ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിഎസ്പി നേതാവും വ്യവസായിയുമായ ദീപക് ഭരദ്വാജിനെ വെടിവച്ച് കൊന്ന കേസില്‍ അദ്ദേഹത്തിന്റെ ഇളയ മകന് നിതേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ദല്‍ഹിയിലെ രജോക്രി ഫാം ഹൗസില്‍ പ്രഭാത സവാരിക്കിടെയായിരുന്നു ദീപക് ഭരദ്വാജിന് വെടിയേറ്റത്. കഴിഞ്ഞ മാസം 26നായിരുന്നു സംഭവം.പിതാവിന്റെ നീക്കങ്ങളില്‍ അസ്വസ്ഥനായിരുന്ന നിതേഷ് സഹായി ബല്ജീത്തുമൊത്ത് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നവെന്ന് പോലീസ് പറഞ്ഞു. സ്വത്തു തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
കോടീശ്വരനായ ദീപക്കിന്റെ ഭാര്യ മകന് നിതേഷിനൊപ്പം ദ്വാരകയിലാണ് താമസം. മറ്റൊരു മകന് ഹിതേഷിന്റെ വസതി വസന്ത് കുഞ്ജിലാണ്. രണ്ടുപേരും പിതാവിനെ ബിസിനസ്സില്‍ സഹായിക്കുന്നുണ്ടെങ്കിലും ഇവരുടെ പേരില്‍ വസ്തുവകളൊന്നുമില്ലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം കുടുംബാംഗങ്ങളിലേക്ക് തിരിച്ചത്. ദീപക്കിന്റെ ഭാര്യ രമേഷ് കുമാരിയെയും ഹിതേഷിനെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
കൊലപാതകം നടത്താന്‍ മൂന്ന് കോടിയിലേറെ രൂപ നല്‍കിയിട്ടുണ്ടെന്ന വിവരവും സംഭവത്തിന് പിന്നില്‍ കോടീശ്വരന്മാരാകുമെന്ന നിഗമനത്തില്‍ പോലീസിനെ എത്തിക്കുകയായിരുന്നു. നിതേഷിനൊപ്പം സഹായി ബല്‍ജിത് ഷെറാവത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മുതല്‍ പോലീസ് ഇരുവരെയും ചോദ്യം ചെയ്തുവരികയായിരുന്നു. ദല്‍ഹിയിലെ ഫാം ഹൗസില്‍ വസ്തു ഇടപാടുകാരായി വന്ന രണ്ട് പേരാണ് ദീപക് ഭരദ്വാജിനെ വെടിവെച്ചുകൊന്നത്. നിതേഷിന്റെ സഹായി ബല്ജിതായിരുന്നു അഭിഭാഷകനായും വസ്തു ഇടപാടുകാരനായും അഭിനയിച്ചത്.
അതേസമയം, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സ്വാമി പ്രതിമാനന്ദ് ഇപ്പോഴും ഒളിവിലാണ്. പ്രതിമാനന്ദ് ദീപക് ഭരദ്വാജിനെ കൊലപ്പെടുത്താന്‍ രണ്ട് കോടിരൂപ വാഗ്ദാനം ചെയ്തിരുന്നതായി വാടകകൊലയാളികള്‍ വെളിപ്പെടുത്തിയിരുന്നു. ബീഹാറിലെ പാട്നയിലാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്.ഇവിടെനിന്ന് ഇയാള്‍ കൊല്‍ക്കത്തയിലേക്ക് കടന്നിരിക്കുമെന്നാണ് പോലീസ് നിഗമനം. അറസ്റ്റ് ഒഴിവാക്കാന്‍ പ്രതിമാനന്ദ് നേപ്പാളിലേക്ക് കടക്കാന്പദ്ധതിയിടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദീപക്കിനെ കൊലപ്പെടുത്താന്‍ പ്രതിമാനന്ദിന്റെ നേതൃത്വത്തില്‍ പലവട്ടം ചര്ച്ചനടന്നിരുന്നതായി പോലീസ് പറഞ്ഞു. ഹരിദ്വാറില്‍ വച്ച് ദീപക്കിനെ കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതിയെന്നും എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. കേസുമായിബന്ധപ്പെട്ട് രണ്ട് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റിലാകുകയും മുന്നൂറോളം പേരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2009 ലെ ലോക്സഭ തെരഞ്ഞടുപ്പില്‍ ഏറ്റവും ധനികനായ സ്ഥാനര്‍ത്ഥികളില്‍ ഒരാളായിരുന്നു കൊല്ലപ്പെട്ട ദീപക് ഭരദ്വാജ്. 600 കോടിയുടെ ആസ്തിയായിരുന്നു ദീപക്കിന് അന്നുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: