വല്ലഭനായകസ്യ…., സരസിജനാഭ….., ബ്രോചേവാ…., തെലിസി രാമ…….., പാമരജന….., പാലയാ….. ഹിമാദ്രിസുതേ………, ഗോപാലക പാഹിമാ….., ആനന്ദാനുഭൂതികളുടെ വിസ്മയം തീര്‍ത്തുകൊണ്ട് സ്വരരാഗ ഗംഗാ പ്രവാഹമാകുകയാണ് ശ്രീദത്ത് കലാനികേതന്. എറണാകുളം ജില്ലയിലെ എളമക്കരയില്‍ മൃദംഗവിദ്വാനായിരുന്ന നന്ദികേശ്വരറാവു 1994 ല്‍ സ്ഥാപിച്ച ഈ കലാകേന്ദ്രമാണ് സംഗീത പ്രതിഭകള്‍ക്ക് സോപാനമായി മാറിക്കൊണ്ടിരിക്കുന്നത്. കലയുടെ വിവിധ രംഗങ്ങളിലായി ഇതിനകം ഒട്ടേറെപേര്‍ക്ക് മാര്‍ഗദര്‍ശിയാകാന്‍ കഴിഞ്ഞുവെന്നതും കഴിയുന്നുവെന്നതുമാണ് ശ്രീദത്തിനെ ശ്രദ്ധേയമാക്കുന്നത്.
സംഗീത പഠനത്തിലും അവതരണത്തിലും സമര്‍പണ മനസ്സുമായി അര്‍പ്പിത, അര്‍ച്ചന, സംഗീത, ദീപ്തി, അഞ്ജലി, അഞ്ജലി എസ്.ഭട്ട്, അനിതാ പ്രകാശ്, സുനിതാ പ്രകാശ്, ഉദയകുമാര്‍, അര്ജുന് എസ്.കുമാര്‍ എന്നിവരാണ് ശ്രീദത്തില്നിന്ന് സാധകം ചെയ്തുകൊണ്ട് സംഗീതസപര്യയെ സാര്‍ഥകമാകുന്നത്. നാടാകെ വിവിധവേദികളിലായി ബേഗഡ, നാഗഗാന്ധാരി, ശ്രീരഞ്ജിനി, പൂര്‍ണചന്ദ്രിക, ബഹുധാരി, സിംഹേന്ദ്രമധ്യമം, ഷണ്മുഖപ്രിയ, കല്യാണി, രേവഗുപ്തി രാഗങ്ങളിലായി കീര്‍ത്തനങ്ങള്‍ പുഷ്പം കണക്കെ വിരിയുമ്പോള്‍ ആസ്വാദനത്തിന്റെ സുഗന്ധം അന്തരീക്ഷത്തെ സമൃദ്ധമാക്കുന്നു. ഈ സംഗീതവര്ഷത്തില് കുളിരണിഞ്ഞുകൊണ്ട് തിങ്ങിനിറഞ്ഞ സദസ്സ് എല്ലാം മറന്ന് സംഗീതപ്രതിഭകള്‍ക്ക് പ്രോത്സാഹനത്തിന്റെ അകമ്പടിയായി മാറുന്നു. ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വരരാഗ ‘സംഘ’ പ്രവാഹമാകുകയാണ്.
വൈറ്റില സ്വദേശിനിയായ ഝാന്‍സി രമേശാണ് ചിട്ടയും ചട്ടവും വിധിപ്രകാരം പാലിച്ചുകൊണ്ട് ശിഷ്യര്‍ക്ക് ഗുരുനാഥയാകുന്നത്. ഗാനപ്രവീണ യോഗ്യതയുടെ പിന്‍ബലത്തില്‍ സംഗീതരംഗത്ത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സജീവസാന്നിധ്യമായ ഝാന്‍സി സര്‍വോപരി എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നത് സംഗീതാധ്യാപികയായിരുന്ന രംഗമണിയോടാണ്. അവരുടെ കടുത്ത നിര്‍ബന്ധം മൂലമാണ് ഝാന്‍സി സംഗീതം പഠിക്കുന്നതിനായി ഒരുങ്ങിയത്. രംഗമണിയാണ് എന്നും ഝാന്‍സിയുടെ റാണി. പാട്ട് പഠിക്കുവാന്‍ വിടരുതെന്നുള്ള വിലക്കുകളെ ലംഘിച്ചുകൊണ്ട് എവിടെയെല്ലാം പാട്ടുകളുണ്ടോ അവിടെയെല്ലാം കൊണ്ടുപോയി സംഗീതത്തിന്റെ മാസ്മരികത തിരിച്ചറിയുവാന്‍ ഝാന്‍സിയില്‍ പ്രചോദനമേകിയതില്‍ അച്ഛന് ദാസനും, അമ്മ സുമതിക്കും വലിയ പങ്കുണ്ടെന്നും മകള്‍ പറയുന്നു.
സംഗീതത്തിന് പുറമെ നൃത്തവും തബലയും മൃദംഗവും ശ്രീദത്തില്‍ പഠിപ്പിക്കുന്നുണ്ട്. സൗമ്യാസതീഷാണ് നൃത്തം പഠിപ്പിക്കുന്നത്. തബല വാദനത്തില്‍ ദീര്‍ഘകാലത്തെ അനുഭവ പരിചയമുള്ള പി.വി.മോഹനനും മൃദംഗത്തില്‍ എളമക്കര ബാലചന്ദ്രനും എല്ലാറ്റിനും ചുക്കാന്‍ പിടിച്ചുകൊണ്ട് ദിനകരനും ഒന്നിക്കുന്നതോടെ ശ്രീദത്ത് സജീവമാകുന്നു. കലയുടെ നിവേദ്യവുമായി ശ്രീദത്താത്രേയ സന്നിധിയെ സമ്പുഷ്ടമാക്കുന്നു. ഒപ്പം സംഗീതപ്രേമികളെ ആഹ്ലാദഭരിതരുമാക്കുന്നു.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: