കൊച്ചി: പൊക്കാളി നെല്‍ക്കൃഷിക്കു വേണ്ടി സ്ഥലമൊരുക്കുന്നതിനെ സംബന്ധിച്ചു ജില്ലാ കളക്ടറുടെ ഉത്തരവില്‍ പൊക്കാളി സംരക്ഷണ സമര സമിതി യോഗം ആശങ്കരേഖപ്പെടുത്തി.
പരമ്പരാഗത രീതിയില്‍ പൊക്കാളി നെല്ല് ഫലപ്രദമായ രീതിയില്‍ കൃഷി ചെയ്യണമെങ്കില്‍ പൊക്കാളി പാടങ്ങളിലെ മത്സ്യക്കൃഷി അവസാനിപ്പിച്ച് ഏപ്രില്‍ 15-നകം ഓരുജലം പൂര്‍ണ്ണമായും വറ്റിക്കേണ്ടതാണ്. ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന കാലവര്‍ഷത്തില്‍ ലഭിക്കുന്ന ശുദ്ധ ജലത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ പൊക്കാളി നെല്ല് ആരോഗ്യകരമായ രീതിയില്‍ വിളവ് നല്‍കുകയുള്ളൂ. ഇക്കാര്യങ്ങള്‍ കഴിഞ്ഞ വര്‍ഷം കളക്ട്രേറ്റില്‍ കൂടിയ പൊക്കാളി നിലവികസന ഏജന്‍സിയുടെ യോഗത്തില്‍ പൊക്കാളി സംരക്ഷണ സമരസമിതി രേഖാമൂലം അറിയിച്ചതാണ്.
എന്നാല്‍, പൊക്കാളി പാടങ്ങള്‍ നെല്‍ക്കൃഷിക്കുവേണ്ടി ഒരുക്കുന്നതിനായി ഏപ്രില്‍ 15 മുതല്‍ ഒരുവെള്ളം വറ്റിച്ചു തുടങ്ങിയാല്‍ മതി എന്നാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഫീഷറീസ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ഡോ. പി. മധുസൂദനക്കുറുപ്പ് ചെയര്‍മാനായിട്ടുള്ള വിദഗ്ധ സമിതിയും പൊക്കാളി നെല്‍പ്പാടങ്ങള്‍ പൈതൃക സ്വത്തായി സംരക്ഷിക്കണമെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിലും പരമ്പരാഗതമായി നിലനിന്നു പോരുന്ന നെല്‍ക്കൃഷിയുടെ സമയക്രമത്തില്‍ യാതൊരു മാറ്റവും അടിച്ചേല്‍പ്പിക്കരുതെന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. യാതൊരു രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ഓരിന്റെ അംശത്തെ പ്രതിരോധിച്ചുകൊണ്ട് ഉത്പാദനം നടത്താന്‍ ശേഷിയുള്ള പൊക്കാളി നെല്ലിനങ്ങള്‍ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. നെല്ലിനമെന്ന നിലയില്‍ കൃഷി മന്ത്രി അടിയന്തിരമായി ഇടപെട്ട് പരമ്പരാഗതമായി നിലനിന്ന സമയക്രമം പുന:സ്ഥാപിക്കണം. അല്ലാത്ത പക്ഷം കൊച്ചി താലൂക്കിലെ ചെല്ലാനം, കുമ്പളങ്ങി, നായരമ്പലം, ഞാറക്കല്‍ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ഏക്കറുകളിലെ പൊക്കാളിക്കൃഷി പരാജയപ്പെടുമെന്ന് യോഗം ആശങ്ക രേഖപ്പെടുത്തി. ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. എം.ജി. ശ്രീകുമാര്‍ കമ്മത്ത്, അഡ്വ. നിക്സണ് എ.ജെ, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, വര്‍ഗീസുകുട്ടി മുണ്ടുപറമ്പില്‍, കെ.വി. ഹരിഹരന്, പുഷ്പന് കണ്ണിപ്പുറത്ത്, റോജി ആറാട്ടുകുളങ്ങര, സേവ്യര്‍ തറയില്‍, ഇ.ഡി. റാഫി, ഷൈന്‍ പരമാളത്ത്, രാജു കെ.കെ, സേവി ഓലിപ്പറമ്പില്‍, ബാബു ചെല്ലാനം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: