ഏറ്റവും ഒടുവില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന യുഡിഎഫ് നേതൃത്വത്തിലുള്ള സംസ്ഥാനമന്ത്രിസഭ പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 1994 നവംബര്‍ 20 ന് കോംപ്ലക്സ് ആന്റ് അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് ലിമിറ്റഡ് എന്ന പേരില്‍ സിഎംപി നേതാവ് എം.വി.രാഘവന് ചെയര്‍മാനായുള്ള സഹകരണ സംഘത്തിന്റെ കീഴില്‍ കണ്ണൂരിലെ പരിയാരത്ത് പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് പരിയാരം മെഡിക്കല്‍ കോളേജ്. ഉത്തര മലബാറുകാര്‍ ആതുര ശുശ്രൂഷാരംഗത്ത് ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന സ്ഥാപനത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കേരളം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികളും ഇവയുടെ ഘടകകക്ഷികളായ സിപിഎമ്മും സിഎംപിയും ഒരുപോലെ കാരണകാരാണെന്ന് പറയേണ്ടിവരും. എന്നാല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ആറുവര്‍ഷക്കാലമായി സ്ഥാപനത്തിന്റെ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎമ്മിന് സ്ഥാപനത്തെ ഇന്നത്തെ സ്ഥിതിയിലെത്തിച്ചതില്‍ മുഖ്യ പങ്കാണുള്ളത്.
സിപിഎം നേതൃത്വം നടത്തിയ അധികാര ധൂര്‍ത്തും അഴിമതിയും കോടികള്‍ വാങ്ങിയുള്ള മെഡിക്കല്‍ സീറ്റ് പ്രവേശനങ്ങളും അനധികൃത നിയമനങ്ങളും അധികാരത്തിനായി നടത്തിയ നിയമപോരാട്ടങ്ങളുടെ ചെലവുകള്‍ അടക്കമുള്ള ബാധ്യതകളും എല്ലാം സംസ്ഥാന ഖജനാവിനും അതുവഴി ജനങ്ങളിലേക്കും എത്തിച്ചേരാന്‍ പോവുകയാണ്. പുതിയ സര്‍ക്കാര്‍ തീരുമാനത്തോടെ 600 കോടിയോളം രൂപയുടെ ബാധ്യതയാണ് സര്‍ക്കാറിന് ഉണ്ടാകാന്‍ പോകുന്നത്.
കോളേജ് ആരംഭിച്ചതു തന്നെ വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു. സ്വാശ്രയമേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഎം നടത്തിയ ശക്തമായ സമരങ്ങള്‍ക്കിടയിലാണ് സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സ്ഥാപനം എംവിആര്‍ കെട്ടിപ്പടുത്തത്. ഇതിന്റെ പേരില്‍ സിപിഎമ്മിന് അഞ്ച് സഖാക്കളെ കൂത്തുപറമ്പില്‍ ബലികൊടുക്കേണ്ടിയും വന്നു. എന്നാല്‍ പില്ക്കാലത്ത് ഇതെല്ലാം മറന്ന സിപിഎം സ്വാശ്രയകോളേജിനെതിരെ സമരം നയിച്ച നേതാവ് എം.വി.ജയരാജന്റെ നേതൃത്വത്തില്‍ത്തന്നെ സ്ഥാപനം പിടിച്ചെടുക്കുകയും 2006 മുതല്‍ സീറ്റ് കച്ചവടം നടത്തിയും സ്വന്തക്കാരെ ജീവനക്കാരായി തിരുകിക്കയറ്റിയും നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഭരണം നടത്തിവരികയായിരുന്നു. ഫീസ് ഇനത്തിലും തലവരിയായും ലക്ഷങ്ങള്‍ വാങ്ങിയിട്ടും സ്ഥാപനത്തെ കടക്കെണിയില്‍ നിന്നും രക്ഷിക്കാന്‍ പാര്‍ട്ടിക്കായില്ല. ബാധ്യത അനുദിനം ഉയര്ന്നതുമാത്രം ബാക്കി.
1994 ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനം 1997 ല്‍ പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നായനാര്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ എം.വി.രാഘവന്റെ നേതൃത്വത്തില്‍ ഭരണസമിതിക്ക് അധികാരം കൈമാറുകയായിരുന്നു. ഒടുവില്‍ 2006 ലാണ് സ്ഥാപനം വീണ്ടും സിപിഎം നിയന്ത്രണത്തിലെത്തുന്നത്. സിപിഎം ഭരണത്തിലെത്തിയ ശേഷം ആയിരത്തോളം പാര്‍ട്ടി സഖാക്കളെയും എസ്എഫ്ഐ, ഡിഫി നേതാക്കളെയുമാണ് സ്ഥാപനത്തില്‍ ജോലിക്കാരായി തിരുകിക്കയറ്റിയത്. ഇതില്‍ തൊണ്ണൂറു ശതമാനം നിയമനങ്ങളും അനാവശ്യമാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പബ്ലിക് റിലേഷന്‍ വിഭാഗത്തില്‍ മാത്രം 15 ഓളം പാര്‍ട്ടി സഖാക്കളാണ് ഓഫീസര്‍മാര്‍. ഈ രംഗത്ത് ശമ്പളം ഇനത്തില്‍ മാത്രം ലക്ഷങ്ങളാണ് പ്രതിമാസ ചെലവ്.
രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാന്‍ സ്ഥാപനത്തെ ഉപയോഗപ്പെടുത്തി, ഇപ്പോള്‍ സ്ഥാപനത്തിന്റെ ഭരണംതന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സിപിഎമ്മിനെ സംബന്ധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കം ഉര്‍വശീശാപം പോലെയാവുകയാണ്. അതുകൊണ്ടുതന്നെയാണ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സിപിഎം മൗനം പാലിക്കുന്നത്. അനധികൃത നിയമനം ലഭിച്ച നൂറുകണക്കിന് പാര്‍ട്ടി സഖാക്കള്‍ സര്‍ക്കാര്‍ ജീവനക്കാരാവും, പാര്‍ട്ടിയുടെ തലയിലുളള എല്ലാ ബാധ്യതയും ഒഴിയുകയും ചെയ്യും. കൈനനയാതെയുള്ള മീന്‍പിടുത്തം.
സിഎംപി നേതാവ് എം.വി.രാഘവന് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ടെങ്കിലും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നു തന്നെയാണ് സൂചന. എങ്കില്‍ യുഡിഎഫ്-എല്‍ഡിഎഫ്, അല്ല കോണ്‍ഗ്രസ്- സിപിഎം ഒത്തുകളിയുടെ ഭാഗമായി കോടികളുടെ കടബാധ്യതയാണ് പൊതുജനങ്ങളുടെ മേല്‍ കെട്ടിയേല്പ്പിക്കാന് പോകുന്നത്. കോളേജിന്റെ കടബാധ്യതകളും അനധികൃത നിയമനങ്ങളും കണ്ടെത്തി ഇവയുടെ ഉത്തരവാദിത്തം കോളേജ് ഭരണം നടത്തിവരുന്ന സമിതിയുടെ പേരില്‍ ചുമത്തി ഭരണം ഏറ്റെടുക്കണമെന്നാണ് പൊതുജനം ആവശ്യപ്പെടുന്നത്.
(അവസാനിച്ചു)
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: