കാസര്‍കോട്: ബേക്കല്‍ ടൂറിസത്തിണ്റ്റെ മറവില്‍ റിസോര്‍ട്ട് മാഫിയകള്‍ നടത്തുന്ന നിയമലംഘനത്തിന് പഞ്ചായത്ത് അധികൃതരുടെ ഒത്താശ. ഉദുമ ഗ്രാമപഞ്ചായത്തിലെ ലളിത്, താജ് റിസോര്‍ട്ടുകള്‍ അനധികൃത നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും പുഴകയ്യേറിയെന്നും ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ (ഡിഡിപി) ഗോവിന്ദന് ഉദുമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ നിര്‍ദ്ദേശം ലഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും പരാതി ഗൗരവത്തിലെടുക്കാന്‍ പഞ്ചായത്ത് തയ്യാറായില്ല. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിക്കാനിരിക്കുകയാണെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം. പഞ്ചായത്തിണ്റ്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും അതനുസരിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. റിസോര്‍ട്ടുകള്‍ തീരദേശ നിയന്ത്രണ നിയമം ലംഘിച്ച് പുഴകയ്യേറി അനധികൃത നിര്‍മ്മാണം നടത്തിയെന്ന് റവന്യു വകുപ്പിണ്റ്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പഞ്ചായത്തിണ്റ്റെ അനുമതിയില്ലാതെ പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിച്ചതായും കണ്ടെത്തി. എന്നാല്‍ ഇത് നേരത്തെ തന്നെ നിരവധി തവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും അവഗണിക്കുകയായിരുന്നു. പഞ്ചായത്ത് അനുമതി ആവശ്യമില്ലെന്നും ടൂറിസം വികസനത്തിന് കേന്ദ്രസര്‍ക്കാറിണ്റ്റെ പ്രത്യേക ഇളവുകള്‍ റിസോര്ട്ടുകള്ക്കുണ്ടെന്നുമാണ് പഞ്ചായത്തിണ്റ്റെ വാദം. വസ്തുനികുതി, കെട്ടിടനികുതി എന്നിവ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യുവകുപ്പും പഞ്ചായത്തും തറ വിസ്തീര്‍ണ്ണം സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് നല്‍കുന്നത്. അനധികൃത നിര്‍മ്മാണം നടത്തിയെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണിത്. എന്നാല്‍ ഡിഡിപി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടും ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതില്‍ പഞ്ചായത്ത് വിമുഖത കാട്ടുകയാണ്. ഇതിന് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്നും സൂചനയുണ്ട്. റിസോര്‍ട്ടുകള്‍ക്കെതിരെ നേരത്തെയും ആരോപണമുയര്‍ന്നപ്പോള്‍ വാര്‍ഡ് എന്‍ക്വയറി ഉദ്യോഗസ്ഥരെ ഒഴിവാക്കി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷണം നടത്തി കുറ്റവിമുക്തരാക്കിയ ചരിത്രവും ഉണ്ട്. റിസോര്‍ട്ടുകളുടെ നിയമലംഘനത്തിന് പ്രാദേശിക സിപിഎം നേതാക്കളുടെ പിന്തുണയുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. മുന്‍ ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണണ്റ്റേയും മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമണ്റ്റേയും ശക്തമായ പിന്തുണയോടെയായിരുന്നു റിസോര്‍ട്ട് മാഫിയകള്‍ കടലോരത്ത് ചുവടുറപ്പിച്ചത്. ഇത് പാര്‍ട്ടിക്ക് ‘ലാഭ’മുണ്ടാക്കി കൊടുത്തതായും പറയപ്പെടുന്നു. ഇതുകൊണ്ടാണ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി റിസോര്‍ട്ടുകള്‍ക്കെതിരായ നടപടിയില്‍ നിന്നും പിന്തിരിയുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: