ഭക്തിക്ക് രണ്ട് വിഭാഗമുണ്ട്. ഒന്ന് വൈധി, അതായത് സോപചാരം അഥവാ അനുഷ്ഠാനപരം. രണ്ട് മുഖ്യ അല്ലെങ്കില്‍ പരാഭക്തിപദം. ഏറ്റവും താണതരം ആരാധനമുതല്‍ അത്യുച്ചജീവിതരൂപംവരെ സകല ഭൂമികകളെയും ഉള്‍ക്കൊള്ളുന്നു. ലോകത്തിലെ ഏത് രാജ്യത്തിനും ഏത് മതത്തിലും നിങ്ങള്‍ കണ്ടിട്ടുള്ള എല്ലാ ആരാധനകളും ഭക്തികൊണ്ട് നിയമിതമാണ്. വെറും ചടങ്ങുകളായത് ഒട്ടധികവുമുണ്ട്.
ചടങ്ങുകളെയല്ലെങ്കിലും ഭക്തിയല്ലാതെ അതിനേക്കാള്‍ താണപടിയിലുള്ളതും ഒട്ടധികമുണ്ട്. എങ്കിലും ഈ ചടങ്ങുകള്‍ ആവശ്യമാണ്. ജീവനെ മുന്നോട്ടുനയിക്കുന്നതിന് ഭക്തിയുടെ ബാഹ്യാംശം അത്യന്താപേക്ഷിതമാണ്. ഒറ്റച്ചാട്ടത്തിന് അത്യുച്ചപദത്തിലെത്താമെന്ന് വിചാരിക്കുമ്പോള്‍ മനുഷ്യന് വലിയ തെറ്റുപറ്റുന്നു. താന്‍ ഒരു ദിവസം കൊണ്ട് വൃദ്ധനാകാന്‍ പോകയാണെന്ന് ഒരു ശിശു വിചാരിക്കുന്നെങ്കില്, അവന് പിഴച്ചിരിക്കുന്നു. മതം പുസ്തകങ്ങളിലോ ബിദ്ധിസമ്മതത്തിലോ യുക്തിചിന്തയിലോ അല്ല എന്ന സത്യം നിങ്ങള്‍ സര്‍വദാ ഓര്‍മിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുകയും ചെയ്യുന്നു. യുക്തിവാദങ്ങള്‍, പ്രമാണപത്രങ്ങള്‍, സിദ്ധാന്തങ്ങള്‍, ഗ്രന്ഥങ്ങള്‍, മതപരമായ ചടങ്ങുകള്‍ ഇവയെല്ലാം മതത്തിന് സഹായകങ്ങളാകുന്നു. മതം സ്വയം സാക്ഷാത്കാരാത്മകമാണ്. ‘ഈശ്വരനുണ്ട്’ എന്ന് നാമെല്ലാം പറയുന്നു. നിങ്ങള്‍ ഈശ്വരനെ കണ്ടിട്ടുണ്ടോ? അതാണ് ചോദ്യം. ‘ഈശ്വരന് സ്വര്‍ഗത്തുണ്ട്’ എന്നൊരാള്‍ പറയുന്നത് കേള്‍ക്കാം. അയാള്‍ അവിടുത്തെ കണ്ടിട്ടുണ്ടോ എന്ന് നിങ്ങള്‍ ചോദിക്കും. ഉണ്ട് എന്നയാള്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ അയാളെ പരിഹസിക്കും ഭ്രാന്തനെന്ന് പറയുകയും ചെയ്യും. മിക്കവരെ സംബന്ധിച്ചും മതം ഒരു വക ബുദ്ധിസമ്മതം മാത്രമാണ്; അതൊരു പ്രമാണപത്രത്തില്‍ കവിഞ്ഞൊന്നുമല്ല. അതിനെ മതമെന്ന് ഞാന്‍ പറയില്ല. അത്തരം മതം ഉള്ളതിനെക്കാള്‍ നല്ലത് ഒരു നാസ്തികനാകുന്നതാണ്.
– സ്വാമി വിവേകാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: