ഇസ്ലാമബാദ്: മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരവാദികള്‍ ബോട്ട് വിറ്റ കുറ്റത്തിന് ആറ് പൗരന്മാര്ക്ക് പാക്കിസ്ഥാന് കോടതി സമന്‍സയച്ചു.
കേസില്‍ വിചാരണ നടത്തുന്ന പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് കേസിലുള്‍പ്പെട്ടിരിക്കുന്ന ഏഴുപേര്‍ക്കും ഹാജരാകാന്‍ സമന്‍സ് അയച്ചത്.
ഹംസ ബിന്‍ താരീഖ്, മുഹമ്മദ് അലി, മുഹമ്മദ് സെയ്ഫുള്ള, ഉമര്‍ ദ്രാസ്, സാഖ്വിബ് ഇക്ബാല്‍, ആതിഖ് അഹമ്മദ് എന്നിവര്‍ക്കെതിരെ ജഡ്ജി ചൗധരി ഹബീബ് ഉള് റഹ്മാനാണാണ് സമന്‍സ് പുറപ്പെടുവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. സുരക്ഷാകാരണങ്ങളാല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിനുള്ളിലെ അടച്ചിട്ട മുറിക്കുള്ളിലാണ് വിചാരണ നടക്കുന്നത്. പ്രതികള്‍ ബോട്ട്, എന്ജിന്, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഈ സ്വകാര്യസാക്ഷികളില് നിന്നും വാങ്ങിയതായി മുഖ്യ പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി വിചാരണയ്ക്കുശേഷം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. പാക് ജുഡീഷ്യല്‍ കമ്മീഷനെ മുംബൈയിലെ നാല് സാക്ഷികളുടെ മൊഴിയും മറ്റ് രേഖകളും പരിശോധിക്കാന്‍ അനുവദിക്കണമെന്ന പാക്കിസ്ഥാന്റെ അപേക്ഷയോട് ഇതുവരെ ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിചാരണ തുടരണമെന്ന് പ്രോസിക്യൂഷന് ഇന്നലെ ജഡ്ജിയോട് ആവശ്യപ്പെട്ടതായും സുള്‍ഫിക്കര്‍ അലിയെ ഉദ്ധരിച്ച് ഏജന്‍സികള്‍ പറയുന്നു.
കേസില്‍ വളരെയധികം താമസം ഇപ്പോള്‍ തന്നെ നേരിട്ടിട്ടുണ്ട്. അതിനാല്‍ വിചാരണ തുടരുകയാണ് വേണ്ടത്. വിചാരണയ്ക്കിടെ അലി ജഡ്ജിയോട് അഭ്യര്‍ഥിച്ചു.
എല്ലാ ദിവസവും വിചാരണ വേണമെന്നും പ്രോസിക്യൂട്ടര്‍ ജഡ്ജിയോട് അപേക്ഷിച്ചുവത്രെ. ജഡ്ജി കേസ് ഏപ്രില്‍ ആറിലേക്ക് മാറ്റിവച്ചതായി മാധ്യമപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. പാക് ജുഡീഷ്യല്‍ കമ്മീഷന്റെ ഇന്ത്യാ സന്ദര്‍ശനം ഇപ്പോള്‍ത്തന്നെ നിരവധി ആഴ്ചകള്‍ വൈകിയിട്ടുണ്ട്. കമ്മീഷന് അംഗങ്ങള്‍ക്ക് സാക്ഷികളെ എതിര്‍വിസ്താരം ചെയ്യാനവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്ലാമബാദ് ഇപ്പോഴും.
നാല് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനായി കമ്മീഷന് രണ്ടാമതും മുംബൈ സന്ദര്‍ശിക്കേണ്ടതുണ്ട്. കാരണം ആദ്യ സന്ദര്‍ശനത്തിന് ശേഷം കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭീകരവിരുദ്ധ കോടതി തള്ളിയിരുന്നു. കമ്മീഷനംഗങ്ങള്‍ക്ക് എതിര്‍വിസ്താരം നടത്താന്‍ അനുമതിയില്ലെന്നു കാണിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്.
ലഷ്കര്‍ ഇ തോയിബ കമാന്റര്‍ സാക്കിര്‍ റഹ്മാന് ലഖ്വി അടക്കമുള്ള ഏഴുപ്രതികളുടെ വിചാരണ തുടര്‍ച്ചയായി മാറ്റി വയ്ക്കുന്നതും നിരവധി സാങ്കേതിക തടസ്സങ്ങളാലും വളരെ സാവധാനം പുരോഗമിക്കുകയാണ്.
2008 നവംബറില്‍ നടന്ന ആക്രമണത്തിന്റെ ഗൂഢാലോചന, ധനസഹായം കൂടാതെ 166 പേരെ ആക്രമിച്ച് കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: