കണ്ണൂര്‍: കണ്ണൂരില്‍ ഇന്നാരംഭിക്കുന്ന സിഐടിയു അഖിലേന്ത്യാസമ്മേളനം പണക്കൊഴുപ്പിന്റെയും ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും മേളയാകുന്നു. സമ്മേളന ഹാളിന്റെയും ഭക്ഷണശാലയുടെയും നിര്‍മ്മാണത്തിനും മറ്റും കോടിക്കണക്കിന് രൂപയാണ് ചെലവിട്ടിരിക്കുന്നത്. കൂടാതെ സമ്മേളനത്തിന്റെ പ്രതിനിധികളായി എത്തിച്ചേരുന്ന തൊഴിലാളി നേതാക്കള്‍ക്കും മറ്റും നാലുദിവസങ്ങളിലായി താമസിക്കാന്‍ നഗരത്തിലെ വന്‍കിട ഹോട്ടലുകളടക്കം വാടകയ്ക്കെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞകാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സമ്മേളനത്തിന്റെ സംഘാടനത്തില്‍ പാര്‍ട്ടി സഖാക്കള്‍ക്ക് ശാരീരിക അധ്വാനമില്ലാത്ത സമ്മേളനമായി കണ്ണൂര്‍ സമ്മേളനം മാറിയിരിക്കുകയാണ്.
കാരണം അഞ്ചോളം പ്രമുഖ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളാണ് സമ്മേളനത്തിന്റെ ഹാള്‍ നിര്‍മ്മാണം മുതല്‍ പ്രചരണത്തിന്റെ ചുമതലകള്‍വരെ ഏറ്റെടുത്തു നടത്തുന്നത്. സമ്മേളന ഹാളിനുമാത്രം ലക്ഷങ്ങളാണ് ചെലവിട്ടിരിക്കുന്നത്. സമ്മേളനഹാളും ഭക്ഷണമുറിയുമുള്പ്പെടെ എയര്‍കണ്ടീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരത്തില്‍ നിയമവ്യവസ്ഥകളെല്ലാം ലംഘിച്ചുകൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ തോരണങ്ങളും കമാനങ്ങളും ഫ്ലക്സ് ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്.
തൊഴിലാളികളില്നിന്നുള്പ്പെടെ നല്ലൊരു തുക പിരിച്ചെടുത്താണ് സമ്മേളന ചെലവുകള്‍ വഹിക്കുന്നതെന്നാണ് സംഘാടകസമിതിയുടെ അവകാശവാദമെങ്കിലും സമ്മേളനത്തില്‍ വരുമാന സ്രോതസ്സിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ സംസാരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വന്‍കിട കുത്തുക കമ്പനികള്‍ സമ്മേളന ചെലവ് സ്പോണ്സര് ചെയ്തിട്ടുണ്ടാവുമെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ജില്ലയിലെയും സംസ്ഥാനത്തെയും വന്‍കിട ബിസിനസ്സുകാരില്നിന്നും മറ്റും വന്‍തുക പിരിച്ചെടുത്തതായി സൂചനയുണ്ട്. സമ്മേളന ചിലവിനെക്കുറിച്ച് ആദ്യംതൊട്ടെ ഒന്നും പറയാത്ത സംഘാടകസമിതിയുടെ നിലപാട് ദുരൂഹതയുണര്‍ത്തുന്നതാണ്.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ നായനാര്‍ സ്വര്ണ്ണക്കപ്പടക്കമുള്ള വന്‍ പരിപാടികള്‍ നടന്നപ്പോള്‍ ഫാരീസ് അബൂബക്കറിനെപോലുള്ളവരുടെയും മറ്റും സംഭാവന സ്വീകരിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂരില്‍ ക്യാമ്പ് ചെയ്ത് സമ്പന്നരെ ഫോണില്‍ ബന്ധപ്പെട്ടും, നേരിട്ടുകണ്ടുമാണ് സമ്മേളനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്നതെന്നും സൂചനകളുണ്ട്. ഇതുകൊണ്ട് തന്നെ പുറത്ത് അറിയിക്കാതെ അതീവ രഹസ്യമായാണ് സംഘാടകര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
സി. കണ്ണനെപ്പോലുള്ള പല പ്രമുഖ സിഐടിയു നേതാക്കളും ചോരയും നീരും കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനമെന്ന അവകാശവാദമുന്നയിക്കുന്ന ഇന്നത്തെ നേതാക്കളുടെ ശൈലിയില്‍ സിഐടിയു തൊഴിലാളികള്‍ക്കിടയില്‍ വ്യാപകമായ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. 2000 പ്രതിനിധികള്‍ മാത്രം പങ്കെടുക്കുന്ന സമ്മേളനത്തിന് ഇത്രയധികം ആഡംബരവും ധൂര്‍ത്തും എന്തിനെന്ന ചോദ്യം സിപിഎമ്മിലേയും സിഐടിയുവിലേയും അണികള്‍ക്കും നേതാക്കള്‍ക്കും ഇടയില്‍ ഉയര്ന്നുകഴിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: