കാലടി: കാലടിയില്‍ ആരംഭിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിന് 1 കോടി 24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ് തെറ്റയില്‍ എം. എല്‍. എ. അറിയിച്ചു.
ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടിയുടെ വിവിധ ഭാഗങ്ങളിലായി പ്രവൃത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളെ ഒരു കുടക്കീഴില് കൊണ്ടുവരുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള കാലടി മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി എം.എല്‍. എ.യുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക ലഭ്യമാക്കിയിട്ടുള്ളത്. മൂന്നു നിലകളിലായി പണിയുവാനുദ്ദേശിക്കുന്നതും അടങ്കല്‍ തുക 3 കോടി രൂപ കണക്കാക്കിയിട്ടുള്ളതും മൊത്തം തറ വിസ്തീര്‍ണ്ണം 19800 സ്ക്വയര്‍ ഫീറ്റ് ഉള്ളതുമായ കാലടി മിനി സിവില്‍ സ്റ്റേഷന്റെ ഗ്രൗണ്ട് ഫ്ലോറിന്റെ നിര്‍മ്മാണത്തിനായാണ് 1 കോടി 24 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. വരുന്ന വര്‍ഷങ്ങളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഒന്നും രണ്ടും നിലയ്ക്കായി ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക വകയിരുത്തുവാനാണ് ഉദ്ദേശിക്കുന്നത്. കാലടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിനോടും വില്ലേജ് ഓഫീസിനോടും ചേര്ന്ങ്കിടക്കുന്ന സ്ഥലത്താണ് മിനിസിവില്‍ സ്റ്റേഷന് നിര്‍മ്മിക്കുന്നത്.
കാലടി പരിസരപ്രദേശത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി കാലടിയില്‍ ഓഫീസുകളില്‍ എത്തുന്ന സാധാരണകാര്‍ക്ക് സമയ, സാമ്പത്തീക നഷ്ടത്തിനും ഇടവരുത്തുന്നുണ്ട്. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം ഒരു കുടക്കീഴില് കൊണ്ടുന്നതോടെ വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് അറുതിവരുമെന്ന് മാത്രമല്ല വിവിധ ഓഫീസുകളുടെ ഏകോപനവും ഉണ്ടാകുമെന്ന് ജോസ് തെറ്റയില്‍ എം. എല്‍. എ. പറഞ്ഞു. കാലടിയുടെ വിവിധ ഭാഗങ്ങളില്‍ വാടക കെട്ടിടങ്ങളിലും ജീര്‍ണ്ണിച്ച കെട്ടിടങ്ങളിലും പരിമിതമായ സ്ഥലസൗകര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ അവസ്ഥ അത്യന്തം ശോചനീയമാണ്. ഇതിനൊരു പരിഹാരമായാണ് കാലടിയില്‍ ഒരു മിനി സിവില്‍ സ്റ്റേഷന് എന്ന ആവശ്യം ഉയര്‍ന്നുവന്നത്. ഇറിഗേഷന്‍, ഇലക്ട്രിസിറ്റി, കൃഷി ഓഫീസ്, ഫോറസ്റ്റ് ഓഫീസ് തുടങ്ങിയ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ നിലവില്‍ സ്ഥല സൗകര്യങ്ങളില്ലാത്തതും ജീര്‍ണ്ണിച്ചതുമായ സ്വന്തം കെട്ടിടങ്ങളിലും വാടക കെട്ടിടങ്ങളിലുമാണ് പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നത്.
അറ്റകുറ്റപണികള്‍ക്കും വാടകയിനത്തിലും സര്‍ക്കാരിന് വര്‍ഷം തോറും വന്‍ സാമ്പത്തിക ബാദ്ധ്യത നേരിടേണ്ടിവരുന്നുണ്ട്. ഇതിനായി വരുന്നചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ മിനിസിവില്‍ സ്റ്റേഷന് എന്തുകൊണ്ടും അനിവാര്യവും അഭികാമ്യവുമാണ്. കാലടി മിനി സിവില്‍ സ്റ്റേഷന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടനടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ജോസ് തെറ്റയില്‍ എം. എല്‍. എ. പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: