാഗത്ത് നാലുവരിപ്പാതയുടെ ഇരുവശവും കയ്യേറ്റക്കാര്‍ സ്വന്തമാക്കി. പാലാരിവട്ടം ജംഗ്ഷനില്‍ മാത്രമാണ് കയ്യേറ്റം അല്‍പ്പം കുറവ്. എന്നാല്‍ ഇടപ്പള്ളിയില്‍ പ്രശ്നം ഏറെ ഗുരുതരമാണ്. ജംഗ്ഷന്റെ നാലുഭാഗത്തും റോഡിന്റെ വശങ്ങള് സ്വകാര്യ സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തിയ നിലയിലാണ്. സര്‍വീസ് റോഡുകളും കയ്യേറ്റക്കാര്‍ സ്വന്തമാക്കിയതായി ഇവിടെ കാണാന്‍ കഴിയും. ഇത് റോഡിന്റെ വീതി പകുതിയായി കുറയുവാന്‍ കാരണമായിട്ടുണ്ട്.
കയ്യേറ്റങ്ങള്‍ കണ്ടെത്തുന്നതിനായി പരിശോധനകള്‍ നടത്തുകയും ഭൂമി കൈവശപ്പെടുത്തിയവര്‍ക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നതാണ്. കയ്യേറ്റക്കാര്‍ക്ക് സഹായകരമാകുംവിധം സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റുകളും കുടിവെള്ള പൈപ്പുകളും നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ മൂലം എല്ലാം കടലാസില്‍ മാത്രമായി ഒരുങ്ങുകയായിരുന്നു.
എം.കെ.സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: