ന്യൂദല്‍ഹി: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒമ്പത് ശതമാനത്തില്‍ അധികം വളര്‍ച്ചാ നിരക്ക് തീര്‍ച്ചയായും കൈവരിക്കേണ്ടതുണ്ടെന്ന് ആസുത്രണ കമ്മീഷന് ചെയര്മാന് മോണ്ടേക് സിംഗ് ആലുവാലിയ അഭിപ്രായപ്പെട്ടു. എട്ട് ശതമാനം വളര്‍ച്ചാ നിരക്കാണ് ഇക്കാലയളവില്‍ ലക്ഷ്യമിട്ടിരിക്കുന്നത്.12-ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരുന്നു.
അടുത്ത ഏതാനും ആഴ്ചയ്ക്കുള്ളില്‍ നിക്ഷേപക മന്ത്രിസഭാ സമിതി നിരവധി പദ്ധതികള്‍ക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സതേണ്‍ ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വര്‍ഷം 6.5 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 2014-15 ല്‍ ഇത് ഏഴ് ശതമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തിനുള്ളില്‍ അഞ്ച് ശതമാനത്തില്‍ നിന്നും ഒമ്പത് ശതമാനം വളര്‍ച്ച കൈവരിക്കുകയെന്നത് ത്വരിതഗതിയിലുള്ള വളര്‍ച്ചയാണെന്നും ആലുവാലിയ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം ആഗോള തലത്തില്‍ തന്നെ മാന്ദ്യം തുടരുകയാണെന്നും ഇത് ഇന്ത്യയുടെ വളര്‍ച്ചയെ താത്കാലികമായിട്ടെങ്കിലും ബാധിച്ചിട്ടുണ്ടെന്നും ആലുവാലിയ ചൂണ്ടിക്കാട്ടി.
വൈദ്യുതി ക്ഷാമമാണ് രാജ്യം നേരിടുന്ന ഗുരുതര പ്രശ്നം. ഇക്കാരണത്താല്‍ നിരവധി പദ്ധതികള്‍ക്ക് അനുമതി ലഭിക്കാതെ വരുന്നു. ഇക്കാര്യങ്ങളെല്ലാം പഞ്ചവത്സര പദ്ധതിയിലുടനീളം പരിഗണിക്കേണ്ടതുണ്ട്. ഇറക്കുമതി ചെയ്യുന്നതും രാജ്യത്ത് ഉത്പാദിപ്പിക്കുന്നതുമായ ഗ്യാസിന്റെ വിലയിലുള്ള വ്യത്യാസം വളരെ ഉയര്‍ന്നതാണെന്നും ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്നും ആലുവാലിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: