തൃപ്പൂണിത്തുറ: ഭാരത്പെട്രോളിയം കോര്‍പറേഷന്റെ ഇരുമ്പനം യൂണിറ്റിലെ അനിശ്ചിത കാലടാങ്കര് ലോറിപണിമുടക്ക് 4 നാള് പിന്നിട്ടതോടെ സംസ്ഥാനത്തെ ബിപിസിഎല്‍ പമ്പുകളില്‍ എണ്ണക്ഷാമം തുടങ്ങി.
തിരുവനന്തപുരം മുതല്‍ കോഴിക്കോടുവരെയുള്ള 12 ജില്ലകളിലായി 500 ഓളം വരുന്ന ബിപിസിഎല്‍ പമ്പുകളിലാണ് എണ്ണവിതരണത്തില്‍ ക്ഷാമം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച അര്ദ്ധരാത്രിയോടെതന്നെ ഭൂരിപക്ഷം പമ്പുകളിലും എണ്ണവിതരണം പൂര്ണമായിനിലച്ചേക്കും.
അതേസമയം, ടാങ്കര്ലോറിസമരത്തിന്റെ ഗുരുതരസ്വഭാവം പരിഗണിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും മാനേജ്മെന്റുമായി പ്രശ്നം ചര്‍ച്ചചെയ്യുന്നതിനും ബിപിസിഎല്ലിന്റെ ദക്ഷിണമേഖല ട്രാന്‍സ്പോര്‍ട്ട് ചീഫ് മാനേജര്‍ ജെ.സി.എസ് രമണന് ചെന്നൈയില്‍ നിന്നും ഞായറാഴ്ച കൊച്ചിയിലെത്തി ക്യാമ്പ് ചെയ്യുകയാണ്.
സമരം ആരംഭിച്ചവെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പ് ഇരുമ്പനത്തുനിന്നും പുറമേക്ക് പോയടാങ്കര് ലോറികളിലെ പന്ത്രണ്ടുമുതല്‍ പതിനാറായിരം വരെ ലിറ്റര്‍ ഇന്ധനമാണ് ഓരോപമ്പുകളിലും ഉള്ളത്. എണ്ണയുടെ സ്റ്റോക്ക് പലയിടത്തും തിങ്കളാഴ്ച ഉച്ചയോടെ തന്നെ കാലിയായതായി ഡീലര്‍മാര്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍തന്നെ ബിപിസിഎല്‍ പമ്പുകളില്‍ ആവശ്യക്കാര്‍ക്കെല്ലാം എണ്ണനല്കാന് കഴിയുമൊയെന്ന കാര്യവും സംശയമാണ്.
ബിപിസിഎല്‍ ഇരുമ്പനം യൂണിറ്റില്‍ ലോറി ഉടമകളും തൊഴിലാളികളും ഡീലര്‍മാരും കോണ്ട്രാക്റ്റര്മാരും ഉള്‍പ്പെടുന്ന ഡീലര്‍ ആന്റ് കോണ്‍ട്രാക്റ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ സംയുക്തതീരുമാന പ്രകാരമാണ് ടാങ്കര്‍ ലോറി പണിമുടക്ക് വെള്ളിയാഴ്ച അര്‍ദ്ധരാത്രിമുതല്‍ ആരംഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒക്ടോബറില്‍ പുതുക്കിയ ടെണ്ടര്‍ പ്രകാരമുള്ള കൂടിയലോറിവാടകയും, കുടിശികയും, വര്‍ക്ക് ഓര്‍ഡറും ലഭിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാലപണിമുടക്കില്‍ തൊഴിലാളികള്‍ ഉറച്ചുനില്‍ക്കുന്നത്.
ബിപിസിഎല്‍ മാനേജ്മെന്റുമായി ഇത് സംബന്ധിച്ച് നിരവധി വട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ ബിപിസിഎല്‍ മാനേജ്മെന്റ് തയ്യാറാകാതെ പിടിവാശിതുടര്ന്നതാണ് ലോറിപണിമുടക്കിലേക്ക് വഴിയൊരുക്കിയതെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു.
ഒക്ടോബറില്‍ ടെണ്ടര്‍ കഴിഞ്ഞയുടന്‍ അതിന് അംഗീകാരം നല്‍കുമെന്ന് മാനേജ്മെന്റ് തൊഴിലാളി സംഘടനകള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും പുറകോട്ട് പോകുകയാണുണ്ടായത്. പണിമുടക്ക് തുടങ്ങി പിറ്റേന്ന് ശനിയാഴ്ച നടത്തിയ ചര്‍ച്ചയില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെമാത്രം കുടിശികയും, വര്‍ക്ക് ഓര്‍ഡറും നല്‍കാമെന്ന് മാനേജ്മെന്റ് പറഞ്ഞെങ്കിലും സമരക്കാര്‍ക്ക് സ്വീകാര്യമായില്ല. ഇതേതുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് ശക്തമാക്കിയിട്ടുള്ളത്.
ബിപിസിഎല്ലിലെ ടാങ്കര്‍ ലോറി പണിമുടക്ക് സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10ന് ജില്ലാകളക്ടര്‍ എറണാകുളത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചക്കായി ബന്ധപ്പെട്ടവരെ വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: