കൊളംബോ: ശ്രീലങ്കയില്‍ നൂറ്റി അമ്പത് അസ്ഥികൂടങ്ങള്‍ ഒന്നിച്ചു കണ്ടെത്തിയ സംഭവം അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍. ദശാബ്ദങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട മാര്‍ക്സിസ്റ്റ് വിമതരുടേതാകും അസ്ഥികൂടങ്ങളെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കൊളംമ്പോയില്‍ നിന്ന് 105 കിലോമീറ്റര്‍ അകലെയുള്ള മാടാലെയില് സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തായി ഒന്നിച്ചു സംസ്ക്കരിക്കപ്പെട്ട നിലയിലാണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.
ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ പ്രസിഡന്റ് രജപക്സെ തീരുമാനമെടുത്തതായി ദേശീയ സുരക്ഷയ്ക്കുള്ള മീഡിയാസെന്റര്‍ മേധാവി ലക്ഷ്മണ് ഹുലുഗല്ലേ പറഞ്ഞു. കമ്മീഷന് അംഗങ്ങളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നിലവിലുള്ള പോലീസ് അന്വേഷണത്തിന് പുറമെയായിരിക്കും പുതിയ അന്വേഷണകമ്മീഷനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മടാലെയില് ആശുപത്രിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തൊഴിലാളികളാണ് അസ്ഥികൂടങ്ങള്‍ ആദ്യം കണ്ടെത്തിയത്. ഒന്നിന് മുകളില്‍ ഒന്നായി അഞ്ചുംആറും മൃതദേഹങ്ങള്‍ ചേര്‍ത്ത് സംസ്ക്കരിച്ചതു പോലെയാണ് കാണപ്പെട്ടത്. ഇവയ്ക്ക് 25 വര്‍ഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അക്കാലത്ത് കൊല്ലപ്പെട്ട മാര്‍ക്സിസ്റ്റ് വിമതരുടേതാകാം ഇവയെന്നും ഇത് സംബന്ധിച്ച കേസ് പരിഗണിക്കവേ കോടതി അഭിപ്രായപ്പെട്ടിരുന്നു.
പുരാവസ്തു ഗവേഷകരും ആരോഗ്യരംഗത്തെ വിദഗ്ധരും നടത്തിയ പരിശോധനകളില്‍ മരണം നടന്നത് 1987-90 കാലഘട്ടങ്ങളിലാണെന്ന് വ്യക്തമായിരുന്നു. ഇക്കാലയളവില്‍ സുരക്ഷാസേന അറസ്റ്റ് ചെയ്ത നൂറുകണക്കിന് വിമത മാക്സിസ്റ്റുകള്‍ കൂട്ടത്തോടെ അപ്രത്യക്ഷരായിട്ടുണ്ട്. എന്നാല്‍ 1940 കളില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ച വ്യാധികളില്‍ മരിച്ചവരുടേതോ മണ്ണിടിച്ചിലില്‍ കുടുങ്ങി കൊല്ലപ്പെട്ടവരുടെയോ അസ്ഥികൂടങ്ങളാകുമിതെന്നായിരുന്നു പ്രാഥമിക നിഗമനങ്ങള്‍. അതേസമയം, ആശുപത്രി രേഖകളില്‍ ഇത്രയുംപേരെ ഒന്നിച്ച് ആശുപത്രി പരിസരത്ത് മറവ് ചെയതത് സംബന്ധിച്ച സൂചനകളൊന്നുമുണ്ടായിരുന്നില്ല.
ഇതിനിടെ അസ്ഥികൂടങ്ങള്‍ തങ്ങളുടെ പ്രവര്ത്തകരുടേതാതാകാമെന്നും സുരക്ഷാസേന ഇവരെ കൂട്ടക്കൊല ചെയ്തതാകുമെന്നും മാര്‍ക്സിസ്റ്റ് സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രന്റ് ആരോപിച്ചു.
ഇക്കാര്യത്തില്‍ ഉടന്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1971 ലും 87-89 കാലഘട്ടത്തിലും പീപ്പിള്‍സ് ലിബറേഷന്‍ ഫ്രന്റ് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയിരുന്നു. ലങ്കയിലെ ഭൂരിപക്ഷവിഭാഗമായ സിംഹളവംശജരാണ് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരിലധികവും. സാമ്പത്തിക അസമത്വത്തിനെതിരെയാണ് ഇവര്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: