കൊല്ലം: കുരീപ്പുഴ മാമൂട്ടില്‍കടവ് തേവര്‍കാവ് മഹാദേവക്ഷേത്രത്തിന് നേരെ അക്രമം നടത്തിയവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുഐക്യവേദി സ്ഥാനീയ സമിതിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അക്രമം നടത്തിയത് മതതീവ്രവാദികളാണോ എന്ന കാര്യം പോലീസ് വ്യക്തമാക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് പറഞ്ഞു.
എന്‍ഡിഎഫുകാരായ പോലീസുകാരെ പുറത്താക്കാതെ നീതിലഭിക്കുമെന്ന് ഹിന്ദുസമൂഹം പ്രതീക്ഷിക്കുന്നില്ലെന്ന് തെക്കടം പറഞ്ഞു. ഫെബ്രുവരി 14ന് അര്‍ദ്ധരാത്രിയാണ് തേവര്‍കാവ് മഹാദേവക്ഷേത്രത്തിന്റെ സപ്താഹവേദിയില്‍ കയറി ഉച്ചഭാഷിണിയും അനുബന്ധ ഉപകരണങ്ങളും തീവെച്ച് നശിപ്പിച്ചത്. സംഭവം നടന്ന് രണ്ട് മാസമായിട്ടും ഒരു പ്രതിയെപ്പോലും പോലീസ് പിടികൂടിയിട്ടില്ല. കുരീപ്പുഴയില്‍ മൂന്ന്സെന്റ് സ്ഥലത്ത് നിയമം ലംഘിച്ച് മദ്രസ നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിട്ടുണ്ട്. മാമൂട്ടില്‍കടവില്‍ മാരകായുധങ്ങളുമായെത്തിയ പോപ്പുലര്‍ഫ്രണ്ടുകാരെ കേസെടുക്കാതെ വിട്ടയച്ച പോലീസ് നടപടിയും ഉണ്ടായിട്ടുണ്ട്. കാവിക്കൊടി ഉയര്‍ന്നാല്‍ അത് അഴിച്ചുമാറ്റിയേ അടങ്ങൂ എന്ന് വാശികാണിക്കുന്ന ചില പോലീസുകാരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് തെക്കടം ആരോപിച്ചു.
മാമൂട്ടില്‍കടവില്‍ മാത്രമല്ല ജില്ലയിലെ വിവിധ ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം വര്‍ധിക്കുകയാണ്. പുതിയകാവ് ഭഗവതീക്ഷേത്രത്തിന്റെ പള്ളിവേട്ട ഘോഷയാത്രയ്ക്ക് നേരെ നാലംഗസംഘമാണ് അക്രമം നടത്തിയത്. ഒരാളെ മാത്രമാണ് പിടിച്ചത്. മറ്റ് മൂന്നുപേര്‍ ആരുടെ സംരക്ഷണത്തിലാണെന്ന് പോലീസ് വ്യക്തമാക്കണം. കുമരംചിറയിലും പട്ടാഴിയിലും കരുനാഗപ്പലള്ളി ഇടക്കുളങ്ങരയിലും ചവറ തെക്കന്‍ ഗുരുവായൂരിലുമൊക്കെ ക്ഷേത്രോത്സവങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും നേരെ നടക്കുന്ന അക്രമം കണ്ടില്ലെന്ന് നടിക്കാന്‍ ഹിന്ദുസംഘടനകള്ക്കാവില്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്കി.
സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ രക്ഷാധികാരി കെ.ജി. ഉണ്ണിത്താന് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് വാളത്തുംഗല്‍ ജി.അശോകന്, മണലില്‍ കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു. രാജേന്ദ്രപ്രസാദ് സ്വാഗതവും അനന്തകൃഷ്ണന് നന്ദിയും പറഞ്ഞു.
ചിന്നക്കട പ്രസ്ക്ലബ്ബ് മൈതാനത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം നൂര്കണക്കിന് ആളുകള്‍ അണിനിരന്നു. ഹിന്ദുഐക്യവേദി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.വി. സന്തോഷ്ബാബു, ജനറല്‍ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍, സെക്രട്ടറിമാരായ ആര്. ഗോപാലകൃഷ്ണന്, രാജു മുണ്ടയ്ക്കല്‍, വിനോദ് താമരക്കുളം, ആര്‍എസ്എസ് നഗര്‍കാര്യവാഹ് ജി. സുരേഷ്ബാബു, ജില്ലാ സേവാപ്രമുഖ് ബി. ഉണ്ണിക്കണ്ണന്, എ.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: