റോം: ഇറ്റാലിയന്‍ സീരി എയില്‍ മുന്‍ ചാമ്പ്യന്മാരായ ഇന്റര്മിലാന് പരാജയം. അറ്റ്ലാന്റയാണ് മുന്‍ ചാമ്പ്യന്മാരെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നശേഷമാണ് ഇന്റര്മിലാന് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. അര്‍ജന്റീനന്‍ താരം ജെര്‍മന്‍ ഡെന്നീസ് നേടിയ ഹാട്രിക്കാണ് അറ്റ്ലാന്റക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. 14 മിനിറ്റിനിടെയാണ് ഡെന്നീസ് മൂന്നുഗോളുകള്‍ അടിച്ചത്. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയതും ഇന്ററായിരുന്നു. 44-ാം മിനിറ്റില്‍ തോമസ് റോച്ചിയിലൂടെയാണ് ഇന്റര്‍ ആദ്യം മുന്നിലെത്തിയത്. പിന്നീട് 56-ാം മിനിറ്റില്‍ ബൊണാവെഞ്ച്വറയുടെ ഗോളില്‍ അറ്റ്ലാന്റ സമനിലപിടിച്ചു. പിന്നീട് 57-ാം മിനിറ്റില്‍ മികച്ചൊരു ആക്രമണത്തിനൊടുവില്‍ റിക്കാര്‍ഡോ ആല്‍വരസ് ഇന്ററിനെ വീണ്ടും മുന്നിലെത്തിച്ചു. നാല് മിനിറ്റിനുശേഷം ആല്‍വരസ് തന്റെ രണ്ടാം ഗോളും ഇന്ററിന്റെ മൂന്നാം ഗോളും സ്വന്തമാക്കി. പിന്നീടായിരുന്നു ഡെന്നീസിന്റെ ഹാട്രിക്ക് പ്രകടനം. 64, 71, 77 മിനിറ്റുകളിലാണ് ജെര്‍മന്‍ ഡെന്നീസ് ഇന്റര്‍ വല കുലുക്കി തന്റെ ഹാട്രിക്കും ടീമിന്റെ വിജയവും പൂര്‍ത്തിയാക്കിയത്.
മറ്റൊരു മത്സരത്തില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ നപ്പോളി മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗനോവയെ കീഴടക്കി. പന്ഡേവും ഡെസ്മെയിലിലുമാണ് നപ്പോളിയുടെ ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ പലേര്‍മോ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സാംപദോറിയെയും ഉദിനീസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ചീവോയെയും പരാജയപ്പെടുത്തിയപ്പോള്‍ എസി മിലാനും ഫിയോറന്റീനയും സിയനയും പാര്‍മയും തമ്മിലുള്ള പോരാട്ടങ്ങള്‍ സമനിലയില്‍ കലാശിച്ചു.
10 പേരുമായി കളിച്ചാണ് ഫിയോറന്റീന എസി മിലാനെ സമനിലയില്‍ തളച്ചത്. 39-ാം മിനിറ്റില്‍ നെനാദ് ടോമോവിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെയാണ് ഫിയോറന്റീന 10 പേരായി ചുരുങ്ങിയത്. 2-0ന് മുന്നിലെത്തിയശേഷമാണ് 10 പേരുമായി കളിച്ച് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഫിയോറന്റീന സമനില പിടിച്ചത്. മിലാനുവേണ്ടി 14-ാം മിനിറ്റില്‍ റിക്കാര്‍ഡോ മോണ്ടാലിവോ, 62-ാം മിനിറ്റില്‍ മാത്യു ഫ്ലാമിനി എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഫിയോറന്റീനയുടെ ഗോളുകള്‍ നേടിയത് 66-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആഡം ലാജിക്കും 77-ാം മിനിറ്റില്‍ പിസറോയുമാണ്.
31 മത്സരങ്ങള്‍ പൂര്‍ത്തിയായ സീരി എയില്‍ 71 പോയിന്റുമായി ജുവന്റാണ് മുന്നില്‍. 62 പോയിന്റുമായി നപ്പോളി രണ്ടാം സ്ഥാനത്തും 58 പോയിന്റുമായി എസി മിലാന് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: