ന്യൂദല്‍ഹി: ഏറ്റവും ചെലവ് കുറഞ്ഞ ആകാശ് ടാബ്ലറ്റ് ഈ മാസം അവസാനത്തോടെ വിതരണം പൂര്‍ത്തിയാക്കുമെന്ന് നിര്‍മാതാക്കളും വിതരണക്കാരുമായ ഡാറ്റാവിന്‍ഡ് വ്യക്തമാക്കി. ഏകദേശം 70,000 യൂണിറ്റ് ആകാശ് ടാബ്ലറ്റിന്റെ വിതരണം ഈ ആഴ്ച അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ശേഷിക്കുന്ന 30,000 ത്തോളം യൂണിറ്റിന്റെ വിതരണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഡാറ്റാവിന്‍ഡ് സിഇഒ സുനീത് സിംഗ് തുളി പറഞ്ഞു.
ആകാശ് ടാബ്ലറ്റ് വിതരണം ചെയ്യുന്നതിലെ കാലതാമസം സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം, ഐഐടി ബോംബെയ്ക്ക് കത്തയച്ചിരുന്നു. ഡാറ്റാവിന്‍ഡ് മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ആകാശ് ടാബ്ലറ്റ് വിതരണം ചെയ്യുന്നതിനുള്ള സമയ പരിധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച നോട്ടീസണ്നും തന്നെ ഐഐടി ബോംബെയില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് ഡാറ്റാവിന്‍ഡ് സിഇഒ വ്യക്തമാക്കി. ഐഐടി ബോംബെയില്‍ നിന്നും നികുതി ഇളവ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത നേടേണ്ടത് ആവശ്യമായിരുന്നെന്നും ഇക്കാര്യത്തില്‍ കാലതാമസം നേരിട്ടതാണ് വിതരണം തടസ്സപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണത്താല്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 14 വരെ അഞ്ച് ആഴ്ചകളും ഫെബ്രുവരി 1 മുതല്‍ 23 വരെ അഞ്ച് ആഴ്ചകളും നഷ്ടമായതായി ഡാറ്റാവിന്‍ഡ് വ്യക്തമാക്കി. ആകാശ് ടാബ്ലറ്റിന്റെ കൊമേഴ്സ്യല്‍ പതിപ്പ് ഇതിനോടകം തന്നെ ഏകദേശം അഞ്ച് ലക്ഷം യൂണിറ്റ് വിറ്റഴിച്ചതായും തുളി പറഞ്ഞു. യുബിസേറ്റ് എന്ന ബ്രാന്‍ഡ് നാമത്തിന് കീഴിലാണ് ഇവ വിറ്റഴിച്ചിരിക്കുന്നത്.
2,263 രൂപയ്ക്കാണ് ഒരു ആകാശ് ടാബ്ലറ്റ് ലഭിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ടാബ്ലറ്റ് 1,130 രൂപയ്ക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: