കൊല്ലം: നഗരഹൃദയത്തില്‍ കന്റോണ്‍മെന്റ് ഡിവിഷനില്‍ ആക്രിക്കാരായ തമിഴന്മാരുടെ അക്രമഭീഷണികള്ക്കും പരിസര മലിനീകരണത്തിനുമെതിരെ പ്രദേശവാസികളായ നാട്ടുകാര്‍ പൗരസമിതി രൂപീകരിച്ച് രംഗത്ത്.
കുറവന്‍പാലം പ്രദേശത്താണ് ആയിരക്കണക്കിന് തമിഴന്മാര് അനധികൃത ഷെഡുകളും മറ്റും നിര്‍മ്മിച്ചും ലൈസന്‍സില്ലാത്ത ആക്രിക്കടകള്‍ പ്രവര്‍ത്തിപ്പിച്ചും പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ചുകൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍, പഴകിയ ഇലക്ട്രിക് വയറുകള്‍ എന്നിവയെല്ലാം ഇവിടങ്ങളില്‍ ശേഖരിച്ച് രൂക്ഷമായ പരിസ്ഥിതി പ്രശ്നമാണ് സൃഷ്ടിക്കുന്നത്. നാനൂറോളം അനധികൃത ഷെഡുകളില്‍ താമസിക്കുന്ന ഇവര്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതെ ഓടയിലാണ് മലമൂത്ര വിസര്‍ജ്യങ്ങള്‍ ഒഴുക്കിവിടുന്നതെന്നും പൗരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഒഴുക്ക് നിലച്ച ഓടകളില്‍ നിറയുന്ന വിസര്‍ജ്യങ്ങള്‍ കാരണം പരിസരമാകെ ദുര്‍ഗന്ധപൂരിതമാണ്. നാട്ടുകാര്‍ സാംക്രമികരോഗങ്ങളുടെ ഭീഷണിയിലാണ്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ആക്രിക്കടകളും അനധികൃത ഷെഡുകളും വീണ്ടും വീണ്ടും ഉയരുന്നത്. പ്രദേശവാസികളായ ചില സര്‍ക്കാര്‍ ജീവനക്കാരും അവരുടെ ബന്ധുക്കളും ഷെഡുകള്‍ കെട്ടിക്കൊടുത്ത് ഇവര്‍ക്ക് മാസവാടകയ്ക്ക് നല്കി ലക്ഷങ്ങള്‍ നേടുന്നുണ്ടെന്നും തെറ്റായ വിവരങ്ങള്‍ കാണിച്ച് നഗരസഭയെ വെട്ടിക്കുകയാണെന്നും പൗരസമിതി ആരോപിച്ചു. ചോദ്യം ചെയ്ത നാട്ടുകാരുടെ നേര്‍ക്ക് തമിഴന്മാര് ഭീഷണിയുയര്‍ത്തുകയാണ്. തമിഴ്നാട്ടില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളും പിടികിട്ടാപ്പുള്ളികളുമായ ആളുകളാണ് ആക്രിവ്യാപാരത്തിന്റെ പേരില്‍ കുറവന്‍പാലത്ത് തമ്പടിച്ചിരിക്കുന്നതെന്നും മുന്‍കാലങ്ങളില്‍ നിരവധി അക്രമങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നും പ്രദേശവാസികള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും പൗരസമിതി ചൂണ്ടിക്കാട്ടി. പ്രദേശത്തെ റോഡുകളില്‍ വൈകിട്ട് നാലുമുതല്‍ അര്‍ദ്ധരാത്രി വരെ തമിഴന്മാര് കൂട്ടമായി നില്‍ക്കുകയും മദ്യപിച്ച് അടികൂടുകയും ചെയ്യുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നും തമിഴന്മാരുടെ സംഘം ചേര്‍ന്നുള്ള ആക്രമണം തടയണമെന്നും ആവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായി സെക്രട്ടറി എസ്. മനേഷ്കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: