ഇടുക്കി : രാജാക്കാട് ബസ്സ് അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയും ആണെന്ന് മോട്ടോര്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരം വിക്രം സാരാഭായ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ്സ് രാജാക്കാടിന് സമീപം തേക്കിന്‍കാനത്ത് വച്ച് 100 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ 8 പേര് മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കുത്തനെയുള്ള ഇറക്കവും കൊടുംവളവും ഉള്ള റോഡില്‍ തേര്‍ഡ് ഗിയറിലാണ് ബസ്സ് ഇറക്കം ഇറങ്ങിയത്. ഫസ്റ്റ് ഗിയറിലായിരുന്നു ഇറക്കം ഇറങ്ങേണ്ടിയിരുന്നത്. ബസ്സ് മറിഞ്ഞ ഉടനെ ഡീസല്‍ ടാങ്ക് പൊട്ടി ഒഴുകിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അപകടത്തില്‍പ്പെട്ട ഹാപ്പി ഡെയ്സ് എന്ന പേരുള്ള ബസ്സ് ഇടുക്കി ആര്.ടി.ഒ. യുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. ബസ്സ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയായിരുന്നു പരിശോധന. ബസ്സിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്ന് ആര്.ടി.ഒ. അറിയിച്ചു. സുരക്ഷിതമായ ടാങ്ക് ഗാര്‍ഡും ഡീസല്‍ ടാങ്കിന് ചുറ്റും ഘടിപ്പിച്ചിരുന്നു. സ്പീഡ് ഗവര്‍ണ്ണര്‍ ഉള്‍പ്പെടെ ബസ്സിന്റെ സാങ്കേതിക സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമവും കൃത്യവുമായിരുന്നു. ബ്രേക്കിന് എന്തെങ്കിലും തകരാര്‍ ഉണ്ടായിരുന്നതായി പരിശോധനയില്‍ കണ്ടെത്താനായില്ല. അപകടത്തില്‍പ്പെട്ട ബസ്സ് ഓടിച്ചിരുന്നത് തിരുവനന്തപുരം സ്വദേശി ഷെഫീക്ക് ആണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഡ്രൈവറുടേയും സഹായിയുടേയും ചിത്രങ്ങള്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ കാണിച്ചാണ് സ്ഥിരീകരണം നടത്തിയത്. ഷെഫീക്കിന്റെ പേരില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് അടിമാലി പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: