കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ വൈകിട്ട് നാലിന് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഹൈദരാബാദ് സണ്‍റൈസേഴ്സുമായും രണ്ടാം മത്സരത്തില്‍ ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സ് കിംഗ്സ് ഇലവന്‍ പഞ്ചാബുമായും ഏറ്റുമുട്ടും.
അഞ്ചാം മത്സരത്തില്‍ നാലാം വിജയം തേടിയാണ് സംഗക്കാരയുടെ നേതൃത്വത്തിലുള്ള ഹൈദരാബാദ് സണ്‍റൈസേഴ്സ് ഗൗതം ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം കരുത്തരായ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ നേടിയ മൂന്ന് വിക്കറ്റ് വിജയം നല്‍കുന്ന ആത്മവിശ്വാസവുമായാണ് സണ്‍റൈസേഴ്സ് ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്. സംഗക്കാര നയിക്കുന്ന ശക്തമായ ബാറ്റിംഗ് നിരയും അതിനേക്കാള്‍ ശക്തമായ ബൗളിംഗ് നിരയുമാണ് സണ്‍റൈസേഴ്സിന്റെ കരുത്ത്. ബാറ്റിംഗ് നിരയില്‍ സംഗക്കാരക്ക് പുറമെ കാമറൂണ്‍ വൈറ്റും ഹനുമ വിഹാരിയും ഓള്‍ റൗണ്ടര്‍ തിസര പെരേരയും മികച്ച ഫോമിലാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരിലൊരാളായ ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല് സ്റ്റെയിനാണ് ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. സ്റ്റെയിന് കൂട്ടായി ഇഷാന്ത് ശര്‍മ്മയും അമിത് മിശ്രയും കളത്തിലിറങ്ങുമ്പോള്‍ എതിരാളികള്‍ പേടിച്ചേ മതിയാവൂ. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സണ്‍റൈസേഴ്സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനോട് മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്.
കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും പരാജയപ്പെട്ട നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ജയിച്ചേ മതിയാകൂ. രാജസ്ഥാന്‍ റോയല്‍സുമായും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായും പരാജയപ്പെട്ട ഗംഭീറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറാം എഡിഷനിലെ ഉദ്ഘാടന മത്സരത്തില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ പരാജയപ്പെടുത്തി ഉജ്ജ്വല തുടക്കമാണ് നേടിയത്. എന്നാല്‍ ഈ മികവ് പിന്നീട് നിലനിര്‍ത്താന്‍ ഗംഭീറിനും സംഘങ്ങള്‍ക്കും കഴിഞ്ഞില്ല. ഗംഭീറും കല്ലിസും മോര്‍ഗനും യൂസഫ് പഠാനും മനോജ് തിവാരിയും ഉള്‍പ്പെടുന്ന ബാറ്റിംഗ്നിര മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും ബൗളിംഗ് നിര അവസരത്തിനൊത്തുയരാത്തതാണ് അവര്‍ക്ക് തിരിച്ചടിയാവുന്നത്. വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരേയ്ന്‍ മാത്രമാണ് മികച്ച ബൗളിംഗ് കാഴ്ചവെക്കുന്നത്. റയാന്‍ മക്ലാരനും ലക്ഷ്മീപതി ബാലാജിയും ഉള്‍പ്പെടുന്ന ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്താലേ ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ വിജയിക്കാന്‍ കഴിയുകയുള്ളൂ.
ഇന്ന് ജയ്പൂരില്‍ രാത്രി എട്ടിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മൂന്നാം വിജയം തേടിയാണ് രാജസ്ഥാന്‍ റോയല്‍സ് കിംഗ്സ് ഇലവന്‍ പഞ്ചാബുമായി പോരിനിറങ്ങുന്നത്. നേരത്തെ കൊല്‍ക്കത്തയെയും ദല്‍ഹിയെയും പരാജയപ്പെടുത്തിയ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സ് പൂനെ വാരിയേഴ്സുമായി മാത്രമാണ് പരാജയപ്പെട്ടത്. ഉജ്ജ്വലഫോമിലുള്ള ദ്രാവിഡ് തന്നെയാണ് റോയല്‍സിന്റെ ബാറ്റിംഗ് കരുത്ത്. ദ്രാവിഡിനൊപ്പം രഹാനെ, സ്റ്റുവര്‍ട്ട്ബിന്നി, ഹോഡ്ജ് എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. അതുപോലെ മികച്ച ബൗളിംഗ്നിരയും രാജസ്ഥാനുണ്ട്. മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എസ്. ശ്രീശാന്ത്, വെസ്റ്റിന്‍ഡീസിന്റെ കെവണ്‍ കൂപ്പര്‍, ജെയിംസ് ഫള്‍ക്നര്‍ എന്നിവര്‍ മികച്ച പ്രകടനമാണ്‍കഴിഞ്ഞ മത്സരങ്ങളില്‍ കാഴ്ചവെച്ചത്. ഇൗ സ്ഥിരതതന്നെയാണ് ടീമിന്റെ കരുത്തും.
കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരു വിജയവും ഒരു പരാജയവും സ്വന്തമാക്കിയാണ് ഗില്‍ക്രിസ്റ്റിന്റെ കിംഗ്സ് ഇലവന്‍ രണ്ടാം വിജയം തേടി ഇറങ്ങുന്നത്. ഗില്‍ക്രിസ്റ്റിന് പുറമെ ഗുര്‍കീരത്ത് സിംഗ്, ഡേവിഡ് ഹസ്സി, ഓള്‍ റൗണ്ടര്‍ അസര്‍ മഹമൂദ് എന്നിവരാണ് ബാറ്റിംഗില്‍ ടീമിന് കരുത്തുപകരുന്നത്. അതുപോലെ പ്രവീണ്‍കുമാറും പിയൂഷ് ചൗളയും റയാന്‍ ഹാരിസും ഉള്‍പ്പെട്ട ബൗളിംഗ് നിരയും മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ കാഴ്ചവെച്ചത്. എന്തായാലും ഇരുടീമുകള്‍ക്കും ഇന്നത്തെ പോരാട്ടത്തില്‍ വിജയം അനിവാര്യമായതിനാല്‍ മത്സരം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: