ന്യൂയോര്‍ക്ക്: 1984ലെ സിഖ് വിരുദ്ധ കലാപത്തിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലര്‍ക്കെതിരെ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ച് അന്വേഷണം തുടരണമെന്ന് അമേരിക്കന്‍ സിഖ് സംഘടന. കലാപത്തിലുള്ള ടൈറ്റ്ലറുടെ പങ്കിനെക്കുറിച്ച് രജിസ്റ്റര്‍ ചെയ്ത കേസ് വീണ്ടും അന്വേഷിക്കണമെന്ന ദല്‍ഹി കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് സിഖ് സംഘടന ആവശ്യമുന്നയിച്ചിരിക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി മനുഷ്യാവകാശ ശുപാര്‍ശകള്‍ നടത്തുന്ന സംഘടന സിഖ്സ് ഫോര്‍ ജസ്റ്റിസ് ആണ് ബുധനാഴ്ച ദല്‍ഹി ഹൈക്കോടതിയില്‍ ഈ ആവശ്യമുന്നയിച്ച് ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് വെളിപ്പെടുത്തിയത്. മുന്‍ സിബിഐ മേധാവി ജോഗീന്ദര്‍ സിംഗിനെ മേധാവിയാക്കി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണമെന്നാണ് സംഘടന ഹര്‍ജിയില്‍ ആവശ്യപ്പെടാന്‍ പോകുന്നത്. ടൈറ്റ്ലര്‍ക്കെതിരെ കലാപത്തില്‍ പങ്കെടുത്തതിന് വസ്തുതാപരമായ തെളിവുകളില്ലെന്നും അതുസംബന്ധിച്ച സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള സിബിഐയുടെ കണ്ടെത്തലിനോട് വിയോജിച്ചായിരിക്കും ഹര്‍ജി സമര്‍പ്പിക്കുക.
സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ടൈറ്റ്ലറുമായി അടുത്ത ബന്ധമുള്ള മുന്‍ പോലീസ് കമ്മീഷണര്‍ ഗൗതം കൗള്‍, ഗാന്ധി കുടുംബത്തിന്റെ അടുത്തസഹകാരി ആര്.കെ.ധവാന്, സിനിമാ താരം അമിതാബ് ബച്ചന് എന്നിവര്‍ 1984 നവംബര്‍ ഒന്നിന് തീന് മൂര്‍ത്തി ഭവനില്‍ ഉണ്ടായിരുന്നത് പ്രത്യേക അന്വേഷണം സംഘം വിശദമായി അന്വേഷിക്കണം. ടൈറ്റ്ലര്‍ക്കെതിരെ ഒരിക്കലെങ്കിലും കൊലക്കുറ്റം ചാര്ത്തിയാല് ഏതു കോടതിയിലും ഹാജരായി സിഖുകാരെ കൊല്ലുന്നതിന് ടൈറ്റ്ലര്‍ നേതൃത്വം നല്‍കിയത് നേരില്‍ കണ്ട രേഷം സിംഗ്, ജസ്ബീര്‍ സിംഗ് എന്നിവര്‍ മൊഴി നല്‍കുമെന്നും സിഖ്സ് ഫോര്‍ ജസ്റ്റിസ് പ്രസ്താവനയില്‍ അറിയിച്ചു. 2008 ഡിസംബറില്‍ സിബിഐ സംഘം അമേരിക്കയിലെത്തി കലാപത്തിലെ ടൈറ്റ്ലറുടെ പങ്ക് സംബന്ധിച്ച മൊഴി രേഖപ്പെടുത്തിയിരുന്നു.
മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ട ദൃക്സാക്ഷികളായ രേഷം സിംഗ്, ചെയ്ന്‍ സിംഗ്, ആലം സിംഗ് എന്നിവരുടെ മൊഴി രേഖപ്പെടുത്താന്‍ ഈ അന്വേഷണ സംഘം വിസമ്മതിച്ചു. ഇവരെ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്കും സാന്‍ ഫ്രാന്‍സിസ്കോയിലേക്കും സിബിഐ വിളിപ്പിച്ചിരുന്നെങ്കിലും മൊഴി രേഖപ്പെടുത്തിയില്ലെന്ന് സിഖ്സ് ഫോര്‍ ജസ്റ്റിസ് ആരോപിച്ചു. ടൈറ്റ്ലര്‍ കലാപത്തില്‍ പങ്കെടുത്തതിന് തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ ബുധനാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ടൈറ്റ്ലര്‍ക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനുരാധ ശുക്ല ബജാജ് തള്ളി. 1984 നവംബര്‍ 1ന് വടക്കന്‍ ദല്‍ഹിയിലെ പുല് ബംഗാശ് ഗുരുദ്വാരയില്‍ അഭയം തേടിയ മൂന്ന് സിഖുകാരെ കൊലപ്പെടുത്താന്‍ പ്രതിഷേധക്കാരോട് ടൈറ്റ്ലര്‍ ആഹ്വാനം ചെയ്യുകയായിരുന്നത്രെ. 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിഖുകാരെ കൂട്ടത്തോടെ ആക്രമിക്കാനും കൊലപ്പെടുത്താനും ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: