കൊച്ചി: ഇത് ഷിജിന്….രണ്ട് പതിറ്റാണ്ടോളമായി സംഗീതത്തെ ഉപാസിച്ച് ലോകവും ജന്മവും അതിനായി സമര്‍പ്പിച്ച് വളളിക്കാവിലെ അമൃതസ്വരൂപത്തെ ഹൃദയത്തില്‍ വെച്ചാരാധിക്കുന്ന ഷിജിന്. തബലയും യോഗയും ഒക്കെയുള്ള ഷിജിനെ മാത്രമേ നാടിന് അറിയുകയുള്ളു. എന്നാല്‍ കഴിഞ്ഞ ഒന്നരക്കൊല്ലത്തിലധികമായി ഷിജിന് നാട്ടുകാര്‍ക്കുവേണ്ടി തെങ്ങുകയറുകയാണ്. കുലത്തൊഴിലോ തനിക്ക് ഇണങ്ങുന്ന പണിയോ എന്നൊന്നും നോക്കാതെ ഇദ്ദേഹം നാട്ടുകാരുടെ ഫോണ്‍വിളിക്കായി കാത്തിരിക്കുന്നു. അതെ, തെങ്ങുകള്‍ മാറിക്കയറി അധ്വാന വര്‍ഗ്ഗത്തിന്റെ ചലിക്കുന്ന രൂപമായി മാറിക്കഴിഞ്ഞു പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശിയായ ഈ യുവാവ്. പ്രൊഫഷണല്‍ തബല വാദന രംഗത്ത് കൊട്ടിക്കയറുമ്പോള്‍ ഒരിക്കല്‍പ്പോലും ഒരു തെങ്ങുകയറ്റക്കാരനാകാന് ആഗ്രഹിച്ചിരുന്നില്ല. എങ്ങിനെ ഈ മേഖലയില്‍ എത്തിപ്പെട്ടെന്ന് ഷിജിനോട് തന്നെ ചോദിക്കണം.
നമ്മുടെ നാട്ടില്‍ ചെറുപ്പക്കാര്‍ ഏറെയും വെള്ളക്കോളര്‍ ജോലി തേടി അലയുകയാണ്. പരമ്പരാഗതമായി തെങ്ങുകയറ്റ മേഖലയില്‍ ജോലി നോക്കിയിരുന്നവരെപ്പോലും തെങ്ങുകയറാന്‍ കിട്ടാനില്ല. കേരകര്‍ഷകരും ഭൂവുടമകളും സാധാരണക്കാരുമെല്ലാം തെങ്ങുവെച്ചുപോയതില് ദു:ഖിക്കുന്നു. അങ്ങിനെയിരിക്കെയാണ് നാളികേര വികസനബോര്‍ഡ് എറണാകുളത്തുവെച്ച് തെങ്ങുകയറ്റ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു എന്ന് പത്രത്തിലൂടെ അറിഞ്ഞത്. അപ്രതീക്ഷിതമായിക്കണ്ട പത്രപരസ്യമാണ് തന്നെ ഈ ക്യാമ്പില്‍ എത്തിക്കാന്‍ ഇടയാക്കിയത്. ചങ്ങാതിക്കൂട്ടം എന്ന പേരില്‍ നടന്ന പരിശീലനത്തില്‍ ഒരാഴ്ച പങ്കെടുത്തു. തെങ്ങുകയറ്റ യന്ത്രം സൗജന്യമായി ലഭിക്കുകയും ചെയ്തു. പരിശീലന പരിപാടി നിയന്ത്രിക്കാനെത്തിയവര് ഷിജിന്റെ ആത്മാര്‍ത്ഥതയില്‍ അമ്പരന്നു.
വളരെ വേഗത്തില്‍ തെങ്ങുകയറ്റം പഠിച്ചു. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും തന്റെ തൊഴില്‍ മേഖലയെപ്പറ്റി പറഞ്ഞു. ആദ്യം കേട്ടവര്‍ അമ്പരന്നു. എന്നാല്‍ ചെറിയ പ്രദേശത്തിന്റെ ആശങ്ക പരിഹരിക്കാന്‍ തനിക്ക് ആവുന്നുണ്ടെന്ന് ഷിജിന് പറയുന്നു. തേങ്ങ വിളഞ്ഞ് കഴിഞ്ഞാല്‍ വീട്ടുകാര്‍ക്ക് പിന്നെ മനസ്സമാധാനമുണ്ടാവില്ല. ഉടന്‍ വിളിയായി. ഒരു ദിവസം ഇരുപതു മുതല്‍ മുപ്പതു തെങ്ങുകള്‍ വരെ കയറുന്നു. ചോദിക്കാതെ തന്നെ ന്യായമായ കൂലിയും ലഭിക്കുന്നു. ഇക്കാര്യത്തില്‍ നാളിതുവരെ ഒരു തര്‍ക്കമോ വഴക്കോ ഉണ്ടാക്കേണ്ടി വന്നിട്ടില്ല.
കേരളത്തിലെ പ്രശസ്തരായ സംഗീത കലാകാരന്മാര്ക്കൊപ്പം ഷിജിന് തബല വാദന രംഗത്തും സജീവമാണ്. സ്റ്റേജ്, ടിവി പ്രോഗ്രാമുകള്‍ ചെയ്തുവരുന്നു. പുലര്‍ച്ചെ 4ന് ആരംഭിക്കുന്ന ഷിജിന്റെ ദിനചര്യകള്‍ ആരെയും അത്ഭുതപ്പെടുത്തും. പുലര്‍ച്ചെ 4.30 മുതല്‍ പള്ളുരുത്തി അഴകിയകാവ് ക്ഷേത്രമുറ്റത്ത് യോഗാഭ്യാസ പഠനം, പിന്നീട് ഷിജിന്റെ യോഗാഭ്യാസ ക്ലാസ്. മണിക്കൂറുകളോളം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ് ഷിജിന്റെ മാസ്റ്റര്‍ പീസ്. ശ്വാസത്തെ നിയന്ത്രിച്ച് എത്ര മണിക്കൂര്‍ വേണമെങ്കിലും വെള്ളത്തില്‍ പൊങ്ങിക്കിടക്കാന് കഴിയുമെന്ന് പറയുമ്പോള്‍ ഈ 37 കാരന്റെ വാക്കുകളില്‍ അഹങ്കാരത്തിന്റെ തരിമ്പുപോലുമില്ല, നിശ്ചയദാര്‍ഢ്യം മാത്രം. കേരവൃക്ഷത്തിന്റെ പേരിലാണ് നമ്മുടെ നാട് അറിയപ്പെടുന്നത്. വരും കാലത്ത് കേരവൃക്ഷങ്ങളുടെ കടയ്ക്കല്‍ കോടാലി പതിച്ച് ഇവ ഇല്ലാതായി തീരും. തെങ്ങുകയറാന്‍ ആളെ കിട്ടാത്തതിനാല്‍ കേരളം കേരമില്ലാത്തിടമാകും…..ഷിജിന്റെ വാക്കുകളില്‍ പ്രതിഷേധ സ്വരം. നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തതാണ് ഇന്നത്തെ ച്യുതിക്ക് കാരണമെന്ന് ഷിജിന് കരുതുന്നു.
പെരുമ്പടപ്പ് നികര്‍ത്തില്‍ ശശിധരന്റേയും ജമീലയുടേയും മൂത്തമകനായ ഷിജിന് തന്റെ ചുവടുകളില്‍ വ്യക്തതയുണ്ട്. വാക്കുകളില്‍ ദൃഢതയുണ്ട്. നമ്മുടെ യുവാക്കള്‍ക്ക് ആകമാനം സന്ദേശമാകട്ടെ ഈ വ്യക്തിത്വം.
കെ.കെ.റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: