പൂനെ: പൂനെ വാരിയേഴ്സിന് വീണ്ടും തോല്‍വി. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് സണ്‍റൈസേഴ്സിനോട് കീഴടങ്ങിയ പൂനെ യോദ്ധാക്കള്‍ ഇന്നലെ നടന്ന മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനോടും ദയനീയമായി പരാജയപ്പെട്ടു. എട്ട് വിക്കറ്റിനാണ് ഗില്ലിയുടെ ടീം ആഞ്ചലോ മാത്യൂസിന്റെ പൂനെ വാരിയേഴ്സിനെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത പൂനെ വാരിയേഴ്സിന് 20 ഓവറില്‍ 9 വിക്കറ്റിന് വെറും 99 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 25 റണ്‍സ് നേടി പുറത്താകാതെ നിന്ന അഭിഷേക് നായരാണ് പൂനെ നിരയിലെ ടോപ്സ്കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിംഗ്സ് ഇലവന് 46 പന്തുകള്‍ ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. കിംഗ്സ് ഇലവന് വേണ്ടി 43 റണ്‍സ് നേടി പുറത്താകാതെ നിന്ന മനന്‍ വോറയാണ് മാന്‍ ഓഫ് ദി മാച്ച്. പരിക്കേറ്റ യുവരാജ് സിംഗിന് പകരം ടി. സുമനാണ് പൂനെക്ക് വേണ്ടി കളിക്കാനിറങ്ങിയത്.
ടോസ് നേടിയ പൂനെ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മികച്ച തുടക്കം നല്കാന് മുന്‍നിര ബാറ്റ്സ്മാന്മാര്ക്കാര്ക്കും കഴിഞ്ഞില്ല. സ്കോര്‍ ബോര്‍ഡില്‍ വെറും ഒരു റണ്‍സ് മാത്രമുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന മനീഷ് പാണ്ഡെയെ പൂനെക്ക് നഷ്ടമായി. പ്രവീണ്‍കുമാറിന്റെ പന്തില്‍ ബൗള്‍ഡായാണ് മനീഷ് മടങ്ങിയത്. പിന്നീട് ഉത്തപ്പയും സുമനും ചേര്‍ന്ന് പൂനെയെ മുന്നോട്ട് നയിച്ചെങ്കിലും സ്കോര്‍ 21-ല്‍ എത്തിയപ്പോള്‍ സുമനും മടങ്ങി. ആറ് റണ്‍സെടുത്ത സുമന് അസര്‍ മെഹമൂദിന്റെ പന്തില്‍ പ്രവീണ്‍കുമാറിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 8 റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും പൂനെക്ക് നഷ്ടമായി. മൂന്ന് റണ്‍സെടുത്ത സാമുവല്‍സ് റണ്ണൗട്ടായി മടങ്ങി. സ്കോര്‍ 33-ല്‍ എത്തിയപ്പോള്‍ 19 റണ്‍സെടുത്ത റോബിന് ഉത്തപ്പയും പവലിയനിലേക്ക് മടങ്ങി. പിയൂഷ് ചൗളയുടെ പന്തില്‍ ബൗള്‍ഡായാണ് ഉത്തപ്പ പുറത്തായത്. പിന്നീട് സ്കോര്‍ 38-ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത നായകന് ആഞ്ചലോ മാത്യൂസും ക്രീസ് വിട്ടു. അവാനയുടെ പന്തില്‍ ഗില്‍ക്രിസ്റ്റിന് ക്യാച്ച് നല്‍കിയാണ് മാത്യൂസ് മടങ്ങിയത്.
ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പിന്നീട് ഒരിക്കലും പൂനെ വാരിയേഴ്സിന് കഴിഞ്ഞില്ല. സ്കോര്‍ 53-ല്‍ എത്തിയപ്പോള്‍ റോസ് ടെയ്ലറും മടങ്ങി. 19 പന്തില്‍ നിന്ന് 15 റണ്‍സെടുത്ത റോസ് ടെയ്ലറെ പ്രവീണ്‍കുമാറിന്റെ പന്തില്‍ ഗുര്ക്രീരത് സിംഗ് പിടികൂടി. പിന്നീട് മിച്ചല്‍ മാര്‍ഷും അഭിഷേക് നായരും ചേര്‍ന്ന് 7-ാം വിക്കറ്റില്‍ 25 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്കോര്‍ 78-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷിനെ റയാന് ഹാരിസ് ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന് എട്ട് റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനെ അസര്‍ മഹമൂദ് ബൗള്‍ഡാക്കിയപ്പോള്‍ ഇന്നിംഗ്സിലെ അവസാന പന്തില്‍ രാഹുല്‍ ശര്‍മ്മ റണ്ണൗട്ടായി. കിംഗ്സ് ഇലവന് വേണ്ടി പ്രവീണ്‍കുമാറും അസര്‍ മഹമൂദും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
100 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന കിംഗ്സ് ഇലവന് സ്കോര്‍ 21-ല്‍ എത്തിയപ്പോള്‍ നായകന് ഗില്‍ക്രിസ്റ്റിന് നഷ്ടമായി. 10 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സറുമടക്കം 15 റണ്‍സെടുത്ത ഗില്ലിയെ മാത്യൂസിന്റെ പന്തില്‍ സാമുവല്‍സ് പിടികൂടി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ മന്ദീപ് സിംഗിനൊപ്പം മനന്‍ വോറ ഒത്തുചേര്‍ന്നതോടെ പൂനെയുടെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന് സ്കോര്‍ 9.4 ഓവറില്‍ 79 റണ്‍സിലെത്തിച്ചു. 26 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 31 റണ്‍സെടുത്ത മന്ദീപ് സിംഗിനെ രാഹുല്‍ ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ ഡേവിഡ് ഹസ്സിയുടെ സഹായത്തോടെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ മനന്‍ വോറ കിംഗ്സ് ഇലവനെ വിജയത്തിലേക്ക് നയിച്ചു. 28 പന്തില്‍ നിന്ന് 7 ബൗണ്ടറികളോടെ 43 റണ്‍സെടുത്ത മനന്‍ വോറയും എട്ട് റണ്‍സെടുത്ത ഡേവിഡ് ഹസ്സിയും പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: