ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ നവയുഗ പ്രതിഭയാണ് വിരാട് ഹ്ലി. മാധ്യമലോകവും കളിവിചക്ഷണന്മാരും ആരാധകരും ചുമ്മാതങ്ങു ചാര്‍ത്തികൊടുത്തതല്ല ആ വിശേഷണം. താരത്തിന്റെ മാറ്ററിഞ്ഞുള്ള ശരിയായ വിലയിരുത്തല്‍ തന്നെയാണത്. ഈ ദല്ഹിക്കാരന് യുവാവിന്റെ ബാറ്റ് നിറയെ നയനാഭിരാമമായ ഷോട്ടുകളാണ്. അണമുറിയാത്ത ഊര്‍ജ പ്രവാഹമായി അതൊഴുകിയ രാവില്‍ ഐപിഎല്ലിലെ പുതിയ സൂര്യന്മാരായ ഹൈദരാബാദ് സണ്‍റൈസേഴ്സ് കന്നി ത്തോല്വിയുടെ മേഘപടമണിഞ്ഞു. അങ്ങനെ ദിവസങ്ങള്‍ക്കു മുന്‍പ് സൂപ്പര്‍ ഓവറില്‍ തങ്ങളെ കീഴടക്കിയ എതിരാളിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്കി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പ്രതികാരത്തിന്റെ സുഖമറിഞ്ഞു. കോഹ്ലിയുടെ ആധികാരിക പ്രകടനത്തിലൂടെ ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തില്‍ ഏഴു വിക്കറ്റിനായിരുന്നു ചലഞ്ചേഴ്സിന്റെ രാജകീയ ജയം. 47 പന്തില്‍ പതിനൊന്ന് ബൗണ്ടറികളും നാലു സിക്സറുകളും പറത്തി പുറത്താകാതെ 93 റണ്‍സടിച്ചുകൂട്ടിയ ഹ്ലി മാന്‍ ഓഫ് ദ മാച്ച് പട്ടവും കഴുത്തിലണിഞ്ഞു. സ്കോര്‍: സണ്‍റൈസേഴ്സ്- 6ന് 161 (20 ഓവര്‍). റോയല്‍ ചലഞ്ചേഴ്സ്- 3ന് 162 (17.4).
കം ഓണ്‍ കോഹ്ലി വിളികള്‍ മാത്രമായിരുന്നു ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടത്. കോഹ്ലി അതു ശരിക്കാസ്വദിച്ചു. ചേതോഹരമായ കട്ടുകളിലൂടെ സ്പിന്നര്‍മാരെ അതിര്‍ത്തി കടത്തി; ദാക്ഷിണ്യമില്ലാത്ത ഡ്രൈവുകളിലൂടെ പേസര്‍മാരെയും. ആക്രമണോത്സുകതയുടെ ഔന്നത്യങ്ങളിലെത്തുമ്പോഴും പിഴവുകള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കോഹ്ലി താണ്ഡവമാടിയ വേളയില്‍ സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ ഗ്രൗണ്ടിന്റെ നാലുപാടും തുരത്തിയോടിക്കപ്പെട്ടു. നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയ സ്പിന്നര്‍ അമിത് മിശ്രയയായിരുന്നു തല്ലുകൊള്ളികളില്‍ പ്രധാനി. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്മാത്രം ( 4 ഓവറില്‍ 16) കോഹ്ലിയുടെ കടന്നാക്രമണത്തെ അതിജീവിച്ചു.
വെടിക്കെട്ടുകള്‍ക്ക് പേരുകേട്ട ഓപ്പണര്‍ ക്രിസ് ഗെയ്ല് (13) മടങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് പരുങ്ങുമെന്നു തോന്നി. മായങ്ക് അഗര്‍വാളും (20 പന്തില്‍ 29) കത്തിയാളിയെങ്കിലും എരിഞ്ഞടങ്ങി.
പിന്നെ കോഹ്ലി ഷോയുടെ ആരംഭം. എബി ഡിവില്ലിയേഴ്സുമൊത്ത് 49 റണ്‍സിന്റെ മിന്നല്‍ സഖ്യം. അതില്‍ 24 റണ്‍സും കോഹ്ലിയുടെ വക. 12 ഓവറിന്റെ അവസാന പന്തില്‍ എബിഡി (15ാമടങ്ങി. മോയ് സസ് ഹെന്റ്റിക്സ് നായകന് കൂട്ടായെത്തി.
ഒരുവശത്ത്നോക്കിനില്ക്കേണ്ട കാര്യമേ ഹെന്റ്റിക്സിനുണ്ടായുള്ളു. നാലാം വിക്കറ്റില്‍ പിറന്ന 65 റണ്‍സില്‍ 58 കോഹ്ലി സ്വന്തം പേരില്‍ എഴുതി. അവസാന അഞ്ച് ഓവറില്‍ ചലഞ്ചേഴ്സിന് 45 റണ്‍സ് എന്ന ലക്ഷ്യം. സണ്‍റൈസേഴ്സിനും സാധ്യതകളുടെ തുറന്നവാതില്‍. എന്നാല്‍ അമിത് മിശ്രയുടെ ഓവറില്‍ തുടര്‍ച്ചയായ സിക്സറുകള്‍ തൊടുത്ത കോഹ്ലി 21 റണ്‍സ് വാരി. അടുത്ത രണ്ട് ഓവറില്‍ അഞ്ച് ബൗണ്ടറികള്‍ ആ ബാറ്റില്‍ നിന്നു മൂളിപ്പറന്നു.
ഒടുവില്‍ ഇശാന്ത് ശര്‍മയെ സ്ക്വയര്‍ ഡ്രൈവ് ചെയ്തു കോഹ്ലി വിജയ റണ്‍സും കുറിച്ചു. തിസാര പെരേരയും കാമറൂണ്‍ വൈറ്റും ഇശാന്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, കാമറൂണ്‍ വൈറ്റ് (52), പെരേര (40) എന്നിവരുടെ ബലത്തിലാണ് സണ്‍റൈസേഴ്സ് ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്.
വൈറ്റ് മൂന്നു തവണ പന്ത് ഗ്യാലറി കാണിച്ചു; മൂന്നു തവണ അതിര്‍ത്തിയും കടത്തി. പെരേര നാലു സിക്സറുകളും ഒരു ഫോറും പോക്കറ്റിലാക്കി. ചലഞ്ചേഴ്സിനു വേണ്ടി ആര്.പി. സിങ് മൂന്ന് ഇരകളെ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: