മുംബൈ: ഐപിഎല്‍ ആറാം പതിപ്പില്‍ ആദ്യ വിജയം തേടി ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെ ഇറങ്ങുന്നു. രാത്രി എട്ടിന് മുംബൈയിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ ഇന്ന് ദല്‍ഹിക്കെതിരെ അങ്കത്തിനിറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സിന് ബാംഗ്ലൂര്‍ ടീമിനോട് പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് രണ്ടാം പോരാട്ടത്തില്‍ ചെന്നൈയെ മുട്ടുകുത്തിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്. ക്യാപ്റ്റന്‍ റിക്കിപോണ്ടിംഗും, മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും, അമ്പാട്ടി റായിഡുവും, രോഹിത് ശര്‍മ്മയും മത്സരം ഒറ്റക്ക് ജയിപ്പിക്കാന്‍ കഴിവുള്ളവരാണെങ്കിലും ഇവരൊന്നും ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നതാണ് മുംബൈയെ കുഴക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ദിനേശ് കാര്‍ത്തിക്കിന്റെയും പൊള്ളാര്‍ഡിന്റെയും മികച്ച ഫോമാണ് മുംബൈക്ക് ആശ്വാസം പകരുന്നത്.
എന്നാല്‍ ബാറ്റിംഗ്നിരയെ അപേക്ഷിച്ച് ബൗളിംഗ്നിര കൂടുതല്‍ മികവ് പുലര്‍ത്തുന്നുണ്ട്. ലസിത് മലിംഗയുടെ അഭാവം മുംബൈയെ കുഴക്കുന്നുണ്ടെങ്കിലും ഫാസ്റ്റ് ബൗളര്‍ മുനാഫ് പട്ടേലും മിച്ചല്‍ ജോണ്‍സണും ഹര്‍ഭജനും പ്രഗ്യാന്‍ ഓജയും യുവതാരം ജസ്പ്രീത് ബുംറയും മികച്ച പ്രകടനമാണ് നടത്തുന്നത്. ഇത് മുംബൈ ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.
മറുവശത്ത് ആദ്യ രണ്ട് മത്സരങ്ങളില്‍ സെവാഗ് കളിക്കാതിരുന്നതാണ് ദല്‍ഹിയെ കനത്ത സമ്മര്‍ദ്ദത്തിലാക്കിയത്. എന്നാല്‍ ടീമിന് ആശ്വാസം പകര്‍ന്ന് സെവാഗ് ഇന്നലെ പരിശീലനത്തിനിറങ്ങി. ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ സെവാഗ് കളിച്ചേക്കുമെന്നാണ് സൂചന. മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയാണ് ദല്‍ഹിയെ കുഴക്കുന്നത്. ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെയാണ് ഫോമിലുള്ള ഏക താരം. ഡേവിഡ് വാര്‍ണര്‍ കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്കുയര്‍ന്നതും ദല്‍ഹിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഇര്ഫാന് പഠാനും ഉമേഷ് യാദവും നയിക്കുന്ന ബൗളിംഗ്നിര കടലാസില്‍ കരുത്തരാണെങ്കിലും ഗ്രൗണ്ടില്‍ ആ നിലവാരത്തിലേക്കുയരുന്നില്ല. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ആദ്യ വിജയത്തിനായി ദല്‍ഹിയും വിജയപരമ്പര തുടരാന്‍ മുംബൈയും ഇറങ്ങുമ്പോള്‍ ആവേശം ഉയരുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: