ഒരിക്കല്‍ ഇംഗ്ലണ്ടില്‍വച്ച് ഒരു സ്നേഹിതന് എന്നോട് ചോദിച്ചു. ‘ഒരു ഗുരുവിന്റെ സത്ത്വമഹിമയിലേക്ക് നോക്കുന്നതെന്തിന്? അദ്ദേഹം പറയുന്നതിനെവച്ച് വിധിക്കയും അത് കൈക്കൊള്ളുകയും മാത്രം മതിയല്ലോ.’ അങ്ങനെയല്ല, ഒരു മനുഷ്യന് എന്നെ ശക്തിതന്ത്രമോ രസതന്ത്രമോ മറ്റു വല്ല ഭൗതികശാസ്ത്രമോ പഠിപ്പിക്കണമെങ്കില്‍ അയാള്‍ എന്തു സ്വഭാവക്കാരനുമാവാം; അയാള്‍ക്കപ്പോഴും ശക്തിതന്ത്രമോ മറ്റുവല്ല ശാസ്ത്രമോ പഠിപ്പിക്കാം. കാരണം, ഭൗതികശാസ്ത്രങ്ങള്‍ക്ക് വേണ്ട ജ്ഞാനം കേവലം ബുദ്ധിപരമാണ്, ബുദ്ധിപരമായ ബലത്തെയാണ് അവലംബിക്കുന്നതും. അത്തരമൊരു കാര്യത്തില്‍ അതിഭീമമായ ബുദ്ധിപ്രഭാവം ഒരുവനുണ്ടാവാം. ആത്മവികാസം അത്യല്പവുമില്ലാതെ. എന്നാല്‍ ആത്മശാസ്ത്രങ്ങളില് പവിത്രമായ ആത്മാവിന് ആദ്ധ്യാത്മപ്രകാരം വല്ലതും ഉണ്ടാവുക എന്നത് ആദ്യവസാനം അസംഭവ്യമാണ്. എന്തുപദേശിക്കാനാണ് അത്തരം ആത്മാവിന് കഴിയുക? അതിനൊന്നും അറിവില്ല. ആദ്ധ്യാത്മ സത്യം പവിത്രമാണ്.
“പവിത്രഹൃദയര് ധന്യരത്രേ. എന്തെന്നാല്‍ അവര്‍ ഈശ്വരനെ കാണും.’ ആ ഒറ്റവാക്യത്തിലുണ്ട് സര്‍വമതസാരവും. അതുനിങ്ങള് പഠിപ്പിച്ചിട്ടുണ്ടെങ്കില്‍, പണ്ട് പറഞ്ഞിട്ടുള്ളതൊക്കെയും മേലില്‍ പറഞ്ഞേക്കാവുന്നതൊക്കെയും നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞു. വെറൊന്നിലും നിങ്ങള്‍ നോക്കേണ്ട,കാരണം, ആ ഒരു വാക്യത്തിലുണ്ട് നിങ്ങള്‍ക്ക് വേണ്ടതെല്ലാം. മറ്റ് വിശുദ്ധഗ്രന്ഥങ്ങളെല്ലാം നഷ്ടമായാലും അതിന് ലോകത്തെ രക്ഷിക്കാനാവും. ആത്മാവ് പവിത്രമാകുംവരെ ഈശ്വരന്റെ ഒരു ദര്‍ശനം,പരത്തിന്റെ ഒരവലോകനം,ഒരു കാലവും വരുന്നതല്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: