പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്തില്‍ വിതരണം ചെയ്യേണ്ടിയിരുന്ന ജന്മഭൂമി പത്രക്കെട്ടുകള്‍ വീണ്ടും മോഷണം പോയി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ 2ന് പത്രക്കെട്ടുകള്‍ മോഷണം പോയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി പോലീസില്‍ പരാതി നിലനില്‍ക്കെയാണ് രണ്ടാമതും പത്രക്കെട്ടുകള്‍ നഷ്ടപ്പെട്ടത്. കുമ്പളങ്ങിയില്‍ ജന്മഭൂമി പത്രത്തിന്റെ പ്രചാരത്തില്‍ വിറളിപൂണ്ട സാമൂഹ്യവിരുദ്ധരാണ് സംഭവത്തിനും പിന്നിലെന്ന് സംശയിക്കുന്നു. ജന്മഭൂമി എത്തുന്ന സ്ഥലത്തുതന്നെ മറ്റു പത്രങ്ങളും ഇറക്കുന്നുണ്ട്. ജന്മഭൂമി പത്രം മാത്രം തിരഞ്ഞുപിടിച്ച് എടുത്തുകൊണ്ടുപോകുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നു. ജന്മഭൂമി പത്രക്കെട്ടുകള്‍ സ്ഥിരമായി മോഷ്ടിക്കുന്ന സാമൂഹ്യവിരുദ്ധരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി കൊച്ചി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.എസ്.സുമേഷ് പറഞ്ഞു. പോലീസ് നടപടി ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും സുമേഷ് വ്യക്തമാക്കി. പത്രക്കെട്ടുകള്‍ മോഷണം പോയ സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പള്ളുരുത്തി എസ്.ഐ.എസ്.രാജേഷ് പറഞ്ഞു. രാവിലെ സമയങ്ങളില്‍ ഇവിടെ പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: