ഹൈദരാബാദ്: സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സ് സൂപ്പറായി. ട്വന്റി 20 ക്രിക്കറ്റിന്റെ സൗന്ദര്യവും ആവേശവും മുഴുവനും ഒത്തുചേര്‍ന്ന പോരാട്ടത്തിനൊടുവില്‍ നടന്ന സൂപ്പര്‍ ഓവറിലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ കീഴടക്കിയത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജലയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിനും നിശ്ചിത ഇരുപത് ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് എടുക്കാനേ കഴിഞ്ഞൂള്ളൂ. ഇതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. സൂപ്പര്‍ ഓവറില്‍ കൊടുങ്കാറ്റുകണക്കെ ബാറ്റ് വീശിയ കാമറൂണ്‍ വൈറ്റിന്റെ രണ്ട് തകര്‍പ്പന്‍ സിക്സറുകളുടെ പിന്‍ബലത്തില്‍ സണ്‍റൈസേഴ്സ് 20 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂരിന് 15 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സണ്‍ റൈസേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
കാമറൂണ്‍ വൈറ്റും തിസാര പെരേരയുമാണ് സൂപ്പര്‍ ഓവറില്‍ സണ്‍റൈസേഴ്സിന് വേണ്ടി ബാറ്റേന്തിയത്. രണ്ട് സിക്സറുകള്‍ അടക്കം വൈറ്റ് നേടിയ 17 റണ്‍സിന്റെ ബലത്തില്‍ സണ്‍റൈസേഴ്സിന്റെ സ്കോര്‍ 20 ലെത്തി. ചലഞ്ചേഴ്സിന്റെ മറുപടി ഓവറില്‍ ഗെയ്ലും കോഹ്ലിയും ബാറ്റേന്തിയപ്പോള്‍ ആരാധകരും പ്രതീക്ഷയിലായിരുന്നു. കോഹ്ലിയില് നിന്ന് ഒരു ഫോറും ഗെയ്ലില്‍ നിന്ന് ഒരു സിക്സും പിറന്നെങ്കിലും ചലഞ്ചേഴ്സിന്റെ സ്കോര്‍ 15 ല്‍ ഒതുങ്ങി.
നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ മുന്‍നിര-മധ്യനിര ബാറ്റ്സ്മാന്മാര് തീര്‍ത്തും പരാജയപ്പെട്ടതോടെ മികച്ച സ്കോര്‍ നേടാനും ബാംഗ്ലൂരിന് കഴിഞ്ഞില്ല. രണ്ടുപേര്‍ മാത്രമാണ് ബാംഗ്ലൂര്‍ ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്. 46 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്കോറര്‍. കോഹ്ലിക്ക് പുറമെ ഹെന്റിക്കസ് 44 റണ്‍സുമെടുത്തു. ഒരുഘട്ടത്തില്‍ മൂന്നിന് 42 എന്ന നിലയില്‍ തകര്‍ന്ന ബാംഗ്ലൂരിന് അല്പമെങ്കലും ഭേദപ്പെട്ട സ്കോര്‍ നേടിക്കൊടുത്തത് ഇരുവരും ചേര്‍ന്നാണ്.
ക്രിസ് ഗെയില്‍ (1), ദില്ഷന് (5), കരുണ്‍ നായര്‍ (9), അഗര്‍വാള്‍ (7), അരുണ്‍ കാര്‍ത്തിക് (0), വിനയ്കുമാര്‍ (7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഇതോടെയാണ് ബാംഗ്ലൂര്‍ സ്കോര്‍ 130 റണ്‍സിലൊതുങ്ങിയത്. സണ്‍റൈസേഴ്സിന് വേണ്ടി ഇഷാന്ത് ശര്‍മ്മ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഡെയില്‍ സ്റ്റെയിന്, അമിത് ശര്‍മ്മ, തിസാര പെരേര, ഹനുമ വിഹാരി, അശിഷ് റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
131 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍ പാര്‍ത്ഥിപ് പട്ടേലിനെ റൈസേഴ്സിന് നഷ്ടമായി. മൂന്നാം ഓവറില്‍ കാമറൂണ്‍ വൈറ്റും പുറത്തായി. രണ്ടു വിക്കറ്റുകളും വീഴ്ത്തിയ മോയ്സസ് ഹെന്റിക്കസാണ് റൈസേഴ്സിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നല്‍കിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അക്ഷാത് റെഡ്ഡിയും(23) ഹനുമ വിഹാരിയും (44) ഒത്തുചേര്‍ന്നപ്പോള്‍ ആതിഥേയരുടെ സ്കോറിംഗിന് വേഗത ലഭിച്ചു.
എന്നാല്‍ അധികം വൈകാതെ റെഡ്ഡിയെ പുറത്താക്കി മുരളീധരന് സണ്‍ റൈസേഴ്സിനെ പ്രതിരോധത്തിലാക്കി. പിന്നീട് ജയദേവ് ഉണ്ടകട് സങ്കക്കാരയേയും(16) തിസാര പെരേരയേയും (7) പുറത്താക്കിയതോടെ സണ്‍റൈസേഴ്സ് 5ന് 98 എന്ന നിലയിലായി. എന്നാല്‍ ഒരുവശത്ത് വിഹാരി ഉറച്ച് നിന്നത് സണ്‍റൈസേഴ്സിന് പ്രതീക്ഷ നല്കി. തൊട്ടുപിന്നാലെ അമിത് മിശ്രയും (0) റണ്ണൗട്ടായി മടങ്ങിയതോടെ 6ന് 101 എന്ന നിലയിലായി. പിന്നീട് വിഹാരിയും ആശിഷ് റെഡ്ഡിയും ചേര്‍ന്ന് വിജയത്തിന്റെ അടുത്തുവരെ എത്തിച്ചു.
അവസാന ഓവറില്‍ ആറ് പന്തില്‍ നിന്ന് ഏഴ് റണ്‍സായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്. വിനയ് കുമാര്‍ എറിഞ്ഞ ഓവറില്‍ ആദ്യ പന്തില്‍ തന്നെ ആഷിഷ് റെഡ്ഡിയുടെ വിക്കറ്റ് നഷ്ടമായി. 14 റണ്‍സെടുത്തു നിന്ന ആഷിഷ് റെഡ്ഡിയെ കവറില്‍ കൊഹ്ലി പിടികൂടുകയായിരുന്നു. സ്റ്റെയിന് ആയിരുന്നു ആഷിഷ് റെഡ്ഡിക്ക് പകരക്കാരനായി എത്തിയത്. ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ സ്റ്റെയിന് മൂന്നാം പന്തില്‍ റണ്നേടാനായില്ല. നാലാം പന്തില്‍ സിംഗിളെടുത്ത് സ്റ്റെയിന് വിഹാരിക്ക് സ്ട്രൈക്ക് കൈമാറി. രണ്ട് പന്തില്‍ നിന്ന് നാല് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അഞ്ചാം പന്തില്‍ വിഹാരി രണ്ട് റണ്‍സെടുത്തെങ്കിലും അവസാന പന്തില്‍ ബൈയുടെ ആനുകൂല്യത്തില്‍ ലഭിച്ച ഒരു റണ്‍ മത്സരം ടൈയില്‍ കലാശിച്ചു. തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: