ലണ്ടന്‍: എഫ്എ കാപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍ പ്രവേശിച്ചു. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി എഫ്എ കപ്പിന്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ കീഴടക്കിയത്. ഫൈനലില്‍ വീഗന്‍ അത്ലറ്റിക്കാണ് സിറ്റിയുടെ എതിരാളികള്‍. പ്രീമിയര്‍ ലീഗ് കിരീടം ഏറെക്കുറെ നഷ്ടമായ സിറ്റിക്ക് എഫ്എ കപ്പിന്റെ ഫൈനല്‍ പ്രവേശം ആശ്വാസമായി. സിറ്റിക്ക് വേണ്ടി സമീര്‍ നസീറിയും സെര്‍ജിയോ അഗ്യൂറോയും ഗോളുകള്‍ നേടിയപ്പോള്‍ ചെല്‍സിയുടെ ആശ്വാസഗോള്‍ ഡെം ബാബയാണ്.
തുടക്കം മുതല്‍ ചെല്‍സി ബോക്സിലേക്ക് ഇരമ്പിയാര്‍ത്ത സിറ്റി ആദ്യ പകുതിയുടെ 35-ാം മിനിറ്റില്‍ ലീഡ് നേടി. അഗ്യൂറോ നല്കിയ അളന്നുമുറിച്ച പാസ് സ്വീകരിച്ച നസീറി ചെല്‍സി പ്രതിരോധത്തെ കബളിപ്പിച്ചശേഷം പോസ്റ്റിലേക്ക് നിറയൊഴിച്ചു. പിന്നീട് രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റ് തികയും മുന്നേ അഗ്യൂറോയിലൂടെ സിറ്റി ലീഡ് ഉയര്‍ത്തി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത ഗാരെത്ത് ബാരി ചെല്‍സി കളിക്കാരെ വേഗം കൊണ്ട് കീഴടക്കിയശേഷം ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന അഗ്യൂറോയെ ലക്ഷ്യമാക്കി പന്ത് ക്രോസ് ചെയ്തു. ബോക്സിനുള്ളിലേക്ക് വളഞ്ഞിറങ്ങിയ പന്തിന്റെ ദിശ കൃത്യമായി മനസ്സിലാക്കിയ അഗ്യൂറോ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ചെല്‍സി വലകുലുക്കി. രണ്ട് ഗോളുകള്‍ക്ക് പിന്നിലായിട്ടും പ്രതീക്ഷ കൈവിടാതെ ചെല്‍സി പോരാടി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 66-ാം മിനിറ്റില്‍ അതിന് ഫലം കാണുകയും ചെയ്തു.
ഡേവിഡ് ലൂയിസ് നല്കിയ പാസില്‍ നിന്ന് ഡെം ബാബയാണ് ചെല്‍സിക്ക് വേണ്ടി മാഞ്ചസ്റ്റര്‍ സിറ്റി വല കുലുക്കിയത്. പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടത്തില്‍ നിന്ന് പുറത്തായ ചെല്‍സി നേരത്തെ ചാമ്പ്യന്സ്ലീഗിലും പുറത്തായിരുന്നു. പിന്നീട് എഫ്എ കപ്പും യൂറോപ്പ കപ്പുമായിരുന്നു ചെല്‍സിക്ക് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ എഫ് കാപ്പില്‍ നിന്നും പുറത്തായതോടെ ഇനി പ്രതീക്ഷ യൂറോപ്പ കാപ്പില്‍ മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: