ഡോക്ടര്‍ മല്ലികയുടെ അനുഭവക്കുറിപ്പുകള്‍
അമ്മയുടെ പുറത്തുള്ള വ്രണം ദീര്‍ഘനാളായി അസുഖം ബാധിച്ച് കിടന്നതിനാലാണെന്ന് ഡോക്ടര്‍ പറഞ്ഞു മനസ്സിലാക്കി. എല്ലും തൊലിയും മാത്രമുള്ള അമ്മ ക്ഷയരോഗ ബാധിതയാണെന്ന് വളരെ വൈകിയാണ് അവള് മനസ്സിലാക്കിയത്. അച്ഛന് വേണ്ടവിധം അമ്മയെ ശ്രദ്ധിച്ചിരുന്നില്ല. ജോലി ചെയ്തുകിട്ടുന്നതിന്റെ പകുതി കാശും മദ്യശാലയില്‍ കൊടുത്ത് ആടിയാടി വീട്ടിലെത്തുന്ന അച്ഛനും വീട്ടിലെ കഷ്ടസ്ഥിതികള്‍ പറയുന്ന അമ്മയും തമ്മില്‍ എന്നും വഴക്കായിരുന്നു. അത്താഴം കഴിക്കാതെയാണ് അമ്മ പല രാത്രിയിലും ഉറങ്ങാറുണ്ടായിരുന്നത്. ക്ഷീണിച്ച് ആരോഗ്യം നഷ്ടപ്പെട്ടത് അതുകൊണ്ടാകും.
ക്ഷയരോഗ ബാധക്കുള്ള മരുന്നുകള്‍ ശരിയാംവണ്ണം കഴിക്കാതെ അമ്മയുടെ രോഗം മൂര്‍ച്ഛിച്ച് അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. വളരെ സീരിയസാണ് ജീവന് തിരിച്ചു കിട്ടാന്‍ ദൈവത്തോട് നന്നായി പ്രാര്‍ത്ഥിക്കുക എന്നാണ് ഡോക്ടര്‍ പറഞ്ഞത്. പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. സഹോദരങ്ങള്‍ ഇല്ലാത്തതിന്റെ ദു:ഖം അവള് അപ്പോള്‍ അറിഞ്ഞു. അച്ഛന് മിക്ക ദിവസങ്ങളിലും ആശുപത്രിയില്‍ വരും. അമ്മയെ കാണും. ഒന്നും സംസാരിക്കില്ല. അമ്മുമ്മയും അപ്പുപ്പനും ഉള്ളത് തന്റെ ഭാഗ്യം. ഒരു ദിവസം അവര്‍ പരസ്പരം പറയുന്നത് കേട്ടു-അവന്റെ കുടി നിര്‍ത്തിയെന്നാ തോന്നുന്നത്. പണ്ടത്തെപ്പോലെ ചീത്ത സ്വാഭാവങ്ങളൊന്നും ഇപ്പോള്‍ ഇല്ലല്ലോ. ഒരുപക്ഷേ ഭാര്യയുടെ രോഗം കണ്ടുള്ള മനംമാറ്റമായിരിക്കും.
മൂന്ന് മാസത്തെ ആശുപത്രി ജീവിതം കൊണ്ട് അമ്മയുടെ ജീവന് തിരികെ കിട്ടി. വ്രണം നന്നായി കരിഞ്ഞു. വീട്ടില്‍ കൊണ്ടുപോകാമെന്ന് ഡോകര്‍ ഉപദേശിച്ചപ്പോള്‍ അച്ഛന് പറഞ്ഞത് കുറച്ചു കൂടി കിടക്കട്ടെ ഡോക്ര്, അസുഖം നല്ലതുപോലെ മാറിയിട്ടേ അവളെ കൊണ്ടുപോകുന്നുള്ളു എന്നാണ്. അവളുടെ സ്വന്തം വീട്ടിലേക്ക് മാറ്റാമെന്നും ശ്രദ്ധിക്കാന്‍ അവളുടെ അച്ഛനും അമ്മയും ഉണ്ടെന്നും അച്ഛന് പറഞ്ഞു. അമ്മയുടെരോഗം മാറിയപ്പോള്‍ സന്തോഷിക്കാത്ത ഒരേ ഒരു വ്യക്തി മാത്രമേ ഉണ്ടായിരിന്നുള്ളു എന്നും അത് അച്ഛന് തന്നെയാണെന്നും അവള്‍ക്ക് തോന്നി.
അത് സത്യമാണെന്ന് അമ്മയുടെ വീട്ടില്‍ കഴിയുന്നതിനിടെ ഒരു ദിവസം മനസ്സിലായി. കാരണം ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അമ്മ മരിച്ചു പോകുമെന്ന് കരുതി അച്ഛന് വേറെയൊരു സ്ത്രിയെ രജിസ്റ്റര്‍ വിവാഹം ചെയ്തു വീട്ടില്വാസം തുടങ്ങിയിരുന്നത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: