ആലുവ: തായിക്കാട്ടുകര സ്വദേശി ഹണി കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ സഞ്ചരിച്ച കെഎല്‍-44-1900 ഇന്നോവ കാര്‍ മലപ്പുറം ജില്ലയിലെ പുതുപൊന്നാനിയില്നിന്നും കസ്റ്റഡിയിലെടുത്തു. ഡിവൈഎസ്പി ആര്.സലീമിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് അന്വേഷണസംഘം സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നമ്പര്‍ തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ വാഹനം വഴിയരികില്‍ ഉപേക്ഷിച്ചതാകാമെന്ന് കരുതുന്നു.
പ്രതികള്‍ രണ്ടായി പിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അന്വേഷണസംഘവും രണ്ടായി തിരിഞ്ഞാണ് തെരച്ചില്‍. പ്രതികളെക്കുറിച്ച് വ്യക്തമായതോടെ ഇവരുടെ ബന്ധുക്കളെ വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കാറുടമയായ ശ്രീമൂലനഗരം സ്വദേശി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ സുഹൃത്ത് ആവശ്യപ്പെട്ടതനുസരിച്ചാണ് ഗുണ്ടാസംഘത്തിന് കാര്‍ വാടകയ്ക്ക് നല്‍കിയത്. കൊലപാതകത്തിന് പിന്നില്‍ തായിക്കാട്ടുകര കോളനി ഭാഗത്തെ ചില യുവാക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുമായി ബന്ധമുള്ള നാലുപേരെ പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പണം പലിശക്ക് കൊടുക്കുന്ന ഏര്‍പ്പാട് ഹണിക്കുമുണ്ടായിരുന്നു. ഹണിയുടെ സുഹൃത്ത്വലയത്തിലുണ്ടായിരുന്നവര് തന്നെയാണ് പ്രതികളില്‍ ചിലരും. അടുത്തിടെയായി പണം പലിശയ്ക്ക് നല്കുന്ന ഇടപാടും ഹണി തുടങ്ങിയിരുന്നു. പണം തിരിച്ചുകിട്ടുന്നതിന് പ്രയാസം നേരിടുമ്പോള്‍ ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങുന്നതിനും മറ്റും ഇവരെ ഇതിനുമുമ്പ് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇവരിലൊരാള്‍ക്ക് അത്യാവശ്യം വന്നപ്പോള്‍ പണം പലിശയ്ക്ക് നല്‍കാമെന്ന് ഹണി പറഞ്ഞിരുന്നു.
എന്നാല്‍ റെന്റ് എ കാര്‍ ബിസിനസ് തുടങ്ങുന്നതിനുവേണ്ടി കാര്‍ വാങ്ങിയതിനാല്‍ പണം കൈവശമില്ലെന്ന് ഹണി അറിയിച്ചതില്‍ ഇയാള്‍ പ്രകോപിതനായി. തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനുവേണ്ടിയാണ് ഹണിയെ ടെലിഫോണില്‍ വിളിച്ചുവരുത്തിയത്. ഭീഷണിപ്പെടുത്തുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ തലയ്ക്ക് അടിയേറ്റതാണ് മരണത്തിന് കാരണമാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: