ഹൈദരാബാദ്: പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്, ഹൈദരാബാദ് സണ്‍റൈസേഴ്സിന് ക്രിക്കറ്റ് വിചക്ഷണന്മാര് നല്കിയ വിശേഷണമാണത്. പക്ഷേ, ആ വീഞ്ഞിന്റെ വീര്യം ഇന്നലെ ലോകം തിരിച്ചറിഞ്ഞു. ഡെക്കാന്‍ ചാര്‍ജേഴ്സ് എന്ന പഴയനാമം കളഞ്ഞ് പുത്തന്‍ പടച്ചട്ടയണിഞ്ഞ് പുതിയ ഉടമകള്‍ നല്കിയ ആയുധങ്ങളുമായി ഐപിഎല്ലിലെ കന്നി അങ്കത്തിനിറങ്ങിയ ഹൈദരാബാദ് സണ്‍റൈസേഴ്സ് പൂനെ വാരിയേഴ്സിന്റെ തലയറുത്ത് അരങ്ങേറി. 22 റണ്‍സ് വിജയം നേടിയാണ് ഹൈദരബാദില്‍ സൂര്യനുദിച്ചത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 20 ഓവറില്‍ 6 വിക്കറ്റിന് 126 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പൂനെ 104 റണ്‍സിന് ഓള് ഔട്ടായി. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റെയിനാണ് പൂനെയുടെ അന്തകനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയും രണ്ട് വിക്കറ്റ് വീഴ്ത്തിയ തീസര പെരേരയും മികച്ച പ്രകടനം നടത്തി.
നേരത്തെ ടോസ് നേടിയ പൂനെ വാരിയേഴ്സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സണ്‍റൈസേഴ്സ് ഓപ്പണര്‍മാരായ അക്ഷത് റെഡ്ഡിയും പാര്‍ത്ഥിവ് പട്ടേലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് സണ്‍റൈസേഴ്സിന് നല്‍കിയത്. 34 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 19 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലിനെ ദിന്‍ഡ ബൗള്‍ഡാക്കി. പിന്നീട് സംഗക്കാരയും അക്ഷത് റെഡ്ഡിയും ചേര്‍ന്ന് സ്കോര്‍ മുന്നോട്ടുനീക്കി. എന്നാല്‍ സ്കോര്‍ 9.5 ഓവറില്‍ 60 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ സംഗക്കാരയെ രാഹുല്‍ ശര്‍മ്മ ക്ലീന്‍ ബൗള്‍ഡാക്കി. അധികം വൈകാതെ മൂന്നാം വിക്കറ്റും വീണു. 27 റണ്‍സെടുത്ത അക്ഷത് റെഡ്ഡിയെ യുവരാജ് സിംഗ് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടെത്തിയവരില്‍ 30 റണ്‍സെടുത്ത തീസര പെരേര മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 18 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് പെരേര 30 റണ്‍സെടുത്തത്. എന്നാല്‍ കാമറൂണ്‍ വൈറ്റും (10), ഹനുമ വിഹാരിയും (11) നിരാശപ്പെടുത്തി. മുന്‍നിര-മധ്യനിര ബാറ്റ്സ്മാന്മാര് റണ്‍ റേറ്റ് ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് സണ്‍റൈസ് സ്കോര്‍ 126-ല്‍ ഒതുങ്ങിയത്.
127 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ പൂനെക്ക് ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.5 ഒാവറില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 22 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത ഉത്തപ്പയെ പാര്‍ത്ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ച് തീസര പെരേരയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. സ്കോര്‍ 42-ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത മര്‍ലോണ്‍ സാമുവല്‍സിനെ പെരേര തന്നെ കാമറൂണ്‍ വൈറ്റിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സൂപ്പര്‍താരം യുവരാജ് സിംഗിന് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അഞ്ച് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സ് മാത്രമെടുത്ത യുവിയെ അമിത് മിശ്രയുടെ പന്തില്‍ പാര്‍ത്ഥിവ് പട്ടേല്‍ സ്റ്റാമ്പ് ചെയ്തു. സ്കോര്‍: മൂന്നിന് 47. മൂന്ന് റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലാം വിക്കറ്റും പൂനെക്ക് നഷ്ടമായി. 29 പന്തുകള്‍ നേരിട്ട് 15 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ അമിത് മിശ്ര കാമറൂണ്‍ വൈറ്റിന്റെ കൈകളിലെത്തിച്ചു. 11ഓവറില്‍ പൂനെ സ്കോര്‍ 50-ലെത്തി. പിന്നീട് അഭിഷേക് നായരും റോസ് ടെയ്ലറും ചേര്‍ന്ന് പൂനെയെ മുന്നോട്ടുനയിച്ചു. എന്നാല്‍ സ്കോര്‍ 15.5 ഓവറില്‍ 83-ല്‍ എത്തിയപ്പോള്‍ അമിത് മിശ്ര വീണ്ടും സണ്‍റൈസേഴ്സിന് മികച്ച ബ്രേക്ക് ത്രൂ നല്കി. 14 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത അഭിഷേക് നായരെ മിശ്ര ശര്‍മ്മയുടെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ റോസ് ടെയ്ലറും മിച്ചല്‍ മാര്‍ഷും മടങ്ങി. 19 റണ്‍സെടുത്ത ടെയ്ലറെ ആശിഷ് റെഡ്ഡി ബൗള്‍ഡാക്കിയപ്പോള്‍ 7 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് റണ്ണൗട്ടായി. 19-ാം ഓവര്‍ എറിഞ്ഞത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളര്‍മാരില്‍ ഒരാളായ ഡെയ്ല്‍ സ്റ്റെയിന്. ഓവറിലെ രണ്ടാം പന്തില്‍ മൂന്ന് റണ്‍സെടുത്ത ഭുവനേശ്വര്‍കുമാറിന്റെ വിക്കറ്റ് തെറിച്ചു. തൊട്ടടുത്ത പന്തില്‍ രാഹുല്‍ ശര്‍മ്മയുടെ ലെഗ് സ്റ്റാമ്പ് പറന്നു. പിന്നെ ഒരു പന്തിന്റെ ഇടവേള. അഞ്ചാം പന്ത് അശോക് ദിന്‍ഡ കളിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജില്‍ തട്ടി സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന കാമറൂണ്‍ വൈറ്റിന്റെ കൈകളില്‍ വിശ്രമിച്ചു. ഇതോടെ 18.5 ഓവറില്‍ 104 റണ്‍സിന് പൂനെ വാരിയേഴ്സിന്റെ ഇന്നിംഗ്സ് സമാപിച്ചു. അതോടൊപ്പം ഹൈദരാബാദില്‍ സൂര്യന് ഉദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: