വാഷിംഗ്ടണ്‍: രണ്ട് പതിറ്റാണ്ടായി കാശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാസേനയെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്ന പാക്കിസ്ഥാനി ഭീകരസംഘടന ലഷ്കറെ തോയ്ബ ആഗോള തലത്തിലേക്ക് വളര്‍ന്നതായും അതിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായും അമേരിക്കന്‍ പഠനങ്ങള്‍ മുന്നറിയിപ്പു നല്കുന്നു. പാക് വംശജനായ അമേരിക്കയിലെ ലഷ്കര്‍ തലവന്‍ ഡേവിഡ് ഹെഡ്ലിയും അയാള്‍ നേതൃത്വം നല്കി നടപ്പാക്കിയ 2008 നവംബറിലെ മുംബൈ ആക്രമണവും ഈ ഭീകരസംഘടന പ്രാദേശിക സുരക്ഷയ്ക്കൊപ്പം പാശ്ചാത്യജനതയ്ക്കും ഭീഷണിയാകുന്നതിന്റെ പ്രധാന തെളിവാണ്.
പാശ്ചാത്യരെ ഉള്‍പ്പെടുത്തിയുള്ള മുംബൈ ആക്രമണവും കഴിഞ്ഞ പതിറ്റാണ്ടിലെ മറ്റ് നിരവധി രാജ്യാന്തര ഭീകരസംഘങ്ങളുമായുള്ള ബന്ധവും ഈ സംഘടനയുടെ പോക്കിനെക്കുറിച്ച് വ്യക്തമായ ചിത്രം നല്കുന്നു. ഇവരുടെ പ്രവര്‍ത്തനവും ആക്രമണങ്ങളും കേവലം പ്രാദേശികമല്ല മറിച്ച് അവര്‍ ആഗോളതലത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. മരണമടഞ്ഞ 900 ത്തോളം ലഷ്കര്‍ ഭീകരരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആധാരമാക്കിയാണ് പഠനം നടന്നിരിക്കുന്നത്.
വെസ്റ്റ് പോയിന്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഒരാള്‍ 16 വയസ്സുള്ളപ്പോള്‍ ലഷ്കര്‍ അംഗമായി മാറി ഭീകരവാദത്തിലേക്ക് തിരിയുന്നു. അയാള്‍ 21 വയസ്സുള്ളപ്പോള്‍ മരിക്കുകയും ചെയ്യും. ലഷ്കര്‍ ഭീകരനായി പ്രവേശനം കിട്ടി മരണം വരെയുള്ള കാലയളവ് വെറും അഞ്ചുവര്‍ഷം മാത്രമാണ്. മാതാപിതാക്കളും ബന്ധുക്കളും ഒരു ലഷ്കര്‍ ഭീകരന്റെ പിറവിക്കും പിന്നീട് ഭീകരനായി പ്രവര്‍ത്തിക്കുന്നതിലും പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.
അടിസ്ഥാനപരമായ തിരിച്ചറിവിനും ചെറുപ്പക്കാര്‍ക്ക് ജിഹാദില്‍ പങ്കെടുക്കാനുള്ള തീരുമാനത്തിനും മാതാപിതാക്കളുടെ സ്വാധീനം എത്ര വലുതാണെന്ന് പണ്ഡിതന്മാര് മനസ്സിലാക്കണമെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ചെറുപ്പക്കാരാണ് ലഷ്കര്‍ ഭീകരരില്‍ ഭൂരിഭാഗവുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലഷ്കര്‍ സംഘടനയിലേക്ക് ആളെ ചേര്‍ക്കുന്നതിന് പന്ത്രണ്ട് വിവിധ മാര്‍ഗങ്ങളുണ്ടെന്ന് വെസ്റ്റ് പോയിന്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലഷ്കര്‍ അംഗം വഴി (20 ശതമാനം), കുടുംബാംഗം വഴി (20), പള്ളിയും മദ്രസയും വഴി (17), ലഷ്കര്‍ പ്രഭാഷണവും സാഹിത്യവും വഴി (12), മറ്റ് സൗഹൃദങ്ങള്‍ വഴി (5 ശതമാനം) യുമാണ് പ്രധാനമായും ആളെ ചേര്ക്കുന്നതത്രെ. 2000 മുതല്‍ക്ക് കുടുംബാംഗങ്ങള്‍ വഴിക്കുള്ള ആളെ ചേര്‍ക്കല്‍ ശക്തമായിട്ടുണ്ട്. 2004 വരെ ഈ വഴിക്ക് 40 ശതമാനം പേരെ ലഷ്കര്‍ ഭീകരപ്രവര്‍ത്തനത്തിന് ചേര്‍ത്തിട്ടുമുണ്ട്. പാക്കിസ്ഥാനിലെ മുസാഫറാബാദിലും അഫ്ഗാനിസ്ഥാനിലുമാണ് ലഷ്കര്‍ പരിശീലനം നടക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളില്‍ 75 ശതമാനവും ലഷ്കര്‍ ഭീകര പരിശീലനത്തിനായി നീക്കിവച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതില്‍ 94 ശതമാനം ഭീകരരും ഇന്ത്യയിലെ കാശ്മീരിലാണ് മുന്നില്‍ നിന്ന് യുദ്ധം ചെയ്യുന്നത്. അഫ്ഗാനിസ്ഥാന്, ചെച്നിയ, താജിക്കിസ്ഥാന്‍, ബോസ്നിയ എന്നിവിടങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ടെങ്കിലും എണ്ണം വളരെ കുറവാണ്. കാശ്മീരിലെ കുപ്വാര, ബാരാമുള്ള, പൂഞ്ച് എന്നീ ജില്ലകളിലാണ് 1989 മുതല്‍ പകുതിയോളം ലഷ്കര്‍ ഭീകരരും മരിച്ചു വീണത്. തെരഞ്ഞെടുക്കപ്പെട്ട ജില്ലകളില്‍ ഇന്ത്യന്‍ സുരക്ഷാ സൈന്യത്തിന് നേരെ യുദ്ധം ചെയ്യുന്നതിന് തന്ത്രപരമായ സമ്മര്‍ദ്ദം ഇതിലൂടെ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: