പെരുമ്പാവൂര്‍: റോഡ് സുരക്ഷാ വാരാചരണം ആരംഭിച്ചെങ്കിലും എഎം റോഡില്‍ കുറുപ്പംപടി മേഖലയില്‍ പോലീസിന്റെ നിയന്ത്രണം കുറഞ്ഞതോടെ അപകടങ്ങളും മരണങ്ങളും പതിവാകുന്നു. എറണാകുളം ജില്ലയില്‍ അപകടമരണങ്ങള്‍ ഏറ്റവും കൂടുതലായി നടക്കുന്ന ഒരു പ്രധാന റോഡാണ് എഎം റോഡ്. ഇതില്‍തന്നെ പെരുമ്പാവൂരിനും കോതമംഗലത്തിനുമിടയിലുള്ള ഇരിങ്ങോള്‍, കുറുപ്പംപടി, മുടിക്കരായി, ഓടക്കാലി ഭാഗത്താണ് ഏറ്റവുമധികം അപകടങ്ങള്‍ നടക്കുന്നത്. ഏപ്രില്‍ ഒന്നിന് കുറുപ്പംപടിക്ക് സമീപം തിയേറ്റര്പടിയില് ഒരു വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ പാനിപ്ര കാഞ്ഞിരമുകളേല്‍ സിനാജ് (27) ക്വാളിസ് ജീപ്പ്പിടിച്ച് മരിച്ചതാണ് ഒടുവിലത്തേത്.
കഴിഞ്ഞ മാര്‍ച്ച് 17ന് വെളുപ്പിന് തൊട്ടടുത്ത ഇരിങ്ങോള്‍ വൈദ്യശാലപ്പടിയില്‍ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായിരുന്ന യുവാവ് മരണമടഞ്ഞിരുന്നു. ഒരുമാസം മുമ്പ് ഇതേ റോഡില്‍ ഓടക്കാലി കളമ്പാടം തൊണ്ടില്‍ നടന്ന അപകടത്തില്‍ സമീപവാസിയായ അഖില്‍ (26) മരണമടഞ്ഞു. മുടിക്കരായി പള്ളിക്ക് സമീപത്ത് നടന്ന അപകടത്തില്‍ അശമന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന് രാജീവന് (41) മരിച്ചു. കഴിഞ്ഞ ജനുവരി 27ന് രാത്രിയില്‍ ഓടക്കാലി വെയ്ബ്രിഡ്ജിന് സമീപം ബൈക്കും കാറും തമ്മിലിടിച്ച് പയ്യാല്‍ സ്വദേശി അനൂപ് (25ാമരിച്ചു. ഒപ്പമുണ്ടായിരുന്ന സുജോ (27) സാരമായ പരിക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വാഹനങ്ങള്‍ ചീറിപ്പായുന്നതാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ റോഡില്‍ പല ഭാഗങ്ങളിലും പോലീസ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോഴില്ല. കഴിഞ്ഞ നവംബര്‍ വരെ പോലീസ് കൃത്യമായി പട്രോളിംഗ് നടത്തിയിരുന്നു. അപകടങ്ങള്‍ വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ പോലീസ് ശ്രദ്ധ ചെലുത്തുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: