കരുനാഗപ്പള്ളി: ഇടക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടയില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ടോളം ഭക്തജനങ്ങള്‍ക്കും നാല് പോലീസുകാര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു, സന്തോഷ്, വിപിന്‍, വിനോദ് എന്നിവരെ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിലും കൊല്ലം കെഎപി ബറ്റാലിയനിലെ തോമസ് ആന്റണി, ശ്രീനാഥ് എന്നിവരടക്കം നാല് പോലീസുകാരെ കരുനാഗപ്പള്ളി ഗവണ്മെന്റ് ആശുപത്രിയിലും മറ്റുള്ളവരെ താലൂക്കിലെ വിവിധ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ഗാനമേള നടക്കവേ സംഘടിച്ചെത്തിയ പോപ്പുലര്‍ഫ്രണ്ടുകാര്‍ രണ്ടുഗ്രൂപ്പായി തിരിഞ്ഞ് അക്രമം അഴിച്ചുവിടുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ച പോലീസുകാരെയും ഭക്തജനങ്ങളെയും ഇവര്‍ പൊതിരെതല്ലി. ഭക്തജനങ്ങള്‍ സംഘടിച്ച് പ്രതികരിച്ചപ്പോള്‍ പിന്തിരിഞ്ഞോടിയ അക്രമികള്‍ വീണ്ടും സംഘടിതരായെത്തി അക്രമം നടത്തി. ഇതു പലതവണ തുടര്‍ന്നു. രാവിലെയാണ് ആക്രമണത്തിന് അയവ് വന്നത്. ഇടക്കുളങ്ങരയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ക്ഷേത്രഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. അക്രമം ആസൂത്രിതമാണെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ത്ത് രഹസ്യ അജണ്ട നടപ്പാക്കാനുള്ള ഭീകരസംഘടനകളുടെ നീക്കമാണെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത ആര്‍എസ്എസ് ഗ്രാമജില്ലാ കാര്യവാഹ് എ. വിജയന് പറഞ്ഞു. സംഭവത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രഭാകരപിള്ള അധ്യക്ഷനായിരുന്നു. ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി എ.പി. ഗോപകുമാര്‍, പി.ആര്. സേനന് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ ഓച്ചിറ രവി, പൂങ്കുഴി മുരളി, ആര്. രാജേഷ്, അഭീഷ്, സന്തോഷ്, പി.കെ. സുധീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
സംഭവത്തെ തുടര്‍ന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, ആര്‍എസ്എസ് ഗ്രാമജില്ലാ കാര്യവാഹ് എ. വിജയന്, ഹിന്ദുഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍, കരുനാഗപ്പള്ളി താലൂക്ക് ക്ഷേത്ര ഏകോപനസമിതി സെക്രട്ടറി വയലില്‍തറ കാര്ത്തികേയന്, ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് ആര്. രാജേഷ്, ഹിന്ദുഐക്യവേദി ജില്ലാ വൈസ്പ്രസിഡന്റ് വാളത്തുംഗല്‍ അശോകന് എന്നിവര്‍ ക്ഷേത്രം സന്ദര്‍ശിച്ച് ക്ഷേത്രഭരണസമിതിയുമായി ചര്‍ച്ച നടത്തി.
പ്രതിഷേധ യോഗത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍, ജില്ലാ പ്രസിഡന്റ് കെ. രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: