കൊച്ചി: കേരളകര്‍ഷക സഹകരണ ഫെഡറേഷ(കേരഫെഡ്)നില് പിഎസ്സി നിയമനങ്ങള്‍ നടത്തുന്നതിന് ഭരണസമിതി രൂപീകരിച്ചു. പിഎസ്സി നിയമനങ്ങള്‍ നടപ്പിലാക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. കേരഫെഡ് ചെയര്മാന് മനയത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇതിനായി രൂപീകരിച്ചത്. കേരഫെഡിന്റെ സ്റ്റാഫ്റൂളും സ്റ്റാഫ് പാറ്റേണും ഫീഡര്‍ കാറ്റഗറി റൂളും അംഗീകരിച്ച് പിഎസ്സിക്ക് കഴിഞ്ഞ 19ന് സമര്‍പ്പിച്ചതായി മനയത്ത് ചന്ദ്രന് ജന്മഭൂമിയോട് പറഞ്ഞു. 21 അംഗങ്ങളാണ് ഭരണ സമിതിയിലുള്ളത്. പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ച് നിയമന നടപടികള്‍ പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമെ ഇനിയുള്ളു.
കേരഫെഡ് ഉള്‍പ്പെടെയുള്ള കേരളത്തിലെ അപ്പക്സ് സഹകരണസ്ഥാപനങ്ങളുടെയും ജില്ലാ സഹകരണ ബാങ്കുകളുടെയും നിയമനം പിഎസ്സിക്കു വിട്ടുകൊണ്ട് 1995ലെ എ.കെ.ആന്റണി മന്ത്രിസഭ തീരുമാനം എടുത്തിരുന്നു. എന്നാല്‍ കേരഫെഡിലെ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള നടപടികള്‍ കഴിഞ്ഞ 17 വര്‍ഷമായിട്ടും പൂര്‍ത്തീകരിച്ചിരുന്നില്ല.
1995ല്‍ നിയമനം പിഎസ്സിക്ക് വിട്ടുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനത്തിനുശേഷം 2002 ല്‍ റിക്രൂട്ട്മെന്റ് റൂള്‍ തയ്യാറാക്കുന്നതിനുവേണ്ടി ഒരു സബ് കമ്മറ്റിയെ നിയമിക്കുക മാത്രമാണ് കേരഫെഡില്‍ ചെയ്തിരുന്നത്. 17വര്‍ഷമായി ഫ്രീസറില്‍ ആയിരുന്ന കേരഫെഡിലെ പിഎസ്സി റിക്രൂട്ട്മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന് ആവശ്യമായ സ്റ്റാഫ് പാറ്റേണും റൂളും അംഗീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചരിത്രപരമായ തീരുമാനമാണ് ഭരണസമിതി കൈക്കൊണ്ടിരിക്കുന്നതെന്നും ചന്ദ്രന് പറഞ്ഞു.
നിയമനം പിഎസ്സിക്ക് വിട്ട സ്ഥാപനങ്ങളിലെ റിക്രൂട്ട്മെന്റ് റൂള്‍ അതാതു സ്ഥാപനം തയ്യാറാക്കി ഭരണസമിതി അംഗീകരിച്ചശേഷം പിഎസ്സിയിലേക്ക് സമര്‍പ്പിച്ചാല്‍ മാത്രമെ വിജ്ഞാപന നടപടികളുമായി മുന്നോട്ട് പോകുവാന്‍ കഴിയുകയുള്ളു. പ്രസ്തുത നടപടികള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തതിനാല്‍ ഒട്ടേറെപ്പേര്‍ക്കാണ് തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടത്.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: