ചെന്നൈ: ധോണിക്കൊടുങ്കാറ്റില്‍ മുംബൈ ഇന്ത്യന്‍സ് ആടിയുലഞ്ഞെങ്കിലും പൊള്ളാര്‍ഡിന്റെ അവിശ്വസനീയമായ ഒരു ക്യാച്ചില്‍ മത്സരഫലം മാറിമറിഞ്ഞു. അവസാന ഓവറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വിജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന വിശേഷണമുള്ള ധോണി. മുനാഫ് പട്ടേല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യപന്ത് ധോണി അതിര്‍ത്തിക്ക് പുറത്തേക്ക് പറത്തി. എന്നാല്‍ ബൗണ്ടറിലൈനിനരികില്‍ നില്‍ക്കുകയായിരുന്ന മുംബൈയുടെ കീറണ്‍ പൊള്ളാര്‍ഡ് ഉയര്‍ന്നുചാടി അവിശ്വസനീയമായ മെയ്വഴക്കത്തോടെ പന്ത് കൈപ്പിടിയിലൊതുക്കിയപ്പോള്‍ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ തടിച്ചുകൂടി സൂപ്പര്‍ കിംഗ്സിനായി ആര്‍ത്തുവിളിച്ച പതിനായിരങ്ങള്‍ തലയില്‍ കൈവച്ച് അസ്ത്രപ്രജ്ഞരായി നിന്നു. അതുവരെ മഞ്ഞക്കടലായി അലയടിച്ചിരുന്ന സ്റ്റേഡിയം പിന്നെ നിരാശയുടെ നടുക്കടലിലേക്ക് വീണു. ഒപ്പം ചെന്നൈ പരാജയത്തിലേക്കും. ട്വന്റി 20 ക്രിക്കറ്റിന്റെ മുഴുവന്‍ ആവേശവും നിറഞ്ഞുനിന്ന ആന്റി ക്ലൈമാക്സിനൊടുവില്‍ 9 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പൊള്ളാര്‍ഡിന്റെ ഒറ്റ ക്യാച്ചിലൂടെ മുംബൈക്ക് സ്വന്തമായത്. സ്കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഒാവറില്‍ ആറ് വിക്കറ്റിന് 148. ചെന്നൈ സൂപ്പര്‍കിംഗ്സ്: 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 139.
ഒരുഘട്ടത്തില്‍ അഞ്ചിന് 66 റണ്‍സ് എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ചെന്നൈയെ വെറും 26 പന്തുകളില്‍ 51 റണ്‍സ് അടിച്ചുകൂട്ടി ഏറെക്കുറേ ധോണി ഒറ്റയ്ക്കുതന്നെ വിജയത്തിന്റെ പടിവാതില്ക്കല് എത്തിച്ചെങ്കിലും വിജയത്തിലേക്കുള്ള ദൂരത്തിനിടയില്‍ കീറണ്‍ പൊള്ളാര്‍ഡ് പ്രതിബന്ധമായി.
നേരത്തെ ടോസ് നേടിയ മുംബൈ നായകന് പോണ്ടിംഗ് ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്കോര്‍ബോര്‍ഡില്‍ വെറും മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി നാനസ് ചെന്നൈക്ക് ഉജ്ജ്വല തുടക്കം നല്കി. സ്കോര്‍ 17-ല്‍ എത്തിയപ്പോള്‍ 6 റണ്‍സെടുത്ത പോണ്ടിംഗിനെ രജ്പുത്തും മടങ്ങി. പിന്നീട് രോഹിത് ശര്‍മ്മ എട്ട് റണ്‍സെടുത്തും ദിനേശ് കാര്‍ത്തിക് 37 റണ്‍സെടുത്തും ഡെവന്‍ സ്മിത്ത് മൂന്ന് റണ്‍സെടുത്തും മടങ്ങിയതോടെ മുംബൈ 6ന് 83 മൂന്ന് എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീട് 38 പന്തില്‍ നിന്ന് നാല് ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം 57 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡിന്റെയും 21 റണ്‍സെടുത്ത ഹര്ഭജന് സിംഗിന്റെയും കരുത്തിലാണ് മുംബൈ 148 റണ്‍സ് എന്ന മാന്യമായ സ്കോറിലെത്തിയത്.
149 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ചെന്നൈക്കും തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്കോര്‍ 10 റണ്‍സ് മാത്രമുള്ളപ്പോള്‍ അഞ്ച് റണ്‍സെടുത്ത മുരളിവിജയിനെ നഷ്ടമായി. അധികം വൈകാതെ 10 റണ്‍സെടുത്ത സുരേഷ് റെയ്നയെയും 20 റണ്‍സെടുത്ത മൈക്ക് ഹസ്സിയെയും 10 റണ്‍സെടുത്ത ബ്രാവോയേയും 16 റണ്‍സെടുത്ത ബദരിനാഥിനെയും നഷ്ടമായതോടെ ചെന്നൈ അഞ്ചിന് 66 എന്ന നിലയിലായി. തുടര്‍ന്നാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ക്യാപ്റ്റന്‍ ധോണിയുടെ ഇന്നിംഗ്സ് പിറന്നത്. ഒപ്പം ജഡേജ 16 റണ്‍സെടുത്ത് ഭേദപ്പെട്ട പിന്തുണയും നല്കി. എന്നാല്‍ സ്കോര്‍ 97-ല്‍ എത്തിയപ്പോള്‍ ജഡേജയെ മുനാഫ് പട്ടേല്‍ല്‍ ബൗള്‍ഡാക്കിയതോടെ മുംബൈ വീണ്ടും വിജയം മണത്തെങ്കിലും ധോണിയുടെ പോരാട്ടം അവരുടെ വീര്യം കെടുത്തി. വാലറ്റക്കാരെ കൂട്ടുപിടിച്ച് ധോണി കത്തിക്കയറിയതോടെ മുംബൈ ബൗളര്‍മാര്‍ വിറച്ചു. ഇതിനിടെ രണ്ട് റണ്‍സെടുത്ത അശ്വിനെ ഹര്ഭജന് പൊള്ളാര്‍ഡിന്റെ കൈകളിലെത്തിച്ചു. ഇതോടെ ചെന്നൈ 7ന് 108 എന്ന നിലയിലായി. ഇതോടെ സിംഗിളുകള്‍ ഉപേക്ഷിച്ചാണ് ചെന്നൈ ക്യാപ്റ്റന്‍ പോരടിച്ചത്. എന്നാല്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ ധോണിയെ മുനാഫ് പട്ടേല്‍ മടക്കിയതോടെ മത്സരം മുംബൈക്ക് സ്വന്തമാവുകയായിരുന്നു.
മുംബൈക്കു വേണ്ടി മുനാഫ് പട്ടേല്‍ മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ ഹര്‍ഭജനും പ്രഗ്യാന്‍ ഓജയും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മിച്ചല്‍ ജോണ്‍ ഒരു വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: