ന്യൂയോര്‍ക്ക്: ആഗോള തലത്തില്‍ ശൃംഖല വ്യാപിപ്പിക്കുന്ന ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയെ കാശ്മീരിലെ നിഴല്‍ യുദ്ധത്തിന് പാക്കിസ്ഥാന് ഉപയോഗിച്ചേക്കാമെന്ന് യുഎസ് മിലിട്ടറിയുടെ പഠന റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ സൈനിക- രഹസ്യാന്വേഷണ ശൃംഖലയുമായി ലഷ്കറിന് അടുത്ത ബന്ധമുണ്ടെന്നും യുഎസ് സൈനിക അക്കാഡമിയിലെ ഭീകര വിരുദ്ധ വിഭാഗം പുറത്തുവിട്ട 61 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ തങ്ങളല്ലെന്ന പാക് വാദം പൊളിക്കുന്ന കണക്കുകളും തെളിവുകളും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ രണ്ടു ദശകത്തിനിടെ പാക്കിസ്ഥാനിലെ ഏറ്റവും അപകടകാരിയായ ഭീകര സംഘടനയായി ലഷ്കര്‍ മാറിക്കഴിഞ്ഞു. നിഴല്‍ യുദ്ധത്തിന് അവര്‍ പ്രാപ്തരാണ്. അഫ്ഗാനിസ്ഥാനെ വിട്ട് അവര്‍ കാശ്മീരിലേക്ക് ശ്രദ്ധ പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ട്, റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
ഒരു പതിറ്റാണ്ടായി അഫ്ഗാന് എന്ന തുറന്ന ലക്ഷ്യത്തിലൂടെ ലഷ്കറടക്കമുള്ള ഭീകര സംഘടനകളെ വ്യാമോഹിപ്പിച്ചു നിര്‍ത്താന്‍ യുഎസിനായി. അതിനാല്‍ത്തന്നെ കാശ്മീരില്‍ അവരുടെ നീക്കങ്ങളുടെ ശക്തികുറഞ്ഞു. അമേരിക്കന്‍ സൈന്യം അഫ്ഗാന് വിടുന്നതോടെ ലഷ്കര്‍ ഭീകരര്‍ വീണ്ടും കാശ്മീരിനെ ലക്ഷ്യമിടും. ലഷ്കര്‍ മറ്റ ദിശകളിലേക്കു നീങ്ങാനും സാധ്യയുണ്ട്. എന്നാല്‍ ചരിത്രംവച്ചു നോക്കിയാല്‍ കാശ്മീരിലെ സംഘര്‍ഷങ്ങളിലാണ് അവരുടെ താത്പര്യമെന്നു മനസിലാക്കാം.
ഇന്ത്യയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതില്‍ എന്നും രസംകണ്ടെത്തിയിട്ടുള്ള പാക്കിസ്ഥാന് സുരക്ഷാ സേനകളുടെ താത്പര്യങ്ങളും സ്വന്തം മണ്ണില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്ന ഭീകരരെ ഇന്ത്യയ്ക്കു നേരെ തിരിച്ചുവിടാനുള്ള അവിടത്തെ ഭരണകൂടത്തിന്റെ ത്വരയും ലഷ്കര്‍ ഭീകരരെ കാശ്മീരില്‍ എത്തിക്കും.
കാശ്മീരിലെ ഭീകരപ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്ന തൊണ്ണൂറു ശതമാനത്തോളം പേരും പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്. സാധാരണ പാക്കിസ്ഥാന് പൗരന്മാരെക്കാള് വിദ്യാസമ്പന്നരായ ഇവര്‍ക്കും കുടംബാംഗങ്ങള്‍ക്കു പാക് സൈന്യത്തിലേയും രഹസ്യാന്വേഷണ വിഭാഗത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. ഗുജ്റന്വാല, ഫൈസലാബാദ്, ലാഹോര്‍, ഷെയ്ഖ്പുര, കസൂര്‍, സിയാല്‍ക്കോട്ട്, ഭാവല്‍ നഗര്‍, ഭവല്‍പുര്‍, മുള്‍ട്ടാന്‍ എന്നിവിടങ്ങളിലെ യുവാക്കളെ ഭീകര സംഘടനകള്‍ കൂട്ടത്തോടെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കുന്നു. പരമ്പരാഗത പരിശീലന കേന്ദ്രങ്ങളായ അഫ്ഗാനിസ്ഥാനിലും പാക് അധിനിവേശ കാശ്മീരിലെ മുസഫറാബാദിലുമാണ് പുതുതായെത്തുന്ന ഭീകരര്‍ ഏറെക്കാലം ചെലവിടുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: