കരുനാഗപ്പള്ളി: തൊടിയൂര്‍ പഞ്ചായത്തിലെ വേങ്ങറ, മാലുമേല്‍, ഹൈസ്കൂള്‍ ജംഗ്ഷന് ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകള്‍ വറ്റി. തണ്ണീര്‍ത്തടങ്ങളും കുടിവെള്ള സ്രോതസുകളും വരള്‍ച്ചയുടെ പിടിയിലായിട്ട് മാസങ്ങളായി പൈപ്പ് വഴിയുള്ള കുടിവെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടം ഒടുകയാണ്. വിദൂരങ്ങളെ ചില വീടുകളില്‍ നിന്നും വെള്ളം ശേഖരിച്ച് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷാകളിലുമാണ് കുടിവെള്ളം കിട്ടാത്തവര്‍ കൊണ്ടുവരുന്നത്. ഈ പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമവും അപ്രഖ്യാപിത പകല്‍ സമയങ്ങളിലെ പവര്‍കട്ടും, കിണറുകളില്‍ നിന്ന് മോട്ടോര്‍പമ്പ് ഉപയോഗിച്ച് വെള്ളം ടാങ്കില്‍ നിറയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പാത്രങ്ങളില്‍ വീടുകളില്‍ വെള്ളം ശേഖരിച്ചാണ് ഉപയോഗിക്കുന്നത്.
ജലക്ഷാമം രൂക്ഷമായതിനാല്‍ ക്ഷീരകര്‍ഷകരും വലയുകയാണ്. പശുവിനെ കുളിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ഇതുമൂലം വരള്‍ച്ച ജന്യ രോഗങ്ങള്‍ മൃഗങ്ങള്‍ക്ക് പിടികൂടുമോ എന്ന ആശങ്കയും ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ട്. കഴിഞ്ഞ ആറിന് താലൂക്കിലെവരള്ച്ചാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശത്ത് ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം എത്തിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സഹായങ്ങള്‍ ലഭിക്കാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: