തിരുവനന്തപുരം: കോവളം കൊട്ടാരവും അനുബന്ധ സ്ഥലങ്ങളും പോക്കുവരവ് ചെയ്തത് സംബന്ധിച്ചു നടന്ന വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്. കോവളം കൊട്ടാരവും അനുബന്ധസ്ഥലവും ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ നടത്തിയ നിയമനിര്‍മാണത്തിനെതിരെ സ്വകാര്യവ്യക്തികള്‍ കോടതിയില്‍ നല്കിയ കേസ് മനഃപൂര്‍വം തോറ്റുകൊടുക്കാന്‍ വേണ്ടിയുള്ള നീക്കമാണിതെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മതിയായ രേഖകളില്ലാതെ ഐടിസിക്ക് പോക്കുവരവ് ചെയ്തുകൊടുത്ത ജില്ലാകളക്ടറും റവന്യൂഉദ്യോഗസ്ഥരും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. ഇതേതുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്. എന്നാല്‍ എഫ്ഐആര്‍ തയ്യാറാക്കി ഒരു അന്വേഷണം നടത്താതെ പോക്കുവരവില്‍ അപാകതയില്ലെന്ന് പറഞ്ഞ നടപടി വിചിത്രമാണ്. നിയമസഭ പാസാക്കിയ ഓര്‍ഡിനന്‍സിന്റെയും നിയമനിര്‍മാണത്തിന്റെയും സംഗത്യത്തെ ചോദ്യംചെയ്യുന്നതാണ് വിജിലന്‍സ് നിലപാട്. ഐടിസിസിക്ക് കൈമാറിയ നടപടി സാധുവാണെന്ന് വന്നാല്‍ പിന്നെ ഐടിസിസിക്ക് വില്പ്പനാവകാശമുണ്ടോ എന്ന് നോക്കേണ്ട കാര്യമേയുള്ളൂ. ആര്‍പി ഗ്രൂപ്പിനെ സഹായിക്കാന്‍ ബോധപൂര്‍വ്വം നടത്തുന്ന നീക്കമാണിത്.
കോവളം കൊട്ടാരം കൈമാറ്റത്തിനുപിന്നില്‍ വന്‍ അഴിമതിയുണ്ട്. ആഭ്യന്തരമന്ത്രി പറഞ്ഞത് കളക്ടറെ മാത്രം കുറ്റവിമുക്തനാക്കിയെന്നാണ്. വില്ലേജ് ഓഫീസ് താലൂക്ക് ഓഫീസ് വരെയുള്ള ഉദ്യോഗസ്ഥര്‍ അറിയാതെ ഇത് സംഭവിക്കില്ല. കൊട്ടാരം കൈമാറണമെങ്കില്‍ ക്യാബിനറ്റിന്റെ അനുമതിവേണമായിരുന്നു. അതുണ്ടായില്ല.
ഇന്ന് കോവളം കൊട്ടാരം വിഷയത്തെ എതിര്‍ക്കേണ്ട പ്രതിപക്ഷം മൗനത്തിലാണ് സിപിഎം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആര്‍വി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കുകയാണ്. ഇരുപാര്‍ട്ടികളിലെയും ഉന്നതനേതാക്കന്മാര്ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ട്.
കോവളം കൊട്ടാരത്തെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞതെല്ലാം വാസ്തവിരുദ്ധമാണ്. കോവളം കൊട്ടാരത്തെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാനാവില്ല. സര്‍ക്കാര്‍ ഗസ്തൗസും ആല്ബിയന് കൊട്ടാരവുമൊക്കെ അടങ്ങുന്ന തന്ത്രപ്രധാനമായ 60 ഏക്കര്‍ സ്ഥലമാണ് പോക്കുവരവ് ചെയ്തത്. അതിനെ സാധൂകരിക്കുന്ന നിലപാട് കേരളത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണ്. വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ച് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കണം. ബിജെപി വിഷയത്തില്‍ ശക്തമായ സമരങ്ങള്‍ക്കൊപ്പം നിമയ നടപടികളും സ്വീകരിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: