കൊച്ചി: പശ്ചിമ ഘട്ടത്തെ രക്ഷിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി പശ്ചിമഘട്ട രക്ഷായാത്ര സംഘടിപ്പിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 5ന് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന യാത്ര 30ന് കാസര്‍കോഡ് അവസാനിക്കും. പശ്ചിമഘട്ടത്തിലെ കയ്യേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കുക, മരം മുറിക്കല്‍ 10 വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കുക, കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പാറഖനനവും, മലയിടിക്കലും പൂര്‍ണ്ണമായും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് യാത്ര ആരംഭിക്കുന്നത്.
നാല്പതിനായിരത്തിലധികം ഹെക്ടര്‍ വനഭൂമികയ്യേറിയിട്ടുണ്ടെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും അവര്‍ പറഞ്ഞു. മിനറല്‍ മൈനിങ്ങിനുള്ള അനുമതി കൊടുക്കുവാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നെടുത്തുമാറ്റി പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കയ്യേറ്റഭൂമിയില്‍ സ്ഥിതിചെയ്യുന്ന 900ത്തിലധികം വരുന്ന റിസോര്‍ട്ടുകള്‍ക്ക് എല്ലാവിധ നിയമങ്ങളും ലംഘിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ ലൈസന്‍സ് നല്‍കിയിട്ടുള്ളത് റദ്ദാക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പശ്ചിമഘട്ട സംരക്ഷണസമിതി ഭാരവാഹികളായ പ്രൊഫ. എസ് സീതാരാമന്, പ്രൊഫ.ഗോപാലകൃഷ്ണമൂര്‍ത്തി, വി എന്‍ ഗോപിനാഥപിള്ള എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: