ബംഗളൂരു: മത്സരത്തിനിടെ ഗ്രൗണ്ടില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനും താക്കീത്. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവരെയും താക്കീത് ചെയ്തിരിക്കുന്നത്.
കളിക്കിടെ മോശം വാക്കുകള്‍ ഉപയോഗിച്ചും അംഗവിക്ഷേപം നടത്തിയും പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഇരു നായകന്മാരും സമ്മതിച്ചു. തുടര്‍ന്നായിരുന്നു ഇരുവരെയും താക്കീത് ചെയ്തത്. കഴിഞ്ഞ ദിവസം ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ബാറ്റിംഗിനിടെ കോഹ്ലി പുറത്തായ ശേഷമായിരുന്നു സംഭവം. പ്രദീപ് സംഗ്വാനെ രണ്ട് സിക്സറുകള്‍ പറത്തി മികച്ച ഫോമിലെത്തിയതിന് പിന്നാലെയായിരുന്നു കോഹ്ലിയുടെ അപ്രതീക്ഷിത പുറത്താകല്‍.
വിക്കറ്റ് വീഴ്ച ആഘോഷിക്കാന്‍ കവറിലേക്ക് നീങ്ങിയ ഗംഭീറിനും സഹതാരങ്ങള്‍ക്കും നേരേ കോഹ്ലി നടന്നടുക്കുകയായിരുന്നു. മുഖാമുഖം എത്തിയ ഇരുവരും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയെങ്കിലും കൊല്‍ക്കത്തയുടെ മറ്റൊരു താരം രജത് ഭാട്ടിയ ഇടപെട്ട് ഇരുവരെയും പിന്തിരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: