മുംബൈ: ഒരുറണ്സിനിടെ ഓപ്പണര്‍മാരായ രണ്ട് സൂപ്പര്‍ താരങ്ങളെയും നഷ്ടപ്പെട്ടിട്ടും മുംബൈ ഇന്ത്യന്‍സിന് മികച്ച വിജയം. കരുത്തരായ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ 44 റണ്‍സിന് കീഴടക്കിയാണ് മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം വിജയം കരസ്ഥമാക്കിയത്. ദല്‍ഹിയുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. ഒരു റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട മുംബൈയെ ദിനേശ് കാര്‍ത്തിക്കിന്റെയും (48 പന്തില്‍ 86 റണ്‍സ്), രോഹിത് ശര്‍മ്മയുടെയും (50 പന്തില്‍ 74), അമ്പാട്ടി റായിഡുവിന്റെയും (8 പന്തില്‍ 24) തകര്‍പ്പന്‍ വെടിക്കെട്ടിന്റെ കരുത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു.
ഐപിഎല്‍ ആറാം പതിപ്പില്‍ ആദ്യമായാണ് ഒരു ടീം 200 റണ്‍സ് പിന്നിട്ടത്. അവസാന രണ്ട് ഓവറിലെ വെടിക്കെട്ടാണ് മുംബൈ സ്കോര്‍ 200 കടത്തിയത്. 42 റണ്‍സാണ് ഈ രണ്ട് ഓവറുകളില്‍ റായിഡുവും രോഹിത് ശര്‍മ്മയും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. 210 റണ്‍സ് കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദല്‍ഹിക്ക് 9 വിക്കറ്റിന് 165 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 61 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും 49 റണ്‍സ് നേടിയ ജുനേജയും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ ദിനേശ് കാര്‍ത്തിക്കാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ മുംബൈയെ ഞെട്ടിച്ചുകൊണ്ട് ഉജ്ജ്വലമായ തുടക്കമാണ് ദല്‍ഹിക്ക് ലഭിച്ചത്. ഇര്ഫാന് പഠാന് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ റണ്ണൊന്നുമെടുക്കാതിരുന്ന റിക്കി പോണ്ടിംഗിനെ ജയവര്‍ദ്ധനെയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ സച്ചിനെ ജയവര്‍ദ്ധനെ റണ്ണൗട്ടാക്കുകയും ചെയ്തതോടെ മുംബൈ ഒന്നിന് രണ്ട് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ദല്‍ഹിയുടെ ആശ്വാസം അവിടെ തീരുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ ദിനേശ് കാര്‍ത്തികും ഒപ്പം രോഹിത് ശര്‍മ്മയും ഒത്തുചേര്‍ന്നതോടെ ദല്‍ഹിയുടെ പിടിഅയഞ്ഞു. ദിനേശ്കാര്‍ത്തിക്കിന്റെ കടന്നാക്രമണത്തില്‍ ദല്‍ഹി ബൗളര്‍മാര്‍ വശംകെട്ടു. ഒപ്പം രോഹിത് ശര്‍മ്മയും അടിച്ചുതകര്‍ക്കാന്‍ തുടങ്ങിയതോടെ ഈ കൂട്ടുകെട്ട് എങ്ങനെ പിരിക്കണമെന്നറിയാതെ ദല്‍ഹി ക്യാപ്റ്റന്‍ ജയവര്‍ദ്ധനെ തലയില്‍ കൈവച്ചു. 13.1 ഓവറില്‍ 132 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് കാര്‍ത്തിക്കും രോഹിത്തും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതിനിടെ വെറും 29 പന്തുകളില്‍ നിന്നാണ് ദിനേശ്കാര്‍ത്തിക് അര്‍ദ്ധസെഞ്ച്വറി തികച്ചത്. എട്ട് ബൗണ്ടറിയും ഒരു സിക്സറും ഇതിന് അകമ്പടി ചാര്‍ത്തി. 12 ഓവറില്‍ മുംബൈ സ്കോര്‍ 100 കടന്നു. അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷമാണ് ദിനേശ്കാര്ത്തിക്ക് കൂടുതല്‍ ആക്രമണകാരിയായത്. ഒടുവില്‍ മുംബൈയെ ഭദ്രമായ നിലയില്‍ എത്തിച്ചശേഷമാണ് കാര്‍ത്തിക് മടങ്ങിയത്. 48 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 86 റണ്‍സെടുത്ത കാര്‍ത്തികിനെ മോര്‍ക്കലിന്റെ പന്തില്‍ മെന്‍ഡിസ് പിടികൂടി. തുടര്‍ന്നെത്തിയ പൊള്ളാര്‍ഡ് 13 റണ്‍സെടുത്ത് ആശിഷ് നെഹ്റക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. സ്കോര്‍ 4ന് 163. പിന്നീടാണ് അമ്പാട്ടിറായിഡുവിന്റെ വെടിക്കെട്ടിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എട്ട് പന്തില്‍ നിന്ന് രണ്ട് വീതം ബൗണ്ടറിയും സിക്സറുമടക്കം 24 റണ്‍സെടുത്താണ് റായിഡു മടങ്ങിയത്. ഇതിനിടെ രോഹിത് ശര്‍മ്മ അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 42 പന്തില്‍ നിന്നാണ് രോഹിത് 50 കടന്നത്. ദല്‍ഹിക്ക് വേണ്ടി ആശിഷ് നെഹ്റ രണ്ട് വിക്കറ്റ് വീഴ്ത്തി.
210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ദല്‍ഹിക്ക് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്താനായില്ല. ഒരുഘട്ടത്തില്‍ രണ്ടിന് 13 എന്ന നിലയില്‍ നിന്ന് മൂന്നിന് 95 എന്ന നിലയിലേക്ക് ഉയര്‍ന്നെങ്കിലും ഡേവിഡ് വാര്‍ണര്‍ മടങ്ങിയതോടെ അവരുടെ പരാജയം ഉറപ്പായി. 10.4 ഓവറില്‍ സ്കോര്‍ 95-ല്‍ എത്തിച്ചശേഷമാണ് 37 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയും നാല് സിക്സറുമടക്കം 61 റണ്‍സെടുത്ത വാര്‍ണര്‍ മടങ്ങിയത്. ഉന്മുക്ത് ചന്ദ് (0), ജയവര്‍ദ്ധനെ (3), അജാന്ത മെന്‍ഡിസ് (0), ഇര്ഫാന് പഠാന് (10), ജാദവ് (1), നദീം (2), ആശിഷ് നെഹ്റ (1) എന്നിവര്‍ ബാറ്റിംഗില്‍ തീര്‍ത്തും പരാജയപ്പെട്ടതാണ് ദല്‍ഹിക്ക് തിരിച്ചടിയായത്. മുംബൈക്ക് വേണ്ടി മിച്ചല്‍ ജോണ്സണ്, ഓജ, പൊള്ളാര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ സീസണില്‍ ആദ്യമായി ഇറങ്ങിയ ലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: